ബെംഗളൂരു∙ ഇസ്രയേലി വനിതയേയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.
ഗംഗാവതി സ്വദേശിയായ നിർമാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. കേസിലെ മറ്റ് പ്രതികളായ ഗംഗാവതി സായ് നഗർ സ്വദേശികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ ഇന്ന് കൊപ്പൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണു കേസിലെ മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കിയത്.
രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തതായും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. സംഭവം നടന്ന സനാപൂർ തടാകത്തിനു സമീപത്തുള്ള ദുർഗമ്മ ക്ഷേത്രത്തിനു മുന്നിലെ സിസിടിവികളിൽനിന്നാണ് പൊലീസിനു പ്രതികളുടെ ദൃശ്യങ്ങൾ കിട്ടിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന ഇരകളുടെ മൊഴികളും നിർണായകമായി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കർണാടകയിലെ കൊപ്പലിലാണ് ഇസ്രയേലി വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാൽസംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ അക്രമികൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി. വ്യാഴം രാത്രിയാണ് ഇരുപത്തേഴുകാരിയെയും ഇരുപത്തൊൻപതുകാരിയായ ഹോംസ്റ്റേ ഉടമയെയും മൂന്നു പേർ ആക്രമിച്ചത്. സഞ്ചാരികൾക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം.
ഇതിലൊരാളാണ് മുങ്ങിമരിച്ച ഒഡീഷ സ്വദേശി ബിബാഷ്. സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന യുഎസ് പൗരൻ ഡാനിയൽ, മഹാരാഷ്ട്രാ സ്വദേശി പങ്കജ് എന്നിവർ നീന്തി രക്ഷപ്പെട്ടു. മുങ്ങിപ്പോയ ബിബാഷിന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അത്താഴത്തിനു ശേഷം താനും നാല് അതിഥികളും കനാൽ തീരത്ത് നക്ഷത്ര നിരീക്ഷണത്തിനായി പോയതായിരുന്നുവെന്ന് ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു.
ബൈക്കിലെത്തിയ മൂന്നു പ്രതികൾ പെട്രോൾ എവിടെ കിട്ടുമെന്നു ചോദിച്ചു. തുടർന്ന് ഇസ്രയേലി യുവതിയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ തർക്കമായി. തുടർന്ന് പ്രതികൾ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. അതിനു ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. ബെംഗളൂരുവിൽനിന്ന് 350 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന കൊപ്പൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.