ഇന്ത്യക്കാരില്‍ നല്ലൊരു പങ്കിനും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇതവരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നെന്നും കണ്ടെത്തല്‍. വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്കോര്‍കാര്‍ഡാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യക്കാരില്‍ 55 ശതമാനവും അര്‍ദ്ധരാത്രി കഴിഞ്ഞാണ് ഉറങ്ങുന്നതെന്ന് 2024 മാര്‍ച്ചിനും 2025 ഫെബ്രുവരിക്കും ഇടയില്‍ വേക്ക്ഫിറ്റ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 2023ല്‍ ഇത് 52 ശതമാനവും 2022ല്‍ 46 ശതമാനവുമായിരുന്നു. വൈകിയുള്ള ഉറക്കം മാത്രമല്ല ഉറക്കത്തിന്റെ സമയവും പ്രശ്നമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
40 ശതമാനം ഇന്ത്യക്കാര്‍ക്കും ആറ് മണിക്കൂര്‍ ഉറക്കം പോലും രാത്രിയില്‍ ലഭിക്കുന്നില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. ഏഴ് മുതല്‍ ഒന്‍പത് മണിക്കൂറാണ് മികച്ച ശാരീരിക, മാനസികാരോഗ്യത്തിനായി സര്‍വേ ശുപാര്‍ശ ചെയ്യുന്ന ഉറക്കസമയം. രാത്രിയില്‍ ഉറങ്ങാനായി വേക്ക്ഫിറ്റ് മുന്നോട്ട് വയ്ക്കുന്ന അനുയോജ്യ സമയം 10 മണിയാണ്. സര്‍വേ പ്രകാരം 58 ശതമാനം ഇന്ത്യക്കാരും 11 മണിക്ക് ശേഷമാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഈ വൈകിയുള്ള ഉറക്കവും കുറഞ്ഞ ഉറക്ക സമയവും കാരണം 44 ശതമാനവും ഉണരുമ്പോള്‍ ഒരു ഉഷാര്‍ തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ഇതില്‍ 50 ശതമാനം സ്ത്രീകളും 42 ശതമാനം പുരുഷന്മാരുമാണ്. വൈകി ഉറങ്ങുന്നവരുടെ നഗരം തിരിച്ചുള്ള കണക്കുകളില്‍ കൊല്‍ക്കത്തയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളില്‍ 72.8 ശതമാനം പേരും 11 മണിക്ക് ശേഷം ഉറങ്ങുന്നവരാണ്.ചെന്നൈയില്‍ ഇത് 55 ശതമാനവും ഹൈദരാബാദില്‍ ഇത് 55 ശതമാനവുമാണ്. ഉറങ്ങിയ ശേഷം രാത്രി ഇടയ്ക്കിടെ ഉറക്കം ഞെട്ടുന്ന പ്രവണതയും പരക്കെയുണ്ട്. മൂന്ന് തവണയില്‍ കൂടുതല്‍ ഇത്തരത്തില്‍ ഉറക്കം ഞെട്ടുന്നവരില്‍ 13 ശതമാനം സ്ത്രീകളും 9 ശതമാനം പുരുഷന്മാരുമാണെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. വര്‍ദ്ധിച്ച സ്ക്രീന്‍ ടൈം, ജോലി സമ്മര്‍ദ്ദം, ബിന്ജ് വാച്ചിങ്, ക്രമം തെറ്റിയ ഉറക്കം എന്നിവയാണ് ഇന്ത്യക്കാരുടെ ഉറക്കത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെന്നും സര്‍വേ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 65 ശതമാനത്തിന് മുകളിലുള്ളവര്‍ ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഫോണും തോണ്ടി ഇരിക്കാറുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ക്രീനില്‍ നിന്നുള്ള നീലവെളിച്ചം ശരീരത്തിന് ഉറങ്ങാനുള്ള നിര്‍ദ്ദേശം നല്കുന്ന മെലട്ടോണിന്‍ ഉത്പാദനത്തെ ബാധിക്കും.സര്‍വേ പ്രതികരണങ്ങളില്‍ നിന്ന് 45 ശതമാനം പേരുടെ ഉറക്കം കളയുന്നത് ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണെന്നും കണ്ടെത്തി.ടിവി ഷോകളും സീരീസുകളും സിനിമകളും വീഡിയോ ഗെയിമുകളുമൊക്കെ ബിന്ജ് വാച്ച് ചെയ്യുന്നതാണ് 42 ശതമാനം പേരുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നതെന്നും സര്‍വേ കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ പ്രതിരോധശേഷി, ഭാരവര്‍ധന, വിഷാദരോഗം, ഉത്കണ്ഠ, ഏകാഗ്രതക്കുറവ്, ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെ പല പ്രശ്നങ്ങളും ഉറക്കക്കുറവ് കൊണ്ട് ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നതും ഒരേ സമയത്ത് ഉണരുന്നതും ഉറക്കത്തിന് ഒരു ക്രമം നല്‍കും. ഉറക്കത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണ്‍, ടാബ്, ലാപ്ടോപ്, കംപ്യൂട്ടര്‍, ടിവി എന്നിവയെല്ലാം ഒഴിവാക്കണം. ഉറങ്ങാനായി തണുപ്പുള്ളതും ഇരുണ്ടതും നിശ്ശബ്ദവുമായ മുറി ക്രമീകരിക്കണം. ഉറങ്ങാനുള്ള സമയത്തിന് തൊട്ട് മുന്‍പ് കഫീനും കട്ടിയായ ഭക്ഷണവും ഒഴിവാക്കണം. മെഡിറ്റേഷന്‍, ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയവ സമ്മര്‍ദ്ദത്തെ ലഘൂകരിച്ച് ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തും. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതും നല്ല ഉറക്കത്തെ പ്രദാനം ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഇന്ത്യക്കാരില്‍ നല്ലൊരു പങ്കിനും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇതവരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നെന്നും കണ്ടെത്തല്‍
0
ബുധനാഴ്ച, ഏപ്രിൽ 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.