തിരുവനന്തപുരം: 4 വർഷ ഡിഗ്രി കോഴ്സിന്റെ ആദ്യവർഷം പൂർത്തീകരിച്ചവർക്കു മേജർ വിഷയം മാറ്റാനും കോളജ് മാറ്റത്തിനും സർവകലാശാല മാറ്റത്തിനും ആവശ്യമായ മാർഗനിർദേശങ്ങൾ അംഗീകരിച്ചതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, കുസാറ്റ്, കാലടി, ശ്രീനാരായണ ഓപ്പൺ സർവകലാശാല പ്രതിനിധികൾ പങ്കെടുത്തയോഗത്തിലാണു തീരുമാനം. സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി തയാറാക്കിയ നടപടിക്രമത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകൾ വിശദമായ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കും.
മേജർ മാറ്റത്തിനായി അടുത്ത അക്കാദമിക് വർഷത്തിന്റെ ആദ്യ പ്രവൃത്തിദിനം ഓരോ വിഷയങ്ങളിലുമുള്ള ഒഴിവുകൾ കോളജുകൾ പ്രസിദ്ധീകരിക്കും. ആവശ്യമെങ്കിൽ കോളജുകളിൽ 10% അധികം സീറ്റ് ലഭ്യമാക്കും. മൈനറായോ മൾട്ടി ഡിസിപ്ലിനറി കോഴ്സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണു മേജർ മാറ്റാൻ സാധിക്കുക. മേജർ മാറ്റം ആഗ്രഹിക്കുന്ന വിഷയങ്ങളിൽ വിദ്യാർഥികളുടെ ആദ്യ 2 സെമസ്റ്ററുകളിലെ മാർക്ക് അടിസ്ഥാനപ്പെടുത്തി കോളജുകളിൽ റാങ്ക് ലിസ്റ്റ് തയാറാക്കും. ഒരു വിദ്യാർഥി മാറിപ്പോകുന്ന സീറ്റിലേക്കും പ്രവേശനം നടത്താം. അടുത്ത അധ്യയന വർഷത്തേക്കുള്ള മാതൃകാ ഏകീകൃത അക്കാദമിക് കലണ്ടർ അംഗീകരിച്ചു. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 1ന് ആരംഭിക്കും. 1,3 സെമസ്റ്റർ പരീക്ഷകൾ നവംബർ 3 മുതൽ 18 വരെയും 2, 4 സെമസ്റ്റർ പരീക്ഷകൾ 2026 ഏപ്രിൽ 6 മുതൽ 24 വരെയും നടത്തും. 1, 3 സെമസ്റ്റർ ഫലം ഡിസംബറിലും 2, 4 സെമസ്റ്റർ ഫലങ്ങൾ 2026 മേയിലും പ്രസിദ്ധീകരിക്കും. 4 വർഷ ബിരുദ പ്രോഗ്രാം കൂടുതൽഫലപ്രദമാക്കാൻ സംസ്ഥാനത്തെ മുഴുവൻ കോളജ് അധ്യാപകർക്കും പരിശീലനം നൽകാനുള്ള പദ്ധതി യോഗം അംഗീകരിച്ചു .6 മാസത്തിനുള്ളിൽ പരിശീലനം പൂർത്തീകരിക്കും.4 വർഷ ഡിഗ്രി കോഴ്സിന്റെ ആദ്യവർഷം പൂർത്തീകരിച്ചവർക്കു മാറ്റത്തിനു ആവശ്യമായ മാർഗനിർദേശങ്ങൾ അംഗീകരിച്ചതായി മന്ത്രി ആർ.ബിന്ദു
0
ബുധനാഴ്ച, ഏപ്രിൽ 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.