തിരുവനന്തപുരം∙ പേരൂര്‍ക്കടയിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം പൂർത്തിയായി. ഏപ്രിൽ 10ന് വിധി പറയും. ഏഴാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് കേസ് പരിഗണിക്കുന്നത്.
2022 ഫെബ്രുവരി ആറിന് പട്ടാപ്പകല്‍ തമിഴ്‌നാട് കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ അലങ്കാരച്ചെടി കടയ്ക്കുളളില്‍ വച്ച് വിനീതയെ കുത്തിക്കൊലപ്പെടുത്തിയെന്നാണു കേസ്.വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കവരുന്നതിനായിരുന്നു കൊലപാതകം.ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോൾ കൊലപാതകങ്ങള്‍ നടത്തുകയായിരുന്നു. സമാനരീതിയില്‍ തമിഴ്‌നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13കാരിയായ വളര്‍ത്തു മകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നിരുന്നു.ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രൻ സമീപത്തെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തുകയായിരുന്നു. ഹൃദ്രോഗബാധിതനായി ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ജീവിക്കാന്‍ മറ്റു മാർഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത പേരൂര്‍ക്കടയിലെ അലങ്കാരച്ചെടി വില്‍പ്പനശാലയില്‍ ജോലിക്കു ചേർന്നത്. കൊല്ലപ്പെടുന്നതിന് 9 മാസം മുന്‍പാണ് ഇവിടെ ജോലിക്ക് എത്തിയത്.സമ്പൂർണ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ദിവസം ചെടികള്‍ നനയ്ക്കുന്നതിനാണ് സുനിത കടയിലെത്തിയത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന്‍ ചെടികള്‍ കാണിച്ചു കൊടുത്ത വിനീതയെ പുറകില്‍നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തില്‍ കത്തി കുത്തി ഇറക്കുകയായിരുന്നു. ഇരയ്ക്ക് ഒന്നു നിലവിളിക്കാന്‍ പോലും കഴിയാത്ത രീതിയിൽ സ്വനപേടകത്തില്‍ ആഴത്തില്‍ മുറിവ് ഉണ്ടാക്കുന്നതാണു രാജേന്ദ്രന്റെ കൊലപാതക രീതി.സമാന രീതിയിലാണ് വെള്ളമഠം സ്വദേശി സുബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ഫോറന്‍സിക് വിദഗ്ധരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയിൽ വിസ്തരിച്ചിരുന്നു. വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ കാവല്‍കിണറിനു സമീപത്തെ ലോഡ്ജിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11ന് പേരുർക്കട സിഐ വി.സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വർണ്ണമാല പൊലീസ് കണ്ടെടുത്തിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, 7 ഡിവിഡി എന്നിവയും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍, ദേവിക മധു, ജെ.ഫസ്ന, ഒ.എസ്.ചിത്ര എന്നിവർ ഹാജരായി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സ്പർജൻ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോൺമെന്റ് എസിയായിരുന്ന വി.എസ്.ദിനരാജ്, പേരൂര്‍ക്കട സി.ഐ ആയിരുന്ന വി.സജികുമാര്‍, എസ്എച്ച്ഒയുടെ ചുമതലയുണ്ടായിരുന്ന ജുവനപുടി മഹേഷ് ഐപിഎസ്, സബ് ഇൻസ്പക്ടർ എസ്. ജയകുമാർ, സീനിയർ സിവിൽ പൊലീസുകാരയ പ്രമോദ്.ആർ, നൗഫൽ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.വിനീത വധക്കേസ്, അന്തിമവാദം പൂർത്തിയായി, ഏപ്രിൽ 10 ന് വിധിപറയും.
0
ബുധനാഴ്ച, ഏപ്രിൽ 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.