ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിലെ 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ് എന്ന് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ടിആർഎഫ്.ലഷ്കറെ തയിബയുടെ ഡപ്യൂട്ടി ചീഫാണ് കസൂരി. പാക് ഭീകരനും ലഷ്കറെ തയിബയുടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് കസൂരി എന്നും റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാന്റെ പൂർണ പിന്തുണയോടെ പ്രവർത്തിക്കുന്ന കസൂരി, പാക്ക് സൈന്യത്തിന്റെ ‘പ്രിയപ്പെട്ട സ്വത്ത്’ എന്നും അറിയപ്പെടുന്നു. ജമ്മു കശ്മീരിൽ നേരത്തെയും നടന്ന ഭീകരാക്രമണങ്ങളിൽ കസൂരിക്ക് പങ്കുണ്ടെന്നാണ് വിവരം.
വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ കസൂരി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. രണ്ടുമാസം മുൻപ് പാക്കിസ്ഥാൻ സൈന്യത്തിന്റെ ക്ഷണമനുസരിച്ച് പാക്ക് പഞ്ചാബിലെ കങ്കൺപുരിൽ കസൂരി സൈനികർക്കായി പ്രസംഗിച്ചിരുന്നു. പാക്ക് സൈന്യത്തിലെ കേണൽ സാഹിദ് സരീൻ ഘട്ടക്കിന്റെ ക്ഷണമനുസരിച്ചെത്തിയ കസൂരിയെ പൂക്കൾ വർഷിച്ചാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സൈനികരെ കൊന്നാൽ ദൈവത്തിൽനിന്നു പ്രതിഫലം കിട്ടുമെന്നതടക്കമുള്ള വിദ്വേഷ പരാമർശങ്ങൾ ഇയാളുടെ പ്രസംഗത്തിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു.ഫെബ്രുവരി രണ്ടിന് ഖൈബർ പഖ്തൂൺഖ്വയിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് കസൂരി ആഹ്വാനം നൽകിയിരുന്നു. 2026 ഫെബ്രുവരിക്കു മുൻപ് കശ്മീർ പിടിച്ചെടുക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കുമെന്നുമായിരുന്നു കസൂരിയുടെ പരാമർശം.ആബട്ടാബാദിലെ വനാന്തരങ്ങളിൽ കഴിഞ്ഞവർഷം നടന്ന ഭീകരക്യാംപിൽ നൂറുകണക്കിന് പാക്ക് യുവാക്കൾ പരിശീലനം നേടിയിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ലഷ്കറെ തയിബയുടെ രാഷ്ട്രീയശാഖയായ പാക്കിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎംഎൽ), എസ്എംഎൽ എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ കസൂരിയും പങ്കെടുത്തിരുന്നു. ഈ ക്യാംപിൽ നിന്നാണ് യുവാക്കളെ ഭീകരപ്രവർത്തനങ്ങൾക്കായി കസൂരി തിരഞ്ഞെടുത്തതും പിന്നീട് ഇരകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതിൽ പരിശീലനം നൽകിയതും.
ലഷ്കറെ തയിബയുടെ പെഷാവർ ആസ്ഥാനത്തിന്റെ തലവൻ കൂടിയാണ് കസൂരി. പാക് സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ ലഷ്കറെ തയിബയുടെ മറ്റൊരു രൂപമായ ജമാഅത്ത് ഉദ്ദവയുടെ (ജെയുഡി) കോർഡിനേഷൻ കമ്മിറ്റിയിലും കസൂരി പ്രവർത്തിച്ചിരുന്നു. ജെയുഡിയെ 2016ൽ യുഎസ് ഭീകരവാദപ്പട്ടികയിലും 2009ൽ യുഎൻ ഉപരോധപ്പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.