തിരുവനന്തപുരം:സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണം യു.ഡി.എഫിന് നഷ്ടമായി.
കേരള സഹകരണനിയമം ചട്ടം 43 (ബി) പ്രകാരം കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. 37 ന് എതിരെ 40 വോട്ടുകൾക്കാണ് പ്രമേയം പാസായത്. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ അപ്പെക്സ് സഹകരണ സ്ഥാപനം ആണ്.പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ ക്ഷേമവും ഉന്നമനവും മുഖ്യലക്ഷ്യമാക്കി കണ്ടുകൊണ്ട് അവയെ വിവിധതരത്തിൽ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനാണ് ബാങ്കിനെ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ പ്രവർത്തനങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നതിനോ അവയുടെ നന്മയ്ക്കാവശ്യമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനോ സംസ്ഥാന കാർഷിക വികസന ബാങ്കിലെ നിലവിലുള്ള ഭരണസമിതിയ്ക്ക് കഴിയുന്നില്ലെന്ന് കാട്ടിയാണ് ഇടതുപക്ഷ അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
2023-24 വർഷത്തെ വാർഷിക റിപ്പോർട്ട്, കണക്കുകൾ, ആഡിറ്റ് റിപ്പോർട്ട്, ആഡിറ്റ് സർട്ടിഫിക്കറ്റ് തുടങ്ങിയ സുപ്രധാന രേഖകൾ ചർച്ച ചെയ്ത് അംഗീകരിക്കുന്നതിന് 2024 സെപ്റ്റംബർ 28 -ന് ബാങ്ക് പൊതുയോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ യോഗനടപടികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തേണ്ട ബാങ്ക് പ്രസിഡന്റ് പൊതുയോഗ പ്രതിനിധികളെ വിശ്വാസത്തിലെടുക്കാതെ പൊതുയോഗം ചർച്ച ചെയ്യേണ്ട അജണ്ടകൾ ഒന്നുംതന്നെ പരിഗണിയ്ക്കാതെ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.തുടർന്ന് പൊതുയോഗത്തിൽ മുൻ വർഷത്തെ കണക്കും നടപ്പു സാമ്പത്തിക വർഷത്തെ ബഡ്ജറ്റും പാസാക്കാൻ യുഡിഎഫ് ഭരണസമിതിക്ക് കഴിയാതെ വന്നതോടെ ബാങ്ക്ഭരണം പ്രതിസന്ധിയിലായിരുന്നു. സഹകരണ നിയമം അനുസരിച്ച് സാമ്പത്തിക വർഷം ആരംഭിച്ച് ആറുമാസത്തിനുള്ളിൽ പൊതുയോഗം ചേർന്ന് കണക്കും ബജറ്റും പാസാക്കിയിരിക്കണം ഇത് പാലിക്കാതെ ഗുരുതരമായ വീഴ്ച്ചയാണ് യു.ഡി.എഫ് ഭരണസമിതിയിൽ നിന്ന് ഉണ്ടായത്.
ഇതിനുപുറമെ PSC മുഖേന നിയമനം നടത്തേണ്ട തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നടത്തുവാൻ പാടില്ല എന്ന് 30/09/2013 ലെ ഇ.എം.(1) 11989/2013 നമ്പർ ഉത്തരവിലൂടെ സഹകരണ സംഘം രജിസ്ട്രാർ എല്ലാ അപ്പെക്സ് സഹകരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നല്കിയിട്ടുണ്ട്. എന്നാൽ 27/02/2024 -ന് ചേർന്ന ബാങ്ക് ഭരണസമിതി, സഹകരണസംഘം രജിസ്ട്രാറുടെ നിർദ്ദേശം ലംഘിച്ചുകൊണ്ട് PSC മുഖേന നിയമനം നടത്തേണ്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേഡറിലെ തസ്തികയിലേക്ക് പ്രമോഷൻ നടത്തി. ഈ നടപടി സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവിന്റെ ലംഘനമാണ്.
ബാങ്ക് ബൈലോ 28(5) പ്രകാരം നിലവിലുള്ള ഭരണസമിതിയ്ക്ക് ബാങ്കിംഗ്, മാനേജ്മെന്റ്, ഫിനാൻസ് എന്നീ മേഖലകളിൽ പ്രാവിണ്യം നേടിയ രണ്ട് പേരെ ഭരണസമിതിയിലേക്ക് ടെക്നിക്കൽ എക്സ്പേർട്ട് എന്ന നിലയിൽ കോ-ഓപ്റ്റ് ചെയ്യാവുന്നതാണ്. എന്നാൽ ടി വിഷയങ്ങളിൽ ഒന്നിലും തന്നെ പ്രാവിണ്യം നേടിയിട്ടില്ലാത്തവരെ ടെക്നിക്കൽ എക്സ്പേർട്ട് ആയി ഭരണസമിതിയിലേക്ക് കോ- ഓപ്റ്റ് ചെയ്തു.വാർഷിക പൊതുയോഗ പ്രതിനിധികൾ നൽകി ചോദ്യങ്ങൾക്ക് പൊതുയോഗത്തിൽ ഉത്തരം നൽകുകയുണ്ടയില്ല. ഭരണസമിതിയുടെ ഈ നടപടി അംഗങ്ങളുടെ അവകാശത്തിന്റെ ലംഘനമാണ്. തുടങ്ങിയ കാരണങ്ങൾ ഉയർത്തിയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അതാണ് മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാസായത്.സഹകരണ സംഘം രജിസ്ട്രാറുടെ ചുമതലപ്പെടുത്തിയ അഡീഷണൽ രജിസ്ട്രാർ (ക്രഡിറ്റ്) സജീർ എം. -ന്റെ അദ്ധ്യക്ഷതയിലായിരുന്നു ഇന്നലെ പൊതുയോഗം ചേർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.