തിരുവനന്തപുരം : സംസ്ഥാനത്തു പെരുകി വരുന്ന വ്യാജ ബോംബ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനാകാതെ പൊലീസ് നട്ടം തിരിയുന്നതിനിടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെയും നെടുമ്പാശേരി വിമാനത്താവളത്തിലെയും ബോംബ് ഭീഷണിക്ക് പിന്നിൽ ആന്ധ്രാ സ്വദേശിയെന്നു പൊലീസിന്റെ കണ്ടെത്തൽ. വാറങ്കൽ സ്വദേശി നിധീഷ് ആണ് സന്ദേശം അയച്ചതെന്ന് തെലങ്കാനയിലും പൊലീസ് ഇന്റലിജൻസ് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരിയിൽ പൊലീസിന്റെ ഫെയ്സ്ബുക് മെസഞ്ചറിൽ ആണ് ഭീഷണി സന്ദേശം ലഭിച്ചത്. 32 മണിക്കൂറിനുള്ളിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ഉടൻ തന്നെ പൊലീസും ആർപിഎഫും ചേർന്നു റെയിൽവേ സ്റ്റേഷൻ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സൈബർ സെൽ പരിശോധനയിൽ സന്ദേശം എത്തിയത് സിക്കന്ദരാബാദിൽ നിന്നാണെന്നു തിരിച്ചറിഞ്ഞതോടെ പ്രത്യേകം സംഘം അന്വേഷണത്തിനായി അങ്ങോട്ടു പോയി. ഐടി കമ്പനി അക്കൗണ്ടന്റിനെ ആയിരുന്നു സംശയം. ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുത്തു. എന്നാൽ അക്കൗണ്ടന്റ് കുറ്റം നിഷേധിച്ചു. തന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടാകാമെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഐപി വിലാസം അക്കൗണ്ടന്റിന്റേതാണെന്നും ഇയാളുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചു ഒന്നിലധികം ഇ–മെയിൽ ഐഡികൾ നിർമിച്ചിട്ടുണ്ടെന്നും കണ്ടെത്തി.തുടർന്ന് ലാപ്ടോപ് ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഇ–മെയിൽ ഹാക്ക് ചെയ്തു നിർമിച്ച ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണ് ഭീഷണി സന്ദേശം അയച്ചതെന്നു പൊലീസ് കണ്ടെത്തി. ഇയാളുടെ ഭാര്യ ഒരു ട്രാവൽ ഏജൻസിയിലെ ജീവനക്കാരിയാണ്. ഏജൻസിയുടെ ആവശ്യത്തിനായി ഇവരുടെയും ഭർത്താവിന്റെയും ഫോൺനമ്പരുകളും മെയിൽ ഐഡികളും പലർക്കും കൈമാറുകയും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുവഴിയാകാം നിധീഷ് ഹാക്ക് ചെയ്തു വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമിച്ചത്. കണ്ണൂരിലെ ബോംബ് ഭീഷണി കേസിലും നിധീഷിനെ ആണ് സംശയിക്കുന്നതെന്നും കേരളത്തിലെ മറ്റ് ബോംബ് ഭീഷണികളുമായി ഇയാൾക്ക് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.