ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ബി.ആർ. ഗവായ് മേയ് 14ന് സത്യപ്രതിജ്ഞ ചെയ്യും. പിൻഗാമിയായി ജസ്റ്റിസ് ഗവായ്‌യുടെ പേര് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചു.
സഞ്ജീവ് ഖന്ന വിരമിക്കുന്ന ദിവസമാണ് മേയ് 14. ജസ്റ്റിസ് ഗവായ്‌ക്ക് ആറു മാസം ചീഫ് ജസ്റ്റിസ് പദവിയിൽ ഇരിക്കാം. നവംബറിലാണ് വിരമിക്കുക. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ദലിത് വിഭാഗത്തിനിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്. മഹാരാഷ്ട്രയിലെ അമ്രാവതി സ്വദേശിയായ ഗവായ് 1985ലാണ് അഭിഭാഷകവൃത്തിയിലേക്കു വരുന്നത്.മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയും മുൻ അഡ്വക്കേറ്റ് ജനറലുമായ രാജാ ഭോൺസലെയ്ക്ക് ഒപ്പം പ്രവർത്തിച്ചു. ബോംബെ ഹൈക്കോടതിയിൽ 1987 മുതൽ 1990 വരെ സ്വതന്ത്ര പ്രാക്ടീസ് നടത്തി. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലേക്കു മാറി. 1992 ഓഗസ്റ്റ് മുതൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമിതനായി.
2000ൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2019ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്.നിർണായകമായ പല വിധികളും പുറപ്പെടുവിച്ച ബെഞ്ചിൽ ജസ്റ്റിസ് ഗവായ് അംഗമായിരുന്നു. 2016ൽ കേന്ദ്രം നടപ്പാക്കിയ നോട്ട് നിരോധനം ശരിവച്ച വിധിയും ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയും അവയിൽ ചിലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.