ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി 30 വർഷം പിന്നിട്ടതിന്റെ ഭാഗമായി ചേർത്തല യൂണിയൻ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തിനെയും വക്രീകരിക്കാൻ, തെറ്റായി വ്യാഖ്യാനിക്കാൻ ഉള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടിക്കെതിരായാണ്. എന്നാൽ ചിലർ അതിനെ ഒരു മതത്തിനെതിരെ സംസാരിച്ചെന്ന നിലയിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ല എന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വ്യക്തിപരമായി തന്നെ നേതൃത്വം വഹിച്ച ആളാണ് വെള്ളാപ്പള്ളി. എന്നാലും തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അവധാനതയും വെള്ളാപ്പള്ളി പുലര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.വർഗീയ ശക്തികൾ രാജ്യത്തു ശക്തിപ്പെട്ടു വരുന്ന കാലമാണ് അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾക്കു പ്രസക്തി വർധിച്ചു. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാലമാണ്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ശത്രുക്കളായി കാണുകയും ആ ശത്രുത വളർത്താൻ ഒരു വിഭാഗം നിലകൊള്ളുകയും ചെയ്യുന്നു. അതിൽ നിന്നു വ്യത്യസ്തമാണ് കേരളം. അതിനു കാരണമായത് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രമെടുത്താൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശരിയായ തുടർച്ചയാണെന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാപൂർവമായ സമീപനം സ്വീകരിക്കുന്ന നേതാവും ഭരണാധികാരിയുമാണ് പിണറായി വിജയനെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർക്കാരുമായുള്ള ഇടപെടലുകളിൽ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയിൽ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്.
നമ്മുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഗണിക്കാനും നടപടികൾക്കും ആത്മാർഥമായ ഇടപെടലുകൾ അദ്ദേഹം നടത്താറുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വച്ചുനോക്കിയാൽ പിണറായി വിജയൻ തന്നെ ഭരണതുടർച്ചയിലേക്കെത്താനുള്ള കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. മൂന്നാം വട്ടവും മുഖ്യമന്ത്രി പദത്തിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.