കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിച്ച കൂട്ടക്കൊലയ്ക്ക് പിന്നില്‍ കുടുംബത്തിനുണ്ടായ 16 കോടിയുടെ കടമെന്ന് കൊല്‍ക്കത്തെ പോലീസിന്റെ കണ്ടെത്തല്‍. കടത്തെത്തുടര്‍ന്ന് കൂട്ട ആത്മഹത്യചെയ്യാനായിരുന്നു സഹോദരങ്ങളുടേയും ഭാര്യമാരുടേയും ശ്രമം.
എന്നാല്‍, ഇത് പരാജയപ്പെട്ടതോടെ സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തി ജീവിതം അവസാനിപ്പിക്കാനായിരുന്നു സഹോദരങ്ങള്‍ പദ്ധതിയിട്ടത്. ഭാര്യമാരെ കൊലപ്പെടുത്തിയെങ്കിലും റോഡപകടത്തിലൂടെ ജീവനൊടുക്കാനുള്ള ശ്രമം പാളി. കൊല്ലപ്പെട്ട സ്ത്രീകളിലൊരാളുടെ ഭര്‍ത്താവ് പ്രസൂണ്‍ ഡേ കുറ്റം സമ്മതിച്ചു.
ഫെബ്രുവരി 19-നാണ് കൊല്‍ക്കത്തയിലെ താന്‍ഗ്രയിലെ മൂന്നുനില വീട്ടില്‍ രണ്ട് സ്ത്രീകളേയും 14-കാരിയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുധേഷ്ണ ഡേ, സഹോദരഭാര്യ റോമി ഡേ, റോമിയുടെ 14-കാരിയായ മകള്‍ എന്നിവരെയാണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 17-ന് താനും സഹോദരന് പ്രണയ് ഡേയും സഹോദരഭാര്യ സുധേഷ്ണയും ഭാര്യ റോമിയും ആത്മഹത്യാശ്രമം നടത്തിയെന്ന് പ്രസൂണ്‍ ഡേ മൊഴി നല്കി. ഇത് പരാജയപ്പെട്ടതോടെ നേരത്തെ ആലോചിച്ച് ഉറപ്പിച്ച പ്ലാന്‍ ബി നടപ്പാക്കാന്‍ തീരുമാനിച്ചു. ആത്മഹത്യാശ്രമം പരാജയപ്പെടുകയാണെങ്കില്‍ ജീവനൊടുക്കാന്‍ പരസ്പരം സഹായിക്കാമെന്നായിരുന്നു ധാരണ.
ആദ്യം സ്വന്തം മകളെ കൊലപ്പെടുത്താനായിരുന്നു പ്രസൂണ്‍ തീരുമാനിച്ചത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുക്കൊല്ലാനായിരുന്നു പദ്ധതി. പ്രസൂണ്‍ മകളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചപ്പോള്‍, ഭാര്യ കാലുരണ്ടും പിടിച്ചുവെച്ചു. മകള്‍ മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രസൂണ്‍, ഭാര്യ റോമിയുടേയും സഹോദഭാര്യ സുധേഷ്ണയുടേയും കൈത്തണ്ടയും കഴുത്തും അറുത്തു കൊലപ്പെടുത്തി.
മൂന്ന് കൊലപാതകങ്ങളും നടക്കുന്ന സമയത്ത് പ്രണയ്യും 15-കാരനായ മകനും വീടിന്റെ മുകള്‍ നിലയിലായിരുന്നു. താഴെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഉറക്കഗുളിക കഴിച്ച പ്രസൂണ്‍ മയങ്ങിപ്പോയി.
ഉച്ചയ്ക്കുശേഷം മകനൊപ്പം താഴത്തെ നിലയിലേക്ക് ഇറങ്ങിവന്ന പ്രണയ് അടുത്ത പദ്ധതിയിലേക്ക് നീങ്ങി. മെട്രോ തൂണില്‍ വാഹനം ഇടിച്ചുകയറ്റി ജീവിതം അവസാനിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍, ഇത് പരാജയപ്പെട്ടു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കുടുംബത്തിന് ആകെ 16 കോടിയുടെ കടമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വീട് പണയത്തിലായിരുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ പണമുണ്ടായിരുന്നില്ല. കുടുംബത്തിന്റെ മൂന്ന് കാറുകളില്‍ രണ്ടെണ്ണത്തിന്റേയും വായ്പ തിരിച്ചടവ് കുടിശ്ശികയായിരുന്നു. ഇതുമാത്രം 47 ലക്ഷത്തോളമുണ്ടായിരുന്നു. ആഡംബരജീവിതമാണ് പ്രണയ്യേയും പ്രസൂണിനേയും ഈ നിലയില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പിതാവ് അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു. എന്നാല്‍, ഇരുവരുടേയും ആഡംബരജീവിതം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. ബിസിനസ് തകരുമ്പോഴും വിദേശയാത്രകള്ക്കടക്കം ഇവര്‍ പണം ചെലവാക്കി.
നിലവില്‍ ആശുപത്രയില്‍ ചികിത്സയിലുള്ള പ്രണയ്യെ പോലീസ് അറസ്റ്റുചെയ്തേക്കും. സഹോദരങ്ങളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് പോലീസ് നീക്കം. ഇതിനുശേഷം കൊലപാതകത്തിന് പുറമേ മറ്റുവകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തും. അതിനിടെ, അപകടത്തെ അതിജീവിച്ച പ്രണയ്യുടെ മകനെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാവുന്നില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.