പാലക്കാട്: എക്സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട കേസിലെ മൂന്നു പ്രതികൾക്ക് 15 വർഷം വീതം കഠിനതടവും 1.50 ലക്ഷം രൂപവീതം പിഴയും ശിക്ഷ.
പാലക്കാട് അഡീഷനൽ ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വാളയാർ അതിർത്തി കേന്ദ്രീകരിച്ചുള്ള എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ ലോറിയിൽ കടത്തിയ 757.45 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്കാണ് ശിക്ഷ ലഭിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം വീതം അധികതടവ് അനുഭവിക്കണം.പ്രതികളായ ലോറി ഡ്രൈവർ മലപ്പുറം പെരിന്തൽമണ്ണ എടപ്പറ്റ സ്വദേശികളായ മേലാറ്റൂർ എപ്പിക്കാട് തയ്യിൽ എൻ.ബാദുഷ (30), അമ്പായപറമ്പിൽ വാക്കയിൽ എച്ച്.മുഹമ്മദ് ഫായിസ് (25), ഇടുക്കി ഉടുമ്പഞ്ചോല കട്ടപ്പന നരിയമ്പാറ വരകമലയിൽ ജിഷ്ണു ബിജു (28) എന്നിവരെയാണ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.പി.തങ്കച്ചൻ ശിക്ഷിച്ചത്.കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും. 2021 ഏപ്രിൽ 22നായിരുന്നു കേസിനാസ്പദമായ സംഭവം. രാജ്യത്തുതന്നെ കരമാർഗം പിടിക്കപ്പെട്ട രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കേസാണ് ഇതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വൈ.ഷിബു പറഞ്ഞു.ഏഴര കോടിയിലേറെ രൂപ വിലമതിക്കുന്ന കഞ്ചാവാണ് എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോടിക് സ്പെഷൽ സ്‌ക്വാഡ് സിഐ പി.കെ.സതീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പരിശോധനയ്ക്കിടെ നിർത്താതെ കടന്നു പോയ ലോറി പിന്തുടർന്നു പിടികൂടുകയായിരുന്നു. ലോറിക്കുള്ളിൽ പ്രത്യേക രഹസ്യ അറിയിൽ 328 ചാക്കുകളിലായാണ് 757.45 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചത്.കേരള എക്സൈസ് ചരിത്രത്തിലെ വലിയ കഞ്ചാവ് വേട്ട; 757 കിലോഗ്രാം ! പ്രതികൾക്ക് 15 വർഷം വീതം തടവ്
0
വ്യാഴാഴ്ച, ഏപ്രിൽ 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.