ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 2025-26 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും നല്‍കരുതെന്നാണ് ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തിയുടെ ഉത്തരവ്.
ജാതിപ്പേരുകൾ നാലാഴ്ചക്കകം നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനത്തിന്‍റെ അംഗീകാരം പിന്‍വലിക്കുമെന്നും കോടതി വ്യക്തമാക്കി. ജാതിപ്പേരുകള്‍ നീക്കംചെയ്യാതെ അംഗീകാരം നഷ്ടമായാല്‍ ഇവിടങ്ങളിലെ വിദ്യാര്‍ഥികളെ മറ്റു അംഗീകാരമുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ട്രസ്റ്റുകളോ മറ്റ് വ്യക്തികളോ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതേ നടപടി സ്വീകരിക്കാമെന്ന് കോടതി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി കെ. ചന്ദ്രു അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.സമൂഹത്തിലും ട്രസ്റ്റുകളിലും ജാതി നാമങ്ങൾ തുടരാൻ അനുവദിക്കുകയും കോടതി ജാതി നിലനിർത്താൻ അനുവദിക്കുകയും ചെയ്താൽ അത് രാജ്യത്തിന്‍റെ സാഹോദര്യത്തെ തകർക്കുമെന്നും അത് വിദ്വേഷത്തിനും ശത്രുതയ്ക്കും കാരണമാകുമെന്നും കോടതി ഊന്നിപ്പറഞ്ഞു. ഒരു പ്രത്യേക ജാതിയിൽ മാത്രം അംഗത്വം പരിമിതപ്പെടുത്തുന്നത് ഭരണഘടനാപരമായ ധാർമ്മികതയ്ക്കും തമിഴ്‌നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന തത്വങ്ങൾക്കും വിരുദ്ധമാകുമെന്ന് സർക്കാർ തുടക്കത്തിൽ സമ്മതിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.