ന്യൂയോർക്ക്: വിവിധ രാജ്യങ്ങളിലെ 30 യു.എസ് എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ നിർദേശം നൽകി ട്രംപ് ഭരണകൂടം. അടച്ചുപൂട്ടുന്ന എംബസികൾക്ക് പകരം അയൽരാജ്യങ്ങളിലെ എംബസികൾക്ക് അധിക ചുമതല നൽകും.
നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടിയും ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചും ഫണ്ട് വെട്ടിക്കുറച്ചും അമേരിക്കൻ സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ ബജറ്റ് പകുതിയായി കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികൾ.
യൂറോപ്പിലും ആഫ്രിക്കയിലുമുള്ള 10 എംബസികളും 17 കോൺസുലേറ്റുകളും നിർത്തലാക്കാനുള്ള നിർദേശം ഇപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റിന്റെ പരിഗണനയിലാണ്.
മാൾട്ട, ലക്സംബർഗ്, ലെസോത്തോ, കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടാനാണ് പദ്ധതി. ഇതിന് പുറമെ ഫ്രാൻസിലെ അഞ്ചും ജർമനിയിലെ രണ്ടും ബോസ്നിയയിലെ രണ്ടും കോൺസുലേറ്റുകളും യു.കെ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ ഓരോ കോൺസുലേറ്റുകളും പൂട്ടാനും നിർദേശത്തിൽ പറയുന്നു. ഏഷ്യൻ രാജ്യങ്ങളിലെ ദക്ഷിണ കൊറിയയിലെ ഒരു കോൺസുലേറ്റ് മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്.
ചില രാജ്യങ്ങളിലെ കോൺസുലേറ്റുകൾ അടച്ചുപൂട്ടാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി മാർച്ചിൽ തന്നെ ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതേസമയം പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിക്കാൻ യു.എസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് വക്താവ് തയ്യാറായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.