ഇടുക്കി: പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴേക്ക് മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു.
വെസ്റ്റ് ബംഗാൾ സ്വദേശി ബാപി റോയ് (25) ആണ് മരിച്ചത്. ആലപ്പുഴ - മധുര സംസ്ഥാന പാതയിൽ വണ്ണപ്പുറം എഴുപതേക്കർ നിറപ്പാറയിലാണ് സംഭവം. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് ഇരുമ്പ് പൈപ്പുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. റോഡരികിലുള്ള വീടിൻ്റെ മതിലും ടെലിഫോൺ പോസ്റ്റുകളും തകർത്തതാണ് വണ്ടി മറിഞ്ഞത്.
അപകടം മനസിലാക്കി വാഹനത്തിൽ നിന്നും ചാടിയ ബാപി റോയ് വീട്ടുമുറ്റത്തെ റമ്പുട്ടാൻ മരത്തിനും വാഹനത്തിനുമിടയിൽ കുരുങ്ങുകയായിരുന്നു. വാഹനത്തിൽ മൂന്ന് പേര് കൂടി ഉണ്ടായിരുന്നു. മരിച്ച ബാപിയുടെ സഹോദരൻ രാജേഷാണ് വാഹനം ഓടിച്ചിരുന്നത്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെ വിവരം അറിഞ്ഞതിനെ തുടർന്ന് തൊടുപുഴയിൽ എത്തിയ അഗ്നി രക്ഷാസേനയും കാളിയാർ എസ്.എച്ച്.ഒ എച്ച്.എൽ. ഹണിയുടെ പൊലീസ് സംഘവും ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് തന്നെ സമാനമായ രീതിയിൽ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സ്ഥിരം അപകട മേഖലയായിട്ടും ബന്ധപ്പെട്ട വകുപ്പുകൾ തിരിഞ്ഞു നോക്കുന്നില്ല എന്നാരോപണവും ശക്തമാണ്. അടിയന്തരമായി സിഗ്നൽ ബോർഡുകളും സുരക്ഷാ വേലികളും സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുത്തനെ ഇറക്കുന്നതും വളവുമാണ് ഇവിടെ അപകടങ്ങൾ ഉണ്ടാകാൻ കാരണം എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
മുണ്ടൻമുടി എസ് വളവിൽ ക്രാഷ് ബാരിയർ വാഹനം ഇടിച്ച് തകർത്ത് നാളുകളായി എങ്കിലും ഇത് പൂർവ സ്ഥിതിയിൽ ആക്കുന്നതിനുള്ള നടപടികളൊന്നും അധികൃതർ കൈക്കൊണ്ടിട്ടില്ല. ഈ റൂട്ടിലൂടെ ഗൂഗിൾ മാപ്പ് വഴിയാണ് സ്ഥല പരിചയമില്ലാത്ത ഭൂരിഭാഗം വാഹനങ്ങൾ വരുന്നത്. ഇതും അപകടങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.