കൊച്ചി ∙ കോലഞ്ചേരിയിൽ ചികിത്സയിൽ കഴിയുന്ന മൂത്ത സഹോദരി അനീറ്റയെ കാണാനാണു മിനിയും മകൾ അനിന്റ മത്തായിയും (14) കെഎസ്ആർടിസി ബസിൽ കയറിയത്. പക്ഷേ ആ യാത്ര അവർക്ക് മുഴുമിപ്പിക്കാനായില്ല. അനിന്റയ്ക്ക് ഇനിയൊരിക്കലും അത് സാധിക്കുകയുമില്ല.
ഇടുക്കി റോഡിൽ നേര്യമംഗലത്തിനു സമീപം മണിയൻപാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു പതിച്ച് ആ പെൺകുട്ടി മരിച്ചു. 20 പേർക്കു പരുക്കേറ്റു. അനിന്റയുടെ പിതാവ് ഇടുക്കി കീരിത്തോട് തെക്കുംമറ്റത്തിൽ ബെന്നി ഏതാനും വർഷം മുമ്പാണ് കാൻസർ ബാധിച്ച് മരിച്ചത്. തീർത്തും നിർധന കുടുംബമാണ് ഇവരുടേത്.കഞ്ഞിക്കുഴി എസ്എൻ ഹൈസ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അനിന്റ.റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും ബസിന്റെ നിയന്ത്രണം വിട്ടതുമൊക്കെ അപകടകാരണമായി പറയുന്നുണ്ട്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. കുമളിയിൽനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്. വളവു തിരിയുന്നതിനിടെ പിൻഭാഗത്തെ ടയർ റോഡരികിലെ ഓടയുടെ തിട്ടയിൽ ഇടിച്ചു. പിന്നാലെ ബസ് നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയിലേക്ക് ഊർന്നിറങ്ങുകയായിരുന്നു.
ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ഡ്രൈവറുടെ പിന്നിലുള്ള സീറ്റിലിരുന്ന പെൺകുട്ടി തെറിച്ചു ബസിനു മുൻപിലേക്കു വീണു. ബസ് അനിന്റയുടെ മുകളിലൂടെ കയറിയാണു നിന്നതെന്നു നാട്ടുകാർ പറഞ്ഞു. പരുക്കേറ്റവരെ നാട്ടുകാർ അതുവഴിയെത്തിയ കെഎസ്ആർടിസി ബസിലും മറ്റു വാഹനങ്ങളിലുമായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബസിനടിയിൽ കുടുങ്ങിപ്പോയ കുട്ടിയെ ആദ്യം പുറത്തെടുക്കാനായില്ല.
നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ക്രെയിൻ ഉപയോഗിച്ചു ബസ് നീക്കി കുട്ടിയെ പുറത്തെടുത്തു കോതമംഗലത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനിന്റയുടെ ഒരു കയ്യിന്റെ മുകളിലായിരുന്നു ബസിന്റെ മുൻഭാഗത്തെ ടയർ. തലയിലേക്ക് തൊട്ടാണ് ടയർ നിന്നിരുന്നത്. ബസ് ഒരു ചെറിയ ഇറക്കം ഇറങ്ങി വളവ് തിരിയുമ്പോഴാണ് പിൻവശത്തെ ചക്രം ഓടയുടെ തിട്ടയിൽ ഇടിക്കുന്നതും നിയന്ത്രണം വിട്ട് എതിർദിശയിലേക്ക് ഊർന്നിറങ്ങുന്നതും.
ബസിന് അമിത വേഗമായിരുന്നതിനാലാണ് നിയന്ത്രണം വിട്ടതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.വളവിൽ അശാസ്ത്രീയമായ രീതിയിൽ ഓട നിർമിച്ചതും ടയർ തട്ടാൻ കാരണമായി പറയുന്നുണ്ട്. താഴേക്ക് നിരങ്ങി നീങ്ങിയ ബസ് മുന്നോട്ടു കൂപ്പുകുത്തിയപ്പോഴാണ് മുൻവശത്തെ ചില്ല് തകർന്നത് എന്നാണു കരുതുന്നത്. അനിന്റ ഇതിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയും ചെയ്തു.ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 51 പേരാണ് ബസിലുണ്ടായിരുന്നത്. അനിന്റയുെട അമ്മ മിനി അടക്കം 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരുക്ക് ഗുരുതരമല്ല. അനിന്റയുടെ മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.