തിരുവനന്തപുരം: ഗ്യാസ് ഏജന്‍സി ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങവേ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെ വിജിലന്‍സ് പിടികൂടി.
കൊല്ലം കടയ്ക്കല്‍ സ്വദേശിയും കുറവങ്കോണം പണ്ഡിറ്റ് കോളനിയില്‍ താമസക്കാരനുമായ ഗ്യാസ് ഏജന്‍സി ഉടമയുടെ പരാതിയിലാണ് അറസ്റ്റ്. വൈകീട്ട് ഏഴരയോടെ ഏജന്‍സി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ ഇയാള്‍ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സിന്റെ പിടിയിലായത്.പരാതിക്കാരന് ഭാര്യയുടെ പേരില്‍ കൊല്ലം കടയ്ക്കലില്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലൈസന്‍സുള്ള ഒരു ഗ്യാസ് ഏജന്‍സി നടത്തുകയാണ്. രണ്ടു മാസം മുന്‍പ് അലക്സ് മാത്യു പരാതിക്കാരനെ ഫോണില്‍ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്നും വീട്ടിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
അതുപ്രകാരം വീട്ടിലെത്തിയപ്പോള്‍ കടയ്ക്കലിലെ ഏജന്‍സിയില്‍നിന്ന് ഉപഭോക്താക്കളെ അടുത്തുള്ള മറ്റ് ഏജന്‍സികളിലേക്കു മാറ്റാതിരിക്കാന്‍ പത്തുലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. എന്നാല്‍, പരാതിക്കാരന് തുക നല്കാന് സാധിക്കില്ലെന്നു മറുപടി പറഞ്ഞു.
ഇതിനെത്തുടര്‍ന്ന് കടയ്ക്കലെ ഏജന്‍സിയില്‍നിന്ന് ഏകദേശം 1200 കണക്ഷന് അലക്സ് മാത്യു മാറ്റി മറ്റൊരു ഏജന്‍സിക്കു നല്കി. ശേഷം പരാതിക്കാരനെ വിളിച്ച് ഇയാള്‍ തിരുവനന്തപുരത്തേക്കു വരുന്നെന്നും തുക അവിടെ വച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പരാതിക്കാരന് പൂജപ്പുരയിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. അലക്സ് മാത്യുവിന്റെ എറണാകുളത്തെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.
അലക്സ് മാത്യുവിനെതിരേ ഗതികെട്ടാണ് പരാതി നല്‍കിയതെന്നും പരാതിക്കാരന് പറഞ്ഞു. 'ഒരുപാട് ഏജന്‍സികളില്‍ നിന്ന് അലക്സ് മാത്യു പൈസ വാങ്ങിക്കാറുണ്ട്. പൈസ വാങ്ങാനുള്ള സാഹചര്യം പുള്ളി സൃഷ്ടിക്കും. പൈസ കൊടുത്താലും ഇത് അവസാനിക്കില്ല. അദ്ദേഹത്തിന് ഇനിയും ഒന്നരവര്‍ഷക്കാലം സര്‍വീസുണ്ട്. ഒരുപാട് ആലോചിച്ചു. ഒടുവില്‍ സഹികെട്ടാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്.'- പരാതിക്കാരന് പറഞ്ഞു.
ഗ്യാസ് ഏജന്‍സി അനുവദിക്കുന്നിന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് രണ്ടുലക്ഷം രൂപ വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് അറസ്റ്റിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്റെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടത്തി. കടവന്ത്ര ചിലവന്നൂരിലെ വീട്ടിലാണ് ശനിയാഴ്ച രാത്രി എറണാകുളം വിജിലന്‍സ് യൂണിറ്റ് പരിശോധന നടത്തിയത്.
എറണാകുളം വിജിലന്‍സ് മധ്യമേഖലാ എസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിന്റെ പരിശോധന രാത്രി വൈകിയും തുടര്‍ന്നു. അലക്സ് മാത്യുവിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.