പേപ്പട്ടി കടിച്ചാൽ ഓടിച്ചെന്ന് കുത്തിവയ്പെടുക്കുകയല്ല ആദ്യം വേണ്ടത്. കടിയേറ്റ ഭാഗം മുഴുവൻ ഏറെ നേരം സോപ്പ്, വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയാണ്. മുറിവിലുള്ള വൈറസ് പരമാവധി ഒഴിവാക്കാൻ ഇത് ഉപകരിക്കും. പേവിഷബാധയ്ക്കുള്ള സാധ്യത അതോടെ നന്നേ കുറയുന്നു. അതിനു ശേഷം കുത്തിവയ്പ് എടുക്കുകയും വേണം. ആളുകൾക്ക് മുറിവു കഴുകുന്നതിന്റെ പ്രാധാന്യത്തെ പറ്റി അവബോധം കുറവാണ്. പേവിഷ പ്രതിരോധ കുത്തിവയ്പെടുത്താലും (ആന്റി റേബീസ് വാക്സീൻ) അപൂർവമായി പേവിഷബാധയ്ക്ക് സാധ്യതയുണ്ട്. എവിടെയാണ് കടിയേറ്റത് എന്നതിനെക്കൂടി ആശ്രയിച്ചാണത്.
ഒന്നോ രണ്ടോ സെന്റിമീറ്റർ! കടിയേറ്റ ഭാഗത്തെ മുറിവിലൂടെയാണ് പേപ്പട്ടിയുടെ ഉമിനീരിൽ നിന്നുള്ള വൈറസ് മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്. ഇത് നാഡികളിലൂടെ സഞ്ചരിച്ച് സുഷുമ്നയിലും തലച്ചോറിലുമെത്തുമ്പോഴാണ് പേവിഷ ബാധയുണ്ടാകുന്നത്. വളരെ സാവധനമാണ് ഈ നീക്കം. സാധാരണ ഒരു ദിവസം ഒന്നോ രണ്ടോ സെന്റി മീറ്റർ മാത്രമാണ് ഇവയ്ക്ക് സഞ്ചരിക്കാനാകുക. അതുകൊണ്ടു തന്നെ കടിയേറ്റ ഭാഗത്തു നിന്ന് തലച്ചോറിലേക്കെത്തുന്നതിന് മുൻപേ വാക്സീൻ ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. തലച്ചോറിനെ ബാധിച്ച് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ പിന്നെ ചികിത്സ ദുർഘടമാണ്.
നാഡികൾ കൂടുതലുള്ള തല, മൂക്ക്, ചെവി, ചുണ്ട്, മുഖം, കഴുത്ത്, വിരൽത്തുമ്പുകൾ എന്നീ ഭാഗങ്ങളിലാണ് കടിക്കുന്നതെങ്കിൽ റിസ്ക് കൂടുതലാണ്. കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആണ് കടിയേൽക്കുന്നതെങ്കിൽ ദൂരം മൂലം വൈറസ് തലച്ചോറിലെത്താൻ ഏറെ സമയമെടുക്കും. ചിലപ്പോൾ ഒരു മാസം വരെയാകാം. എന്നാൽ കടിക്കുന്നത് തല ഭാഗത്താണെങ്കിൽ കുറഞ്ഞ സമയം മതി. പ്രതിരോധ വാക്സീൻ, ആന്റിബോഡികൾ ഇവ ശരീരത്തിൽ ഏൽക്കുന്നതിനു മുൻപേ വൈറസ് തലച്ചോറിൽ കടന്ന് വിഷബാധയുണ്ടാക്കിയേക്കാം. ഇതാണ് വാക്സീൻ എടുത്താലും ചിലർക്ക് പേവിഷ ബാധയുണ്ടാകാൻ കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.