അമ്പിളിയമ്മാവാ....
ചെപ്പുകിലുക്കണ ചങ്ങാതി....
H വള്ളിക്കുടിലിൻ.....
🎶 എന്തമ്മേ കൊച്ചു തുമ്പീ.... തുടങ്ങിയ ഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ മലയാള നാടകത്തെചുവപ്പിച്ച നാലക്ഷരമായ KPAC എന്ന വികാരത്തെ നാടാകെ പാടി വളർത്തിയ, ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗങ്ങളിൽ പാടി.
മാവേലിക്കര കോട്ടയ്‌ക്കകം തെരുവിൽ കുളത്തിൽ കിഴക്കതിൽ പൊലീസ് കോൺസ്‌റ്റബിളായിരുന്ന എം.കെ.കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി 1938 ഏപ്രിൽ 10 ന് ജനിച്ച സുലോചനയുടെ ഗുരു, തടിയൂർ ഗോപാലകൃഷ്ണനായിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ ബാലലോകം പരിപാടിയിലൂടെ പ്രഫഷണൽ രംഗത്തേയ്‌ക്ക് പ്രവേശിച്ചു. മുൻഷി പരമു പിള്ളയുടെ ‘അധ്യാപകൻ’ എന്ന നാടകത്തിൽ പ്രേംനസീറിനൊപ്പം അഭിനയിച്ചാണ്
നാടകരംഗത്തെത്തിയത്.
1951 ൽ എന്റെ മകനാണ് ശരി എന്ന നാടകത്തിലൂടെയാണ് തുടക്കമിട്ടത്. നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി മുതൽ മന്വന്തരം വരെയുള്ള 10 നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. 1964 ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്ന് KPAC വിട്ടു. തുടർന്ന് വിവിധ സമിതികളുടെ നാടകങ്ങളിൽ പാടുകയും അവയിലെ പ്രധാനവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
പിന്നീട് 'സംസ്‌ക്കാര' എന്നപേരിൽ നാടകസമിതി രൂപീകരിക്കുകയും പത്തോളം നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കാലം മാറുന്നു എന്ന സിനിമയിൽ കെ എസ് ജോർജ്ജിന്റെ കൂടെ ഈ മലർ പൊയ്കയിൽ..... എന്ന യുഗ്മഗാനം പാടിക്കൊണ്ടാണ് സിനിമാഗാന രംഗത്തെത്തുന്നത്. ഇതേ ചിത്രത്തിൽ സത്യന്റെ നായികയായി വേഷമിട്ടതും സുലോചനയായിരുന്നു.
രണ്ടിടങ്ങഴി എന്ന പ്രശസ്ത നോവൽ ചലച്ചിത്രമാക്കിയപ്പോൾ അതിലും രണ്ടു ഗാനങ്ങൾ ആലപിച്ചു. സുലോചനയയെ ശ്രദ്ധേയയാക്കിയ കഥാപാത്രങ്ങളായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ‘സുമം’ , മുടിയനായ പുത്രനിലെ ‘പുലയി’ എന്നിവയൊക്കെ. അരപ്പവൻ, കൃഷ്ണകുചേല, കാലം മാറുന്നു തുടങ്ങിയവയാണ് അവർ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. സിനിമയിൽ 14 പാട്ടുകളും പാടിയിട്ടുണ്ട്. ഇതിൽ
ആ മലർപ്പൊയ്കയിൽ...(കാലം മാറുന്നു –1955) തുമ്പപ്പൂ പെയ്യണ പൂനിലാവേ...(രണ്ടിടങ്ങഴി–1958) എന്നിവ ശ്രദ്ധേയമായി. 1975ൽ മികച്ച നടിക്കുള്ള അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ഫെലോഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്. KSRTC റിട്ട. ഉദ്യോഗസ്‌ഥനും കീബോർഡ് വിദഗ്ദ്ധനുമായ കലേശൻ ആണ് ഭർത്താവ് സുലോചനയുടെ പല ഗാനമേളകൾക്കും അദ്ദേഹം കീബോർഡ് വായിച്ചിട്ടുള്ള ഈ ദമ്പതികൾക്ക് മക്കളില്ല.
തൻ്റെ ജീവിതത്തെ കുറിച്ച് 'അരങ്ങിലെ അനുഭവങ്ങൾ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട് 2005 ഏപ്രിൽ 17 ന് ഊർജസ്വലയായ ആ ഗായിക നമ്മെ കടന്നുപോയി. സുലോചനയുടെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളെല്ലാംതന്നെ സംഗീതം നൽകിയത് ദേവരാജനാണ്. എന്നാൽ, കലാജീവിതത്തിലെ ഏറ്റവും വലിയ ഒരു സങ്കടം സമ്മാനിച്ചതും അദ്ദഹം തന്നെ. അക്കഥ സുലോചന
എഴുതിയത് ഇങ്ങനെ KPAC നാടകഗാനങ്ങൾ എച്ച്‌എംവി, കൊളംബിയ എന്നീ കമ്പനികൾക്കുവേണ്ടി റെക്കോർഡ് ചെയ്യാൻ തീരുമാനമായി. അതനുസരിച്ച് KPAC യുടെ സ്‌ഥിരം ഗായകരായ ഞാനും കെ.എസ്. ജോർജുമുൾപ്പെടെയുള്ളവർ ചെന്നൈയിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോൾ ദേവരാജന് മറ്റു ഗായകരെക്കൊണ്ടുകൂടി പാടിക്കണമെന്നുള്ള താൽപര്യം.
നമ്മുടെ ഗായകരെക്കൊണ്ട് പാടിച്ചാൽമതിയെന്ന നിലപാടിൽ ആയിരുന്നു KPAC ഭാരവാഹികൾ. പക്ഷേ ആ തീരുമാനത്തിന് അദ്ദേഹം വഴങ്ങിയില്ല. അക്കാരണത്താൽ ഞാൻ മനസിലേറ്റി താലോലിച്ച് രംഗത്ത് പാടി അഭിനയിച്ച് ആസ്വാദകരുടെ അനുഗ്രഹാശിസ്സുകൾ ലഭിച്ച
🎼 ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ... എന്ന ഗാനം എന്റെ ശബ്‌ദത്തിൽ ഗ്രാമഫോൺ റെക്കോർഡിൽ പകർത്താൻ കഴിഞ്ഞില്ല. അതിന് ദേവരാജൻ എന്നെ അനുവദിച്ചില്ല. കലാജീവിതത്തിൽ എനിക്കു കിട്ടിയ ഏറ്റവും വലിയ ഒരാഘാതമായിരുന്നു അത്.’ ദേശാഭിമാനിയിൽ എഴുതിയ അനുഭവക്കുറിപ്പിൽ അവർ പങ്കുവച്ചു. സുലോചനയ്ക്കു പകരം ആ ഗാനം പാടിയത് എ.പി.കോമള.
പ്രശസ്ത നാടകഗാനങ്ങൾ
🎼 തലയ്ക്കുമീതെ - അശ്വമേധം (കെ.എസ്. ജോർജ്ജിനൊപ്പം)
🎼 കിലുകിലെ ചെപ്പുകിലുക്കും -
🎼 ചെപ്പുകിലുക്കണ ചങ്ങാതി - മുടിയനായ പുത്രൻ
🎼 കരഞ്ഞു കരഞ്ഞു കണ്ണുനീർ - ശരശയ്യ
🎼 പമ്പയുടെ തീരത്ത് - ശരശയ്യ
🎼 മാമ്പൂക്കൾ പൊട്ടി വിരിഞ്ഞു
🎼 മാൻ കിടാവേ മാൻ കിടാവേ
പ്രഫഷണൽ നാടകരംഗത്തെ സമഗ്രസംഭാവനക്കുള്ള കേരള സർക്കാരിന്റെ അവാർഡ്(1999)
പി.ജെ ആന്റണി സ്മാരക ഫൗണ്ടേഷൻ അവാർഡ്
കേരള സംഗീതനാടക അക്കാദമി അവാർഡ് (1975)
കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ് (1997)
കേരള സർക്കാരിന്റെ മാനവീയം അവാർഡ് (2000)
കേരള ഫൈൻ ആർട്‌സ് സൊസൈറ്റി അവാർഡ് (2005)
മലയാളി മനസുകളെ ചുവപ്പിച്ച് അഭിനയവും സംഗീതവും കൈകോർത്ത സുവർണ നിമിഷങ്ങളിലൂടെ നാടക ലോകത്തെ വാനമ്പാടിയായി തീർന്ന സുലോചന ഒരു പിടി മനോഹരഗാനങ്ങൾ ജനമനസുകൾക്ക് സമ്മാനിച്ച സുലോചന വിടപറഞ്ഞിട്ട് വർഷം നിരവധി കഴിഞ്ഞിട്ടും ആസ്വാദക മനസുകളിൽ അനശ്വര ഗാനങ്ങളിലൂടെ ഇന്നും ഈ കലാകാരി ജീവിക്കുന്നു.
സുലോചനയുടെ മനോഹര ഗാനങ്ങൾ ഇന്നും ആസ്വാദക മനസുകളിൽ ഓൾഡ് ഈസ് ഗോൾഡ് ആയി മുൻ നിരയിലാണ്. അതിനാൽ കാലവും ചരിത്രവും തുടിച്ചു നിൽക്കുന്ന മനോഹര ഗാനങ്ങൾ സമ്മാനിച്ച അനശ്വര കലാകാരിയെ മലയാളി മനസുകൾക്ക് മറക്കാനാവില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.