തിരുവനന്തപുരം: തകര്‍ന്നുപോയ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് റഹീം.
ആശുപത്രി വിട്ട ഭാര്യ ഷെമിക്കൊപ്പം അഗതി മന്ദിരത്തിലാണ് റഹീം ഇപ്പോള്‍ താമസിക്കുന്നത്. മകന് അഫാനെ കാണാന്‍ ആഗ്രഹമില്ലെന്നും അഫാന് യാതൊരു തരത്തിലുള്ള ബാധ്യതയില്ലെന്നും റഹീം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഷെമിയുടെ പേരിലായിരുന്നു ബാധ്യതകളുണ്ടായിരുന്നത്. അക്കാര്യം തനിക്ക് അറിയില്ലായിരുന്നെന്നും ആശുപത്രിയില്‍വെച്ചാണ് ഷെമി ഇത് പറഞ്ഞതെന്നും റഹീം പറയുന്നു.
ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ഷെമി തന്നോട് നേരത്തെ സംസാരിച്ചിരുന്നെന്നും വീടും സ്ഥലവും വിറ്റ് കടം വീട്ടാം എന്ന് പറഞ്ഞ് ഷെമിയെ അന്ന് ആശ്വസിപ്പിച്ചുവെന്നും റഹീം വ്യക്തമാക്കുന്നു.വെഞ്ഞാറമ്മൂട് സെന്‍ട്രല്‍ ബാങ്കില്‍ നിന്നെടുത്ത ഹൗസിങ് ലോണായിരുന്നു പ്രധാന ബാധ്യത. 15 ലക്ഷം രൂപയുടെ ലോണാണ് എടുത്തിരുന്നത്. 20 വര്‍ഷം കാലാവധിയുണ്ടായിരുന്നു.
പക്ഷേ ഞാന്‍ അത് അഞ്ച് വര്‍ഷം കൊണ്ട് തന്നെ അടച്ചുതീര്‍ക്കാനാണ് ശ്രമിച്ചത്. അത് അടച്ചുതീര്‍ക്കാനായി പണം കൃത്യമായി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് മുഴുവനായി അടച്ചിരുന്നില്ല. കുറച്ച് പൈസ ബാക്കിയുണ്ടായിരുന്നു. അതിന്റെ പലിശ കൂടി വന്ന് വലിയ ബാധ്യതയായി മാറി. പക്ഷേ ഇക്കാര്യം എനിക്ക് അറിയില്ലായിരുന്നു. ആ ലോണ്‍ മുഴുവന്‍ അടച്ചു ക്ലോസ് ചെയ്തു എന്നാണ് ഞാന്‍ കരുതിയിരുന്നത്.
ബന്ധുവിന്റെ കൈയില്‍നിന്ന് ഷെമി പൈസ വാങ്ങിയിരുന്നു. സ്വര്‍ണം പണയം വെയ്ക്കുകയും ചെയ്തിരുന്നു. അതെല്ലാം തിരിച്ചുകൊടുക്കാനുണ്ടായിരുന്നു. എന്നോട് ഇതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. നമുക്ക് ആത്മഹത്യ ചെയ്താലോ എന്ന് ഷെമി ഒരിക്കല്‍ ചോദിച്ചിട്ടുണ്ടായിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്നും വീടും വസ്തുവും വിറ്റ് കടങ്ങള്‍ വീട്ടാം എന്നുമാണ് ഞാന്‍ ഷെമിയോട് പറഞ്ഞത്. എനിക്ക് ഗള്‍ഫില്‍ കുറച്ച് ബാധ്യതയുണ്ടായിരുന്നു. അത് തീര്‍ക്കാനുള്ള ശ്രമമായിരുന്നു. പക്ഷേ അത് നടന്നില്ല.'-റഹീം പറയുന്നു.
അഫാന്റെ ആക്രമണത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട ഷെമി 17 ദിവസങ്ങള്‍ക്കുശേഷമാണ് ആശുപത്രി വിട്ടത്. കൊലപാതകത്തെ കുറിച്ചുള്ള വിവരം വൈകിയാണ് ഷെമിയെ റഹീം അറിയിച്ചത്. ഇളയ മകന് മരിച്ച കാര്യമാണ് ആദ്യം പറഞ്ഞത്. പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞത് അനുസരിച്ച് എല്ലാ കാര്യങ്ങളും ഘട്ടംഘട്ടമായി പറയുകയായിരുന്നു. അഫാനാണ് ഇതെല്ലാം ചെയ്തതെന്ന ഇപ്പോഴും ഷെമി വിശ്വസിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.