പാലക്കാട്; മകൻ നേരെയാകുമെന്നു പ്രതീക്ഷിച്ച് പത്തു വർഷത്തോളമാണ് മിനി കാത്തിരുന്നത്. കയ്യിലുള്ള സമ്പാദ്യമെല്ലാം അവനു വേണ്ടി ചെലവാക്കി. പക്ഷേ സമൂഹത്തിനുതന്നെ ഭീഷണിയാകുന്ന നിലയിലേക്ക് മകന്‍ മാറിയപ്പോൾ അവർ പൊലീസിനെ വീട്ടിലേക്കു വിളിച്ചു,
അവനെ അറസ്റ്റ് ചെയ്യിച്ചു. മിനിയുടെ മകൻ രാഹുലിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തതിനു പിന്നിൽ ഒരമ്മയുടെ യാതനയുടെ കഥകളുണ്ട്, ഒരു പെൺകുട്ടിയുടെ കണ്ണീരിന്റെ കഥയുണ്ട്. മകൻ ലഹരിക്ക് അടിമയായതുമുതൽ പൊലീസിനെ വിളിച്ചുവരുത്താനുണ്ടായ സാഹചര്യം വരെ വിശദീകരിക്കുകയാണ് ആ അമ്മ.‘‘ഇനി വയ്യ, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു, ക്ഷമിച്ചു.’’ – കൊല്ലുമെന്ന് ഉറപ്പായപ്പോൾ പൊലീസിനെ വിളിച്ച് സ്വന്തം മകനെ ഏൽപിച്ചുകൊടുത്ത അമ്മയുടെ പൊള്ളുന്ന വാക്കുകളാണിത്. ജയിലിൽനിന്ന് ഉടനെയൊന്നും മകനെ പുറത്തേക്കു വിടരുതെന്നാണ് ഈ അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
പുറത്തുവന്നാൽ ആദ്യം അവന്റെ അച്ഛനെയും അമ്മയെയും ആയിരിക്കും അവൻ കൊല്ലുകയെന്നും അവരുടെ വാക്കുകൾ. ലഹരിക്കടിമപ്പെട്ട് കൊന്നും കൊലവിളിച്ചും ഒരുകൂട്ടം യുവാക്കൾ ക്രമസമാധാനം തകർത്തുകൊണ്ടിരിക്കുമ്പോൾ സ്വന്തം മകനെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ട് ഒരമ്മ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ പല അമ്മമാരും നെഞ്ചിൽ നെരിപ്പോടും പേറി നീറി ജീവിക്കുമ്പോൾ അവർക്ക് ഒരു ചൂണ്ടുപലകയാവുകയാണ് കോഴിക്കോട് എലത്തൂർ ചെട്ടികളം എസ്കെ റോഡിൽ വലിയിൽ മിനി.
മകനെ രക്ഷിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു. ജീവിതകാലം മുഴുവൻ പണിയെടുത്തുണ്ടാക്കിയ ലക്ഷങ്ങൾ ചെലവഴിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ വന്നതോടെ പൊലീസിനെ വിളിച്ച് മകനെ കൊണ്ടു പോകാൻ പറയുകയായിരുന്നു ഈ അമ്മ. മകൻ നേരെയാകുമെന്നു പ്രതീക്ഷിച്ച് പത്ത് വർഷത്തോളമാണ് ഈ അമ്മ കാത്തിരുന്നത്. അതു നടക്കില്ലെന്നു കണ്ടതോടെ, സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന നിലയിലേക്ക് മാറിയ മകനെ ‘സുരക്ഷിതമായ’ സ്ഥലത്തേയ്ക്ക് അവർ തന്നെ മാറ്റി. അതല്ലാതെ അവർക്ക് മുന്നിൽ മറ്റു വഴികളില്ലായിരുന്നു.
മിനിയുടെ മകൻ രാഹുലിനെ (26) മാർച്ച് 21നാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഏറെക്കാലം ജയിലിലായിരുന്ന രാഹുൽ ഏതാനും ദിവസം മുൻപാണ് വീട്ടിലെത്തിയത്.
വീട്ടിലിരുന്നു ലഹരി മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതോടെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. മകൻ ലഹരിക്കടിമയായതുമുതൽ പൊലീസിനെ വിളിച്ചുവരുത്താനുണ്ടായ സാഹചര്യം വരെ മിനി മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.