തിരുവനന്തപുരം : വിവിധ സ്ഥാപനങ്ങളുടെ വായ്പകൾക്കു നൽകുന്ന ഗാരന്റിയുടെ ഒരു ശതമാനം തുക നിശ്ചിത ഫണ്ടിലേക്കു മാറ്റിവച്ചില്ലെങ്കിൽ അതു സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം. കിഫ്ബിയുടെയും മറ്റും കടമെടുപ്പിനും കേന്ദ്ര ബ്രാൻഡിങ്ങിനും അടക്കം നിബന്ധന വച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന് വലിയ ബാധ്യതയാകാവുന്ന ഗാരന്റി റിഡംഷൻ ഫണ്ട് എന്ന പുതിയ നീക്കവുമായി കേന്ദ്രം എത്തുന്നത്. സർക്കാർ ഗാരന്റിയുടെ പുറത്താണു സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ സ്ഥാപനങ്ങൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ നൽകണമെന്നതാണു ഗാരന്റി.
ഇതിനു സർക്കാർ ഗാരന്റി കമ്മിഷനും കൈപ്പറ്റുന്നുണ്ട്. ഏതെങ്കിലും കാരണത്താൽ ഇൗ സ്ഥാപനങ്ങൾ പണം തിരിച്ചടച്ചില്ലെങ്കിൽ വായ്പ സർക്കാർ ഏറ്റെടുക്കുന്നതിനായി ഫണ്ട് രൂപീകരിക്കണമെന്നാണു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ അറിയിച്ചത്. ഓരോ വർഷവും നിശ്ചിത തുക ഇൗ ഫണ്ടിലേക്കു മാറ്റിവയ്ക്കണം. ഫണ്ട് രൂപീകരിച്ചില്ലെങ്കിൽ തുല്യമായ തുക സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽനിന്ന് കുറയ്ക്കും.കേന്ദ്രനിർദേശം നടപ്പാക്കണമെങ്കിൽ ഇൗ വർഷം 600 കോടിയോളം രൂപ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതിൽ എന്തു നടപടി സ്വീകരിക്കണമെന്നു സർക്കാർ തീരുമാനിച്ചിട്ടില്ല. കിഫ്ബിയും പെൻഷൻ കമ്പനിയും വായ്പയെടുത്തതിന്റെ പേരിലും സർക്കാരിന്റെ പബ്ലിക് അക്കൗണ്ടിൽ വന്ന നിക്ഷേപങ്ങളുടെ പേരിലും ആകെ 15,000 കോടിയോളം രൂപ കടമെടുപ്പിൽ കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് പുതിയ കുരുക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.