മുംബൈ: ഇന്ത്യൻ സിനിമയിൽ ചരിത്രപരമായ കഥകൾക്ക് പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ ധർമ്മ പ്രൊഡക്ഷൻസ് കേസരി ചാപ്റ്റർ 2 റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. 1919-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷമുള്ള കൊളോണിയൽ ഇന്ത്യയിലെ നിർണ്ണായകമായ കോടതിമുറിയിലെ പോരാട്ടമാണ് ചിത്രം പറയുന്നത്.
അക്ഷയ് കുമാർ, ആർ. മാധവൻ, അനന്യ പാണ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതകൾക്കെതിരെ നടന്ന ഒരു മാനനഷ്ടക്കേസാണ് പറയുന്നത്. രഘുവും പുഷ്പ പാലത്തും ചേർന്നെഴുതിയ 'ദി കേസ് ദാറ്റ് ഷുക്ക് ദി എംപയർ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പ്രമുഖ ഇന്ത്യൻ ദേശീയവാദിയും നിയമജ്ഞനും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുൻ പ്രസിഡന്റുമായ സർ ചേറ്റൂർ ശങ്കരൻ നായരും കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ സർ മൈക്കിൾ ഓ'ഡ്വയറും തമ്മിലുള്ള നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തംആക്ടിംഗ് ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറുടെ നേതൃത്വത്തിൽ ജാലിയൻവാലാബാഗിൽ സമാധാനപരമായി ഒത്തുകൂടിയ ജനങ്ങൾക്ക് നേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിർത്തതിൽ ഓ'ഡ്വയർക്ക് പങ്കുണ്ടെന്ന് നായരുടെ പുസ്തകമായ 'ഗാന്ധി ആൻഡ് അനാർക്കി'യിൽ ആരോപിച്ചിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 379 പേരാണ് കൊല്ലപ്പെട്ടതെങ്കിലും യഥാർത്ഥത്തിൽ 3,000-ൽ അധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.നായരുടെ ആരോപണങ്ങളെ ഓ'ഡ്വയർ ചോദ്യം ചെയ്തു. പുസ്തകം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ബ്രിട്ടീഷ് ചാരിറ്റികൾക്ക് 1,000 പൗണ്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ നായർ വഴങ്ങിയില്ല. ഈ സംഭവവികാസങ്ങൾ 1922-ൽ ലണ്ടനിലെ കോടതിയിൽ ഒരു മാനനഷ്ട കേസ്സായി വികസിച്ചു.
കേസിൽ നായർ പരാജയപ്പെട്ടെങ്കിലും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ക്രൂരതകൾ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ഇത് ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം നൽകി.കേസരി രണ്ടാം അദ്ധ്യായത്തിൽ അക്ഷയ് കുമാർ ശങ്കരൻ നായരായി അഭിനയിക്കുന്നു. ബ്രിട്ടീഷ് നിയമ ഉപദേഷ്ടാവിൻ്റെ വേഷം ആർ. മാധവനും സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന അഭിഭാഷകയുടെ കഥാപാത്രം അനന്യ പാണ്ഡെയും അവതരിപ്പിക്കുന്നു.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ വാർഷികത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ഈ സംഭവം ഇന്ത്യയിലും വിദേശത്തുമുള്ള ആളുകൾക്ക് ഒരുപാട് വേദന നൽകിയ ഒന്നാണ്.
ജാലിയൻവാലാബാഗ് സംഭവത്തിൽ നീതി കിട്ടണം എന്ന മുറവിളി അടുത്ത കാലത്ത് വീണ്ടും ശക്തമായിട്ടുണ്ട്. ബ്രിട്ടീഷ് പാർലമെന്റിൽ കൺസർവേറ്റീവ് എംപി ബോബ് ബ്ലാക്ക്മാൻ യുകെ സർക്കാർ ഈ കൂട്ടക്കൊലയെ ഔദ്യോഗികമായി അംഗീകരിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് ചരിത്രത്തിലെ കറുത്ത അദ്ധ്യായമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ജനറൽ ഡയറുടെ നേതൃത്വത്തിലുള്ള സൈന്യം നിരായുധരായ സാധാരണക്കാരുടെ കൂട്ടത്തിലേക്ക് വെടിയുതിർത്തതും വെടി തീരുന്നതുവരെ ആക്രമം നടത്തിയതും ബ്ലാക്ക്മാൻ ഓർമ്മിപ്പിച്ചു.
ഈ ദുരന്തത്തിൽ 1,500-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 1,200 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ബ്ലാക്ക്മാൻ പറഞ്ഞു. ഈ സിനിമയിലൂടെ അത്രയധികം ശ്രദ്ധിക്കാതെ പോയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വെളിച്ചം വീശുകയാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.