ഇടുക്കിയില്‍ ആയിരക്കണക്കിന് ഏക്കര്‍ കയ്യേറിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

തിരുവനന്തപുരം ;ഇടുക്കിയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ ആയിരക്കണക്കിന് ഏക്കര്‍ കയ്യേറിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍. ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാനും കയ്യേറ്റക്കാരെ നിയന്ത്രിക്കാനും സര്‍ക്കാരിനു കഴിയുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

പുറമ്പോക്കിലെ പാറ ഖനനത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ ജിയോളജിസ്റ്റിനെ സ്ഥലംമാറ്റിയതിനെയാണു കയ്യേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചെന്ന രീതിയില്‍ മന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും സര്‍ക്കാര്‍ രണ്ടായി കാണണം.

കുടിയേറ്റക്കാരെ നിയമപരമായി സംരക്ഷിച്ച് അവര്‍ക്കു പട്ടയം നല്‍കാനുള്ള തടസങ്ങള്‍ നീക്കണം. അക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും സതീശന്‍ പറഞ്ഞു. ഇടുക്കിയില്‍ ആയിരക്കണക്കിന് ഏക്കറാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ കയ്യേറിയത്. പരുന്തുംപാറ, വാഗമണ്‍, ചൊക്രമുടി, ചിന്നക്കനാല്‍, മാങ്കുത്തിമേട്, അണക്കരമേട്, കൊട്ടക്കമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണു കയ്യേറ്റം.

വാഗമണ്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് 2022 മുതല്‍ വില്ലേജ് ഓഫിസറും താലൂക്ക് സര്‍വെയറും ഉള്‍പ്പെടെയുള്ളവര്‍ പീരുമേട് തഹസില്‍ദാര്‍ക്കു നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. വ്യാജപട്ടയം ഉണ്ടാക്കിയാണ് ഈ കയ്യേറ്റങ്ങള്‍. 

വിവാദമായപ്പോള്‍ സര്‍ക്കാര്‍ ഭൂമി ആണെന്ന ബോര്‍ഡ് മാത്രം സ്ഥാപിച്ചു. അതു കയ്യേറ്റക്കാര്‍ തന്നെ എടുത്തു തോട്ടില്‍ കളഞ്ഞു. വ്യാജപട്ടയം ഉണ്ടാക്കി നൂറുകണക്കിന് ഏക്കര്‍ ഭൂമി കയ്യേറിയ ആള്‍ക്കെതിരെ ഇതുവരെ ഭൂസംരക്ഷണ നിയമപ്രകാരം ഒരു കേസ് പോലും എടുത്തിട്ടില്ല.


ചൊക്രമുടിയില്‍ രണ്ടു മേഖലകളിലാണു കയ്യേറ്റം. ഒരു മേഖലയില്‍ 13.7 ഏക്കര്‍ ഭൂമിയുടെ പട്ടയം സര്‍ക്കാര്‍ മാറ്റി. അതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ, ആരാണ് കയ്യേറിയത്. ഇടുക്കി ജില്ലയിലെ കയ്യേറ്റക്കാരുടെ പേര് പറഞ്ഞാല്‍ അതു വലിയ വിവാദമാകും. അതുകൊണ്ട് ആരുടെയും പേര് പറയുന്നില്ല. മദ്രാസില്‍നിന്നുള്ള കയ്യേറ്റക്കാരന്‍ കൊട്ടക്കമ്പൂരില്‍ 344.5 ഏക്കര്‍ കയ്യേറിയെന്ന് തഹസില്‍ദാരും സബ് കലക്ടറും റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. 

അതേ ആള്‍ തന്നെയാണ് ചൊക്രമുടിയിലും ഭൂമി കയ്യേറിയത്. ചിന്നക്കനാല്‍, വട്ടവട, കാന്തല്ലൂര്‍, മാങ്കുളം, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂ മാഫിയ കയ്യേറിയെന്നാണ് റവന്യു മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പറഞ്ഞത്. കയ്യേറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയത് ഇടുക്കിയിലെ ഉയര്‍ന്ന റവന്യു ഉദ്യോഗസ്ഥനാണെന്നും ജില്ലാ സെക്രട്ടറി ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. 

കയ്യേറ്റം സംബന്ധിച്ച് മന്ത്രിക്ക് കിട്ടിയ പരാതി പരിശോധിക്കാന്‍ ഇടുക്കി കലക്ടറേറ്റിലേക്ക് അയച്ചപ്പോള്‍ അത് ഏറ്റുവാങ്ങിയതും ഇതേ ഉദ്യോഗസ്ഥനാണ്. ആ ഉദ്യോഗസ്ഥന്‍ കയ്യേറ്റത്തെ റെഗുലറൈസ് ചെയ്ത് കൊടുത്തു. അതുകൊണ്ടാണ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. അന്ന് ഞാനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ചൊക്രമുടിയില്‍ സന്ദര്‍ശനം നടത്തിയതിനുശേഷമാണു നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായത്. 

ഇതിന്റെ തൊട്ടടുത്ത് കല്ലമ്പലം, പച്ചപ്പുല്ല്, ഉപ്പള തുടങ്ങിയ സ്ഥലത്ത് കയ്യേറ്റക്കാര്‍ പാറ പൊട്ടിച്ച് 2.5 കിലോമീറ്റര്‍ നീളത്തില്‍ പത്ത് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ചു. അത് നിര്‍മിച്ച ആളുടെയും പേരു പറയുന്നില്ല. പാറപൊട്ടിച്ച് റോഡ് നിര്‍മിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. നടപടി എടുക്കാത്തതിനു കാരണം രാഷ്ട്രീയ സമ്മര്‍ദമാണ്. ഈ ഭൂമി ഇപ്പോഴും കയ്യേറ്റക്കാരുടെ കയ്യിലാണ്. ചിന്നക്കനാലില്‍ ആദിവാസികള്‍ക്കു കൈമാറിയ ഭൂമി ഉള്‍പ്പെടെ കയ്യേറിയത് ആരാണ്? ആ കയ്യേറ്റക്കാരന്റെയും പേര് പറയുന്നില്ല. 

അയാളെ തൊടാന്‍ പറ്റിയോ? സര്‍ക്കാര്‍ പുറമ്പോക്കിലും പാറഖനനം നടത്തുകയാണ്. അതിനു പിന്നിലും പ്രധാനപ്പെട്ട ഒരാളുടെ കുടുംബമാണ്. 2024ല്‍ മാത്രം ജില്ലാ ജിയോളജിസ്റ്റ് പാറഖനനം സംബന്ധിച്ച് 27 റിപ്പോര്‍ട്ട് കൊടുത്തു. 2024 ഏപ്രില്‍ 29-ന് പാറ പൊട്ടിച്ച ആളുടെ പേരു വച്ച് പരാതി നല്‍കി. അപ്പോള്‍ ജില്ലാ ജിയോളജിസ്റ്റിനെ സ്ഥലം മാറ്റി. അതാണു ശക്തമായ നടപടി സ്വീകരിച്ചു എന്നു പറഞ്ഞത്. 

1964 ലെ റൂള്‍ അനുസരിച്ചുള്ള പട്ടയ വിതരണം ഹൈക്കോടതി സ്റ്റേ ചെയ്തു. കയ്യേറ്റവും കുടിയേറ്റവും രണ്ടാണെന്നും കയ്യേറ്റക്കാര്‍ക്കു പട്ടയം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചില്ല. ആരാണ് വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കയ്യേറിയത് എന്നതിന്റെ പട്ടിക രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാരിനു നല്‍കാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് സ്റ്റേ വന്നത്. ഇടുക്കി ജില്ലയില്‍ വ്യാപകമായി എല്ലാ പ്രദേശങ്ങളിലും ഭൂമി പ്രശ്നങ്ങള്‍ കൊണ്ട് ജനങ്ങള്‍ അനിശ്ചിതാവസ്ഥയിലാണ്. 

ജനങ്ങള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണു ജില്ലയില്‍ നിലനില്‍ക്കുന്നത്. തലമുറകളായി ജീവിക്കുന്നവര്‍ക്കുപോലും ജീവിക്കാനാകാത്ത അവസ്ഥയാണ്. അപ്പോഴും കയ്യേറ്റക്കാര്‍ സ്വൈര്യവിഹാരം നടത്തുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ കയ്യേറിയിരിക്കുന്നത്. 

ആ ഭൂമി മറിച്ച് വിറ്റ് അവര്‍ കോടികളാണ് സമ്പാദിക്കുന്നത്. കയ്യേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരിന് പട്ടയ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനും കഴിയുന്നില്ലെന്ന് സതീശന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !