തിരുവനന്തപുരം: ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ജൂണ്‍ 30ന് വിരമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി ആരാകും എന്നതു സംബന്ധിച്ചാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, സുരേഷ് പുരോഹിത്, എം.ആര്.അജിത്കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.ഇവരെല്ലാവരും സംസ്ഥാന പൊലീസ് മേധാവിയാകാന്‍ സന്നദ്ധരാണെന്ന് ഡിജിപി എസ്.ദര്‍വേഷ് സാഹിബിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ആറു പേരുള്‍പ്പെട്ട പട്ടിക സര്‍ക്കാരിനു ഡിജിപി കൈമാറി. മേയ് ആദ്യം പട്ടിക കേന്ദ്രത്തിനു കൈമാറും. ഇതില്‍ നിന്നു 3 പേരെ ഉള്‍പ്പെടുത്തി യുപിഎസ്സി അന്തിമപട്ടിക തയാറാക്കും.
സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണു പട്ടികയെങ്കില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ ഇടംപിടിക്കും. വിരമിക്കാന്‍ 6 മാസം ബാക്കിയുള്ളവരെയാണ് പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുക. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രവാഡ ചന്ദ്രശേഖറും സുരേഷ് പുരോഹിതും മടങ്ങിവരാനുള്ള സാധ്യത കുറവാണ്. ഇതോടെ മനോജ് ഏബ്രഹാം കേന്ദ്രപട്ടികയില്‍ ഉള്‍പ്പെടും.പൊലീസ് മേധാവി സ്ഥാനത്തേക്കു സീനിയോറിറ്റി പരിഗണിക്കപ്പെട്ടാല്‍ നിതിന്‍ അഗര്‍വാളിനാണ് സാധ്യത. എന്നാല്‍ സീനിയോറിറ്റി മറികടന്ന് നിയമനം നടത്തുന്ന പതിവ് തുടര്‍ന്നാല്‍ വിജിലന്‍സ് മേധാവിയായ യോഗേഷ് ഗുപ്തയും മനോജ് ഏബ്രഹാമും പരിഗണിക്കപ്പെട്ടേക്കും.റോഡ് സേഫ്റ്റി കമ്മിഷണര്‍ ആയ ഉത്തര്‍പ്രദേശ് സ്വദേശി നിതിന്‍ അഗര്‍വാള്‍ 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. 2026 വരെയാണ് സര്‍വീസ് കാലാവധിയുള്ളത്. ബിഎസ്എഫ് ഡയറക്ടര്‍ ആയിരുന്ന നിതിന്‍ അഗര്‍വാള്‍ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷന് അവസാനിപ്പിച്ച് കേരളത്തിലേക്കു മടങ്ങിത്തെിയത്. സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഡിജിപിയാണ് അദ്ദേഹം.സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനേക്കാള്‍ സീനിയറാണ് നിതിന്‍ അഗര്‍വാള്‍. പട്ടികയിലുള്ള രവാഡ ചന്ദ്രശേഖര്‍ 1991 ബാച്ചാണ്. 2026 വരെയാണ് അദ്ദേഹത്തിനും സര്‍വീസ് ഉള്ളത്. സബ്സിഡിയറി ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടര്‍ ചുമതലയില്‍ കേന്ദ്ര ഡപ്യൂട്ടേഷനിലാണ് ഇദ്ദേഹം. 1994ല്‍ 5 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ പ്രതിയായിരുന്ന രവാഡ ചന്ദ്രശേഖറിനെ 2012ലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.നിലവില്‍ വിജിലന്‍സ് മേധാവിയായ മഹാരാഷ്ട്ര സ്വദേശി യോഗേഷ് ഗുപ്ത 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. 2030 വരെയാണ് സര്‍വീസ് കാലാവധി. പട്ടികയിലുള്ള നാലാമനായ മനോജ് ഏബ്രഹാം നിലവില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയാണ്. 1994 ബാച്ചുകാരനായ മനോജിന് 2031 വരെയാണ് സര്‍വീസ് ഉള്ളത്. അഗ്നിശമനസേനാ മേധാവി കെ.പത്മകുമാര്‍ വിരമിക്കുന്ന ഒഴിവില്‍ ഈ മാസം 30ന് മനോജ് ഏബ്രഹാമിനു ഡിജിപി റാങ്ക്ലഭിക്കും. ഇതോടെ, നിലവിലുള്ള ക്രമസമാധാനച്ചുമതല അദ്ദേഹം ഒഴിയും. എസ്പിജിയില് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുരേഷ് രാജ് പുരോഹിതും പട്ടികയിലുണ്ട്. 1995 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് 2027 വരെയാണ് സര്‍വീസ് കാലാവധി. വിവാദങ്ങള്‍ക്കൊടുവില്‍ പട്ടികയില്‍ ഇടംപിടിച്ച ബറ്റാലിയന് എഡിജിപി എം.ആര്.അജിത്കുമാര്‍ 1995 ബാച്ച് ഉദ്യോഗസ്ഥാനാണ്. 2028 വരെയാണ് സര്‍വീസ്. രവാഡ ചന്ദ്രശേഖര്‍ കേരളത്തിലേക്കു മടങ്ങിയില്ലെങ്കില്‍ ഡിജിപി ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവില്‍ എം.ആര്.അജിത്കുമാറിന് ജൂലൈ ഒന്നിന് ഡിജിപി റാങ്ക് ലഭിക്കും. എഡിജിപിമാരായ എച്ച്.വെങ്കിടേഷ്, എസ്.ശ്രീജിത്, ബല്‍റാംകുമാര്‍ ഉപാധ്യായ, പി.വിജയന് എന്നിവരെ ക്രമസമാധാനച്ചുമതലയിലേക്കു പരിഗണിച്ചേക്കും.ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ജൂണ്‍ 30ന് വിരമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി ആരാകും:പട്ടികയിൽ 6 പേർ
0
ശനിയാഴ്ച, ഏപ്രിൽ 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.