ന്യൂഡല്‍ഹി: വീണ്ടും കേന്ദ്രത്തെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂര്‍. പുതിയൊരു ലേഖനത്തിലാണ് കോവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തെ തരൂര്‍ പുകഴ്ത്തിയത്.
വാക്സിന് കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയര്‍ന്നുവെന്ന് തരൂര്‍ പറഞ്ഞു. കോവിഡ് കാല ഭീകരതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ അന്നത്തെ വാക്സിന് നയതന്ത്രം. ഉത്തരവാദിത്തത്തിലും ഐക്യദാര്‍ഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അതെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ 'വാക്സിന് മൈത്രി' സംരംഭത്തെ പുകഴ്ത്തി ദി വീക്കില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ് ശശി തരൂര്‍. 2020-21 കാലത്തെ കോവിഡ് മഹാമാരിയെ നേരിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ അന്താരാഷ്ട്ര നീക്കങ്ങളെയാണ് തരൂര്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്.
കോവിഡ് കാലത്ത് 100-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ സംരംഭമാണ് വാക്സിന് മൈത്രി. ഇതിന്റെ ഭാഗമായി 2021 ജനുവരി 20 മുതല്‍ ഇന്ത്യ വാക്സിന് വിതരണം ആരംഭിച്ചു.
കോവിഷീല്‍ഡ്, കോവാക്സിന് എന്നീ വാക്സിനുകള്‍ നിര്‍മിച്ച് നേപ്പാള്‍, ഭൂട്ടാന്, മാലിദ്വീപ്, ബംഗ്ലാദേശ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മ്യാന്മര് എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇത് വിതരണം ചെയ്തു. സമ്പന്ന രാജ്യങ്ങള്‍ ചെയ്യാത്തത് ഇന്ത്യ ചെയ്തുവെന്ന് തരൂര്‍ പറഞ്ഞു.
വസുധൈവ കുടുംബകം എന്ന തത്വത്തില്‍ വേരൂന്നിയ ആഗോള ഐക്യദാര്‍ഢ്യത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയെന്നും. ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
കേവലം വാക്സിന് നല്‍കുക മാത്രമല്ല, നേപ്പാള്‍, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ സൈനിക ഡോക്ടര്‍മാരെ അയയ്ക്കുകയും, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുടനീളമുള്ള ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുകയും ചെയതു. ഇതുവഴി ഇന്ത്യക്ക് ദീര്‍ഘകാല അന്താരാഷ്ട്ര സഹകരണത്തിന് അടിത്തറ പാകാന്‍ സാധിച്ചതിനൊപ്പം അടിയന്തിര ആരോഗ്യ ആശങ്കകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നും തരൂര്‍ പറയുന്നു.
റഷ്യ-ഉക്രെയ്ന് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ക്കും പ്രധാനമന്ത്രിയെ പ്രശംസിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.