ഇസ്‌ലാമാബാദ്: ആണവായുധങ്ങളുടെ കണക്കുകൾ നിരത്തി ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസിയുടെ ഭീഷണി. ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാന്റെ കൈവശം 130 ആണവായുധങ്ങൾ ഉണ്ടെന്ന് പാക്ക് മന്ത്രി പറഞ്ഞു. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കിയാൽ ഇന്ത്യ യുദ്ധത്തിനു തയാറായിരിക്കണമെന്നും മന്ത്രി ഭീഷണിപ്പെടുത്തി.
ഘോരി, ഷഹീൻ, ഗസ്‌നവി മിസൈലുകളും 130 ആണവ പോർമുനകളും ഉൾപ്പെടെയുള്ള പാക്കിസ്ഥാന്റെ ആയുധശേഖരം ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും മന്ത്രി മുന്നറിയിപ്പു നൽകി. സിന്ധു നദീജല കരാർ റദ്ദാക്കി പാക്കിസ്ഥാന്റെ ജലവിതരണം നിർത്താൻ ഇന്ത്യ ധൈര്യപ്പെട്ടാൽ ഒരു യുദ്ധത്തിനു തയാറായിരിക്കണമെന്നും അബ്ബാസി പറഞ്ഞു. പാക്കിസ്ഥാന്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ല, അവ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്, പ്രകോപനമുണ്ടായാൽ ആക്രമിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇന്ത്യ നമുക്കുള്ള ജലവിതരണം നിർത്തിയാൽ, അവർ യുദ്ധത്തിനു തയാറാകണം. ഞങ്ങളുടെ കൈവശമുള്ള സൈനിക ഉപകരണങ്ങൾ, മിസൈലുകൾ എന്നിവ പ്രദർശിപ്പിക്കാനുള്ളതല്ല. ഞങ്ങളുടെ ആണവായുധങ്ങൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. ഞാൻ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകൾ എല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്.’’ – മന്ത്രിയുടെ ഭീഷണി ഇങ്ങനെ.
പാക്കിസ്ഥാനുമായുള്ള ജലവിതരണ, വ്യാപാര ബന്ധങ്ങൾ നിർത്തിവയ്ക്കാനുള്ള തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ ഇന്ത്യ ഇതിനകം മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഹനീഫ് അബ്ബാസി പറഞ്ഞു. പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടതിനെത്തുടർന്ന് ഇന്ത്യൻ വിമാനങ്ങൾ വൻ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വ്യോമനിയന്ത്രണം പത്തു ദിവസം കൂടി തുടർന്നാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ പാപ്പരാകുമെന്നും അബ്ബാസി പറഞ്ഞു.സ്വന്തം സുരക്ഷാ പരാജയങ്ങൾ അംഗീകരിക്കുന്നതിനു പകരം പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്റെ പേരിലേക്കു മാറ്റുകയാണെന്നാണ് അബ്ബാസിയുടെ നിലപാട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെത്തുടർന്ന് പാക്കിസ്ഥാൻ ഇതിനോടകം തന്നെ പ്രത്യാഘാതങ്ങൾ നേരിടാൻ തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും ഏതു സാമ്പത്തിക നടപടികളെയും നേരിടാൻ തയാറാണെന്നും അബ്ബാസി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.