ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ ഒരു പ്രകോപനവുമില്ലാതെ തുടര്‍ച്ചയായി നടത്തുന്ന വെടിവെയ്പില്‍ പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ.
ഇരു രാജ്യങ്ങളുടെയും ഉന്നത സൈനികോദ്യോഗസ്ഥര്‍ ഹോട്ട് ലൈനില്‍ സംസാരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ തുടര്‍ച്ചയായ ആറാംദിവസവും പാകിസ്താന് ഒരു പ്രകോപനവുമില്ലാതെ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യ പാകിസ്താന് ബുധനാഴ്ച ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രാജീവ് ഗായ്, പാക് സൈനിക മേധാവിയെ വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. കഴിഞ്ഞദിവസം അര്‍ധരാത്രിയിലും ബാരാമുള്ള, കുപ്വാര ജില്ലകളിലെ നിയന്ത്രണരേഖയ്ക്കപ്പുറത്തുനിന്ന് പര്‍ഗ്വാള്‍ മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്താന് പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.അതേസമയം, അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സൈന്യം ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന പാക് മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനികോദ്യോഗസ്ഥർ തമ്മിൽ സംസാരിച്ചത്. ഒന്നര ദിവസത്തിനുള്ളില്‍ ഇന്ത്യ തങ്ങള്‍ക്കെതിരേ സൈനിക നടപടി സ്വീകരിച്ചെക്കുമെന്ന് ഭയപ്പെടുന്നതായി പാക് ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താ ഉള്ള തരാര്‍ പ്രസ്താവിച്ചിരുന്നു. ഇതുസംബന്ധിച്ച് പാകിസ്താന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്നും ഒരു വീഡിയോയില്‍ മന്ത്രി പറഞ്ഞിരുന്നു.
'അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്താനെതിരേ സൈനിക നടപടിക്കൊരുങ്ങുന്നതായി വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ട്. പാകിസ്താന്‍തന്നെ തീവ്രവാദത്തിന്റെ ഇരയാണ്. അതിന്റെ വേദന ശരിയാംവിധം മനസ്സിലാക്കുന്നു. ലോകത്ത് എവിടെയുമുള്ള തീവ്രവാദത്തിന്റെ എല്ലാ രൂപഭാവങ്ങളെയും ഞങ്ങള്‍ എപ്പോഴും അപലപിച്ചിട്ടുണ്ട്', പാക് മന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.അതിനിടെ, ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിരവധി സുപ്രധാന യോഗങ്ങള്‍ നടത്തി. പഹല്‍ഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം ഏതു വിധത്തിലായിരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സൈന്യത്തിന് അനുമതി നൽകിയിരുന്നു. പ്രതികരണത്തിന്റെ രീതി, സമയം, ലക്ഷ്യം എല്ലാം സൈന്യത്തിന് തീരുമാനിക്കാനാവുന്ന വിധംപൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഭീകരതയ്ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുക എന്നത് നമ്മുടെ ദേശീയ ദൃഢനിശ്ചയമാണെന്നും ഇന്ത്യന്‍ സായുധസേനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.