ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ.
പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്.അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. ഇനി പാക്ക് പൗരന്മാർക്ക് വീസ നൽകില്ല എന്നും തീരുമാനിച്ചു. സാർക് വീസ എക്സ്റ്റൻഷൻ സ്കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാൻകാരുടെയും വീസ റദ്ദാക്കിയിട്ടുണ്ട്.പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്.പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കാൻ തീരുമാനിച്ചു. ഇതോടെ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധങ്ങളിൽ ഇത്ര കടുത്ത തീരുമാനം എടുക്കുന്നത് ഇതാദ്യമായാണ്. രണ്ടര മണിക്കൂറോളം നീണ്ട സുരക്ഷാസമിതി യോഗത്തിനൊടുവിലാണ് തീരുമാനം പുറത്തുവന്നത്.
നയതന്ത്ര കാര്യാലയത്തിൽ ഏതാനും ഉദ്യോഗസ്ഥരെ നിലനിർത്തുന്നത് ഒഴിച്ചാൽ പാക്കിസ്ഥാനുമായി ഇനി ഒരു ബന്ധത്തിനുമില്ല എന്ന തീരുമാനമാണ് ഇന്ത്യ എടുത്തിരിക്കുന്നത്. ഭീകരാക്രമണത്തെ ഇന്ന് ചേർന്ന സിസിഎസ് യോഗം അപലപിച്ചു . പിന്തുണ അറിയിച്ച വിദേശരാജ്യങ്ങൾക്കു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നന്ദി അറിയിച്ചു. ഭീകരാക്രമണത്തിനു അതിർത്തി കടന്നു പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ സേനാ വിഭാഗങ്ങൾക്കും അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഭീകരാക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അവര്‍ക്കു പിന്തുണ നൽകിയവരെ പിടികൂടുമെന്നും യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തഹാവൂർ റാണയെ അടുത്തിടെ കൈമാറിയത് പോലെ, ഭീകരപ്രവർത്തനങ്ങൾ നടത്തിയവരെയോ ഗൂഢാലോചന നടത്തിയവരെയോ പിന്തുടരുന്നതിൽ ഇന്ത്യ വിട്ടുവീഴ്ച കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.