ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്.
മൂന്ന് ടേം പൂര്‍ത്തിയായതിനാല്‍ മാറി നില്‍ക്കുമെന്ന് പ്രകാശ് കാരാട്ട് റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പിണറായി വിജയന് മുഖ്യമന്ത്രി കൂടിയായതിനാല്‍ ഇളവ് നല്‍കാമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.'ജനറല്‍ സെക്രട്ടറിയാകുന്നതിന് മൂന്ന് ടേം എന്ന പരിധിയുണ്ട്. മൂന്ന് ടേം പൂര്‍ത്തിയായാല്‍ ജനറല്‍ സെക്രട്ടറിയാകാന്‍ പറ്റില്ല. 75 വയസ് കഴിഞ്ഞാലും നടക്കില്ല. ലോക്കല്‍ സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ള ആളുകളില്‍ 3 ടേം എന്ന നിബന്ധന പാര്‍ട്ടി ഭരണഘടന പറയുന്നുണ്ട്. പക്ഷേ ചിലപ്പോള്‍ അസാധാരണമായ സാഹചര്യങ്ങളുണ്ടാകാം.
ചിലപ്പോള്‍ പ്രത്യേക നടപടികള്‍ എടുക്കേണ്ടി വരും. എന്നാല്‍ ഇന്ന് അത്തരത്തിലുള്ള ഒരു അസാധാരണ സാഹചര്യമില്ല', അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലാണ് 75 എന്ന പ്രായ പരിധി പ്രാബല്യത്തില്കൊണ്ടുവന്നതെന്നും പാര്‍ട്ടിയിലെ എല്ലാ തലത്തിലും അത് പ്രാബല്യത്തില്‍ വരുത്തിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്ര കമ്മിറ്റിക്ക് 75 ആണ് പ്രായപരിധിയെന്നും സംസ്ഥാനങ്ങളില്‍ അതില്‍ വ്യത്യാസസമുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
'എന്നാല്‍ നേതാക്കളോ പ്രവര്‍ത്തകരോ കമ്മിറ്റിയില്‍ നിന്ന് പോകുന്നുവെന്നതല്ല അതിനര്‍ത്ഥം. അവര്‍ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും. അവരുടെ അനുഭവവും കഴിവും അനുസരിച്ചുള്ള പ്രവര്‍ത്തികളും പാര്‍ട്ടി നല്‍കും. പുതിയ ആളുകളെ കൊണ്ടുവന്ന് പാര്‍ട്ടിയെ പുതുക്കേണ്ടതുണ്ട്. എല്ലാ മൂന്ന് വര്‍ഷവും ചിലയാളുകള്‍ പുറത്ത് പോകുകയും ചിലയാളുകള്‍ കമ്മിറ്റിയിലേക്ക് വരികയും ചെയ്യും', പ്രകാശ് കാരാട്ട് പറഞ്ഞു.
പിണറായി വിജയന്റെ കാര്യത്തിലും ചെറിയ സൂചന പ്രകാശ് കാരാട്ട് നല്‍കിയിട്ടുണ്ട്. പ്രായപരിധിയില്‍ ഏതെങ്കിലും സഖാവിനെ മാറ്റി നിര്‍ത്തുകയും കമ്മിറ്റിയില്‍ തുടരാന്‍ അനുവദിക്കുകയും വേണമെന്ന സാഹചര്യമാണെങ്കില്‍ അതും പരിശോധിക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. മധുരയില്‍ അതിനുള്ള ചര്‍ച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസും പിണറായി വിജയന് ഇളവ് നല്‍കിയിരുന്നു.മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയെ കുറിച്ചും പ്രകാശ് കാരാട്ട് പ്രതികരിച്ചു. നയരേഖ പാര്‍ട്ടി നയങ്ങളുടെ മാറ്റമല്ലെന്നും മുമ്പും സ്വകാര്യവവല്ക്കരണത്തിനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ മാത്രം സോഷ്യലിസം നടപ്പാക്കാനാകില്ല. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതില്‍ തെറ്റില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.