പൊലീസിനെ വെട്ടിച്ച് 9 ദിവസം വിവിധ സംസ്ഥാനങ്ങളിലായി ചുറ്റിയ രാസലഹരി കേസ് പ്രതി ആൽവിനെ പിടികൂടിയത് സി പി ഒ മാരായ പി.ഹരീഷ് കുമാറും, വി ബി ദീപക്കും.

തൃശൂരിൽ പൊലീസിനെ വെട്ടിച്ച് 9 ദിവസം വിവിധ സംസ്ഥാനങ്ങളിലായി ചുറ്റിയ രാസലഹരി കേസ് പ്രതി ആൽവിനെ പിടികൂടിയത് തൃശൂർ എസിപി സലീഷ് എൻ. ശങ്കരന്റെ സ്ക്വാഡിലെ മിടുമിടുക്കരായ രണ്ട് സിപിഒ ഉദ്യോഗസ്ഥരാണ്, പി.ഹരീഷ് കുമാറും വി.ബി.ദീപക്കും. ജീവിതത്തിൽ ഇന്നുവരെ ഒരു ജോലിയും ചെയ്യാതെ ആൽവിൻ ലഹരി വിറ്റ് മാസവും സമ്പാദിച്ചത് ലക്ഷങ്ങളായിരുന്നു. 17,000 രൂപയുടെ ഷൂസും 14 ലക്ഷത്തിന്റെ കാറും വാങ്ങി ആഡംബര ജീവിതം നയിച്ച പ്രതിയുടെ കഥ മലയാളി അത്ഭുതത്തോടെയാണു കേട്ടത്.

നാട്ടിൽ പാവപ്പെട്ടവരെന്നു പ്രദേശവാസികളെ പറഞ്ഞു വിശ്വസിപ്പിച്ച ആൽവിനും കുടുംബത്തിനും വീട് വച്ചു നൽകിയത് സന്നദ്ധ സംഘടന ആയിരുന്നു. രാജ്യാന്തര ലഹരി റാക്കറ്റുമായാണ് ആൽവിന്റെ ബന്ധം.തൃശൂരിൽനിന്നു പിടികൂടിയ ആൽവിനെ തെളിവെടുപ്പിനായി ബെംഗളൂരുവിലേക്കു കൊണ്ടുപോയപ്പോൾ മയങ്ങിക്കിടന്ന പൊലീസുകാരെ വെട്ടിച്ചു കടന്നത് എങ്ങനെ ? ആൽവിനെ പിടികൂടാൻ പൊലീസ് ഒരുക്കിയ തന്ത്രങ്ങൾ എന്തെല്ലാം ? ഒടുവിൽ സംസ്ഥാനത്തെ ലഹരിക്കടത്ത് റാക്കറ്റിലെ പ്രധാനിയായ പ്രതിയെ പിടിക്കൂടിയത് എങ്ങനെ ?അർധരാത്രിയിലെ ഫോൺകോൾ മാർച്ച് 6ന് അർധരാത്രി. തൃശൂർ നെടുപുഴ പൊലീസ് സ്റ്റേഷനിലെ ലാൻഡ് ലൈനിലേക്ക് ഒരു ഫോൺ കോൾ വരുന്നു. നെടുപുഴ പള്ളിക്കു സമീപമുള്ള ഒരു വീട്ടിൽ‌ കുറച്ചു പിള്ളേർ കൂട്ടം കൂടി എന്തോ പരിപാടിയിൽ ഏർപ്പെടുകയാണ്. എന്താണെന്ന് അറിയില്ലാ എന്നൊക്കെ ആയിരുന്നു ഫോൺ വിളിച്ച പ്രദേശവാസി പറഞ്ഞത്.
സഹോദരന്മാരായ അലനും അരുണും വാടകയ്‌ക്കെടുത്ത വീടാണിത്. നെടുപുഴ എസ്ഐയും സംഘവും സ്ഥലത്തേക്ക് പാഞ്ഞെത്തി. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ചെറുപ്പക്കാരുടെ സംഘം കാണുന്നത് പൊലീസുകാരെ. പൊലീസിനെ വെട്ടിച്ച് ഓടാനായിരുന്നു നീക്കം. ഇതിനിടെ പൊലീസുകാരെ തള്ളിയിട്ട് 2 പേർ രക്ഷപ്പെട്ടു. ആൽവിനും അബിനുമാണ് ഓടി രക്ഷപ്പെട്ടത്. ട്രൗസർ മാത്രമായിരുന്നു ഇവരുടെ വേഷം. ആഞ്ജനേയർ‌, അലൻ, അരുൺ എന്നീ 3 പേരെ പൊലീസ് പിടികൂടി. കഞ്ചാവ്, എംഡിഎംഎ, ഡിജിറ്റൽ ത്രാസുകൾ എന്നിവയും വീട്ടിൽ നിന്ന് കിട്ടി. സ്ക്വാഡിനെ ഇറക്കി എസിപി രണ്ട് പേർ രക്ഷപ്പെട്ടിട്ടുണ്ടെന്നും ഇവരെ എത്രയുംപെട്ടെന്നു പിടികൂടണമെന്നും ആവശ്യപ്പെട്ട് തൃശൂർ എസിപി സലീഷ് എൻ. ശങ്കരൻ തന്റെ സ്ക്വാഡിലെ സിപിഒമാരായ ദീപക്കിനെയും ഹരീഷിനെയും വിളിക്കുന്നു.
പാതിരാത്രി തന്നെ പരിസരം അരിച്ചുപെറുക്കി സ്ക്വാഡ് പണി തുടങ്ങി. പിന്നാലെ പിടികൂടിയ 3 പേരെ ആദ്യം ചോദ്യം ചെയ്തു. ലഹരിമരുന്ന് കൊണ്ടുവന്നത് ആൽവിൻ ആണെന്നായിരുന്നു മൊഴി. സംഭവദിവസം രാവിലെയാണ് ആൽവിൻ ബെംഗളൂരുവിൽനിന്നു എത്തിയതെന്നും ഇവർ പറഞ്ഞു.ആൽവിന്റെയും അബിന്റെയും മൊബൈൽ ഫോൺ നമ്പറാണ് സിപിഒമാർക്കു ലഭിക്കുന്നത്. നമ്പർ സൈബർ പൊലീസിനു കൈമാറിയതിനു പിന്നാലെ രണ്ട് പേർക്കും ഐഎംഇഐ വിവരങ്ങൾ ലഭിച്ചു. മൊബൈലിലെ സിം കാർഡ് മാറ്റി പുതിയ സിം കാർഡ് ആൽവിൻ തന്റെ മൊബൈലിൽ ഇട്ടതായാണ് പിന്നീട് കണ്ടെത്തുന്നത്. ട്രെയ്സ് ചെയ്ത് ബെംഗളൂരു, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ആൽവിനും അബിനും കറങ്ങിനടക്കുന്നതായി മനസിലാക്കി.സംഭവം തണുത്തെന്ന് മനസിലായപ്പോൾ കേരളത്തിലേക്കു മടങ്ങാൻ ആൽവിനും അബിനും തീരുമാനിച്ചു. ഡൽഹിയിൽനിന്ന് ട്രെയിൻ കയറിയ ഇവരെ കാത്ത് തൃശൂർ റെയിൽവേ സ്റ്റേഷനിൽ‌ പൊലീസ് ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ദീപക്കും ഹരീഷും ഇരുവരെയും പിടികൂടി നെടുപുഴ സ്റ്റേഷനിൽ ഏൽപ്പിച്ചു.തെളിവെടുപ്പിന് കൊണ്ട്പോയി രക്ഷപ്പെട്ടു... ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കു ലഹരി എത്തിക്കുന്ന റാക്കറ്റിലെ പ്രധാന ഇടനിലക്കാരനാണ് ആൽവിൻ എന്ന് പൊലീസ് മനസിലാക്കുന്നു. ആൽവിന്റെ രാജ്യാന്തര ലഹരി ബന്ധം ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. വിദേശികളിൽനിന്നാണ് ആൽവിൻ കേരളത്തിലേക്കു ലഹരി എത്തിച്ചിരുന്നത്. എംഡിഎംഎയും കഞ്ചാവും ചെറിയ പാക്കറ്റുകളിൽ‌ ആക്കാൻ വേണ്ടിയാണ് നെടുപുഴ പള്ളിക്കു സമീപം ഇവർ വീട് വാടകയ്ക്ക് എടുത്തത്. ഇതോടെ ആൽവിനെ തെളിവെടുപ്പിനായി ബെംഗളൂരുവിലേക്കു കൊണ്ടുപോകാൻ നെടുപുഴ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു.കർണാടക–തമിഴ്നാട് അതിർത്തിയായ ഹൊസൂരിലെ ഒരു ഹോട്ടലിലാണ് പൊലീസ് ഉദ്യോഗസ്ഥരും ആൽവിനും രാത്രി താമസിച്ചത്. വിലങ്ങിന്റെ ഒരു ഭാഗം കാലിലും മറ്റൊരു ഭാഗം കട്ടിലിലും ഇട്ടാണ് പൊലീസ് ആൽവിനെ കിടത്തിയത്.
പൊലീസുകാർ ഉറങ്ങാൻ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആൽവിൻ. ഇതിനായി ഉറക്കം നടിച്ചു. പൊലീസുകാർ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ശബ്ദം ഉണ്ടാക്കാതെ കട്ടിൽ മെല്ലെ ഉയർത്തി വിലങ്ങ് ഊരി. പൊലീസുകാരുടെ ഫോൺ മോഷ്ടിക്കാനും ആൽവിൻ മറന്നില്ല. ശബ്ദമുണ്ടാക്കാതെ വാതിൽ‌ തുറന്ന് നേരെ പോയത് ബാൽക്കണിയിലേക്ക്. മൂന്നാം നിലയിൽനിന്നു താഴേക്കുള്ള പൈപ്പ് വഴി നിരങ്ങിനിരങ്ങി താഴോട്ട് ഇറങ്ങി.ഞെട്ടി ഉണർന്ന പൊലീസുകാർക്കു മുറിയിൽ ആൽവിൻ ഇല്ലെന്നു മനസിലായി, ഫോണുകളും. ബാൽക്കണിയിൽനിന്ന് നോക്കുമ്പോൾ താഴേക്ക് ഇറങ്ങുന്ന ആൽവിനെയാണ് ഉദ്യോഗസ്ഥർ കാണുന്നത്. താഴെ ഇറങ്ങിയപ്പോഴേക്കും ഒരു കാലിൽ വിലങ്ങുമായി ആൽവിൻ രക്ഷപ്പെട്ടിരുന്നു. റോഡിലൂടെ പോയ ലോറിക്കും കാറിനുമെല്ലാം ആൽവിൻ കൈ കാണിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാൻ സമീപത്തെ കോളനിയിൽ ഒന്നരമണിക്കൂർ ഒളിച്ചിരുന്നു. ശേഷം ഇതുവഴിയെത്തിയ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് 40 കിലോമീറ്റർ അകലെയുള്ള കെആർ പുരത്തെത്തി.
അപകടത്തിൽപ്പെട്ടതാണെന്നും വീട്ടിൽ എത്താൻ സഹായിക്കണം എന്നുമായിരുന്നു ആൽവിൻ ബൈക്ക് യാത്രികനോട് പറഞ്ഞത്. ഇതിനിടെ പൊലീസുകാരുടെ ഫോൺ പൊന്തക്കാട്ടിലേക്ക് എറിയാനും ആൽവിൻ മറന്നില്ല.ആൽവിനെ പിടിക്കാനുള്ള ദൗത്യം വീണ്ടും ദീപക്കിനും ഹരീഷിനും ലഭിക്കുന്നു. ആൽവിന് ബെംഗളൂരുവിൽ ഏറ്റവും ബന്ധമുള്ള ആളെ കണ്ടുപിടിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി ആശ്രയിച്ചത് ഫോൺ കോൾ രേഖകളാണ്. വൈകാതെ ആൽവിന്റെ സുഹൃത്തിനെ സിപിഒമാർ വലയിലാക്കി. പിന്നെ സുഹൃത്തിനെ തേടി ആൽവിന്റെ ഫോൺകോൾ വരുന്നതിനായുള്ള കാത്തിരിപ്പ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ആൽവിൻ വിളിച്ചില്ല. പക്ഷെ പിടിവള്ളിയായി മറ്റൊരു ഫോൺ കോളെത്തി, ആൽവിന്റെ കാമുകി.തന്നെ ആൽവിൻ വിളിച്ചിട്ടുണ്ടായിരുന്നു എന്നും തന്റെ ശബ്ദം കേൾക്കാനാണെന്നു പറഞ്ഞാണ് വിളിച്ചത് എന്നുമായിരുന്നു കാമുകി സുഹൃത്തിനോട് പറഞ്ഞത്.
ആൽവിനെപ്പറ്റി വിവരം എന്തെങ്കിലും ഉണ്ടോയെന്ന് അറിയാനായിരുന്നു ആ ഫോൺ കോൾ. പൊലീസിന്റെ നിർദേശപ്രകാരം ഏത് നമ്പറിൽ നിന്നാണ് ആൽവിൻ വിളിച്ചതെന്നു സുഹൃത്ത് കാമുകിയോട് ചോദിച്ചു. ബെംഗളൂരു നഗരത്തിലെ ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ഫോൺ നമ്പരായിരുന്നു അതെന്നു തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.ഫോൺ ഉപയോഗിക്കാതെയാണ് ആൽവിന്റെ ഒളിവ് ജീവിതമെന്നു വഴിയേ പൊലീസിനു മനസിലായി. വഴിയിൽ കാണുന്ന കന്നട സ്വദേശികൾ, ഇതരഭാഷക്കാർ, വയോധികർ, വ്യാപാരികൾ എന്നിവരുടെയൊക്കെ ഫോണുകൾ വാങ്ങിയാണ് ആൽവിൻ കാമുകിയുമായും കുടുംബവുമായും ബന്ധം പുലർത്തിയത്. ഫോൺ വിളിച്ച ഉടൻ ആ പ്രദേശത്തുനിന്നു രക്ഷപ്പെടുന്നതായിരുന്നു തന്ത്രം.ആൽവിന്റെ ഫോൺ കോൾ ലഭിച്ച സഹോദരനും രണ്ട് കസിൻ സഹോദരന്മാരും ബെംഗളൂരുവിൽ എത്തി ആൽവിനെ രക്ഷപ്പെടുത്താൻ‌ തീരുമാനിക്കുന്നു.
ഇവ‍ർ കാറിലും ബൈക്കിലുമായി തൃശൂരിൽനിന്ന് ബെംഗളൂരുവിലേക്ക് എത്തുന്നു. ബന്ധുക്കളെത്തിയാണ് കാലിലെ വിലങ്ങ് മുറിച്ചുനൽകിയത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ബന്ധുക്കൾ ആൽവിനെ രക്ഷിച്ച് തൃശൂരിലെത്തിച്ചു. ബന്ധുക്കളുടെ സഹായത്തോടെ നാട്ടികയിലെ ഒരു വീട്ടിൽ ആൽവിൻ ഒളിവ് ജീവിതം ആരംഭിച്ച ശേഷമാണ് പ്രതി ബെംഗളൂരു വിട്ടുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ മനസിലാക്കുന്നത്. ഇതോടെ കേരളത്തിൽ വിവരം അറിയിച്ച് ഹരീഷും ദീപക്കും നാട്ടിലേക്കു തിരിച്ചു.ഹരീഷും ദീപക്കും നാട്ടികയിലെ വീട്ടിൽ എത്തിയപ്പോഴേക്കും ആൽവിൻ അവിടെ നിന്നും കടന്നിരുന്നു. ഇങ്ങനെ പൊലീസ് പോകുന്നിടത്തു നിന്നെല്ലാം അനായാസം തെളിവുകൾ പോലും അവശേഷിപ്പിക്കാതെ ആൽവിൻ വഴുതിമാറി. വീട്ടുകാരുടെയും ബന്ധുക്കളുടെയും ഫോണുകൾ ട്രെയിസ് ചെയ്യാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു. അങ്ങനെ ഇരിക്കെയാണ് കസിൻ സഹോദരനെ തേടി ആൽവിന്റെ ഫോൺ കോൾ എത്തുന്നത്. തിരൂർ ബിപി അങ്ങാടിയിൽ നിന്നായിരുന്നു ആ വിളി. ഒട്ടും വൈകിക്കാതെ ബൈക്കിൽ ഹരീഷും ദീപക്കും തിരൂരിലേക്ക് തിരിച്ചു. ഒരു ബേക്കറി ഉടമയുടെ ഫോണിൽനിന്നാണ് ആൽവിൻ സഹോദരനെ വിളിച്ചത്. അയാളെ സമീപിച്ചു സംസാരിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
ആൽവിൻ‌ ഫോൺ വിളിക്കുന്ന പ്രദേശങ്ങളിലൂടെ ഹരീഷും ദീപക്കും യാത്ര തുടർന്നു. ഒടുവിൽ മലപ്പുറം – കോഴിക്കോട് അതിർത്തിയായ എടവണ്ണപ്പാറയിലെ ഒരു മുറുക്കാൻ കടക്കാരന്റെ ഫോണിൽനിന്ന് ആൽവിൻ സഹോദരനെ വീണ്ടും വിളിച്ചു. രണ്ട് ദിവസം അടുപ്പിച്ച് ഈ നമ്പറിൽനിന്നു വിളി എത്തിയതോടെ പൊലീസ് ഹിന്ദിക്കാരനായ മുറുക്കാൻ കടക്കാരന്റെ അടുത്തേക്കെത്തി. പ്രദേശത്തെ ലോഡ്ജുകളിൽ അടക്കം രാത്രി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. എടവണ്ണപ്പാറയിൽനിന്ന് ആൽവിൻ വീണ്ടും സഹോദരനെ വിളിച്ചു. പക്ഷേ ഈ സമയം പൊലീസിനു വിവരം നൽകാൻ പൊലീസിന്റെ സ്വന്തം ചാരൻ ആൽവിന്റെ അടുത്തുണ്ടായിരുന്നു. ഹരീഷും ദീപക്കും ഒരിക്കൽ ആൽവിനെ പിടികൂടിയതിനാൽ ഇരുവരെയും തിരിച്ചറിയാം എന്നതിനിലാണ് പൊലീസ് ഈ തന്ത്രം മെനഞ്ഞത്.
ഇയാൾ മുറുക്കാൻ കടക്കാരനായ ഹിന്ദിക്കാരൻ ഭായിയുമായി കൂട്ടുകൂടി അവിടെ ഇരുപ്പ് ഉറപ്പിക്കുകയായിരുന്നു. മൊബൈലിൽ പരസ്പരം‌ ലൂഡോ കളിച്ചാണ് മുറുക്കാൻക്കടക്കാരനുമായി ചാരൻ കമ്പനിയാകുന്നത്. പ്രതീക്ഷിച്ചതു പോലെ ആൽവിൻ വീണ്ടും മുറുക്കാൻ കടയിലേക്ക് എത്തി. ഫോൺ കോളിനു ശേഷം പൊന്നാന്നിയിലേക്ക് ആൽവിൻ സഞ്ചരിക്കുകയാണെന്ന ക‍ൃത്യമായ സൂചന ചാരൻ ഹരീഷിനും ദീപക്കിനും കൈമാറി. പിന്നെ അധിക സമയം വേണ്ടി വന്നില്ല. ഇരുവർക്കും മുന്നിലേക് തന്നെ ആൽവിൻ വന്നുചാടി. ദീപക്കിനെയും ഹരീഷിനെയും ആക്രമിക്കാനായിരുന്നു ആൽവിന്റെ ശ്രമം. ചെറിയൊരു ബലപ്രയോഗത്തിനൊടുവിൽ ആൽവിനെ ഇരുവരും കീഴ്പെടുത്തി. നെടുപുഴ പൊലീസിനു വിവരം കൈമാറിയതോടെ പൊലീസ് ജീപ്പ് പൊന്നാന്നിയിലേക്ക്. ബൈക്കിൽ ദീപക്കും ഹരീഷും നാട്ടിലേക്ക്...അപ്പോഴും ഇരുവരുടെയും ചെവിയിൽ‌ മുഴങ്ങിയത് പിടിക്കപ്പെട്ടപ്പോഴുള്ള ആൽവിന്റെ ശബ്ദമാണ് ‘‘നിങ്ങൾ എന്നെ ഒന്നും ചെയ്യില്ലെടാ. എന്നെ വിട്ടോ. ഞാൻ ഇനിയും ലഹരി വിൽക്കും...’’ കഠിനം ഈ യാത്ര, പ്രതിയെ സഹായിച്ചത് അമ്മ.
സൗകര്യം കുറഞ്ഞ ചെറിയ ലോഡ്ജുകളിൽ തങ്ങി ആയിരുന്നു ദീപക്കിന്റെയും ഹരീഷിന്റെയും അന്വേഷണം. കേരളത്തിനകത്തു വിവിധ ജില്ലകളിലെ തിരച്ചിൽ ബൈക്കിലായിരുന്നു. പലപ്പോഴും ആഹാരം കഴിക്കാൻ പോലും പറ്റിയില്ല. 10 ദിവസത്തോളം വീട്ടിൽ കയറാൻ പറ്റിയില്ല. എടവണ്ണപ്പാറയിൽ മണിക്കൂറുകളാണു വെള്ളം പോലും കുടിക്കാതെ മുറുക്കാൻ കടയുടെ 100 മീറ്റർ ചുറ്റളവിൽ ദീപക്കും ഹരീഷും ഇരുന്നത്. ഒളിവ് ജീവിതം നയിച്ചിരുന്ന ആൽവിനു ചെലവിനുള്ള പണം നൽകിയിരുന്നത് സ്വന്തം അമ്മ ആയിരുന്നു. കടകളിൽ ചെന്ന് വ്യാപാരികളെ തെറ്റിധരിപ്പിച്ച് അവരുടെ നമ്പറിലേക്ക് അമ്മയെ കൊണ്ട് ഗൂഗിൾ പേ ചെയ്യിപ്പിച്ചാണ് ആൽവിൻ പണം കണ്ടെത്തിയിരുന്നത്. ലഹരി കടത്തിനും വിൽപനയ്ക്കും അമ്മയുടെ പൂർണ പിന്തുണ്ട ഉണ്ടായിരുന്നതായും വിവരമുണ്ട്. ദീപക്കും ഹരീഷും പറയുന്നു ‘‘ലക്ഷ്യം കാണാൻ ഞങ്ങൾ ഏതറ്റംവരെയും പോകും, എത്ര റിസ്ക്കെടുക്കേണ്ടി വന്നാലും എടുക്കും. പ്രതിയെ ഓടിച്ചു തളർത്തി അവശനാക്കുക...ഉറങ്ങാൻ പോലും അവനു ഭയം വേണം. പിന്നിൽ പൊലീസുണ്ടെന്ന് എപ്പോഴും അവനു തോന്നണം. മാനസികമായി പ്രതിയെ തളർത്തണം. ഒന്നും വേണ്ടായിരുന്നു എന്ന് അവൻ ചിന്തിക്കണം. അതാണ് ഞങ്ങളുടെ വിജയം...’’







🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !