ഉത്തരാഖണ്ഡിലെ രണ്ട് പ്രധാന റോപ്പ്‌വേ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സോൻപ്രയാഗ് മുതൽ കേദാർനാഥ് വരെ (12.9 കിലോമീറ്റർ), ഗോവിന്ദ്ഘട്ട് മുതൽ ഹേമകുണ്ഡ് സാഹിബ് വരെ (12.4 കിലോമീറ്റർ) എന്നീ റോപ്പ്‌വേ പദ്ധതികൾക്കാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
6,811 കോടി രൂപയാണ് ഈ രണ്ട് പദ്ധതികളുടെയും ആകെ ചെലവ്. സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ (സി.സി.ഇ.എ) തീരുമാനത്തെത്തുടർന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ നിർമ്മാണം 4 മുതൽ 6 വർഷത്തിനുള്ളിൽ പൂർത്തിയാകും.കേദാർനാഥ് റോപ്പ്‌വേ പദ്ധതി:
സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്കുള്ള 12.9 കിലോമീറ്റർ റോപ്പ്‌വേ ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ഡി.ബി.എഫ്.ഒ.ടി) മാതൃകയിലാണ് നിർമ്മിക്കുന്നത്. 4,081.28 കോടി രൂപയാണ് ഇതിന്റെ ആകെ ചെലവ്. അത്യാധുനിക ട്രൈ-കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3എസ്) സാങ്കേതികവിദ്യയാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 1,800 യാത്രക്കാരെ ഇരു ദിശകളിലേക്കും വഹിക്കാൻ ശേഷിയുള്ള ഈ റോപ്പ്‌വേ വഴി പ്രതിദിനം 18,000 യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കും.
ഹേമകുണ്ഡ് സാഹിബ് റോപ്പ്‌വേ പദ്ധതി:
ഗോവിന്ദ്ഘട്ട് മുതൽ ഹേമകുണ്ഡ് സാഹിബ് വരെയുള്ള 12.4 കിലോമീറ്റർ റോപ്പ്‌വേയും ഡി.ബി.എഫ്.ഒ.ടി മാതൃകയിലാണ് നിർമ്മിക്കുന്നത്. 2,730.13 കോടി രൂപയാണ് ഇതിന്റെ ആകെ മൂലധന ചെലവ്. നിലവിൽ, ഹേമകുണ്ഡ് സാഹിബിൽ എത്താൻ ഗോവിന്ദ്ഘട്ടിൽ നിന്ന് 21 കിലോമീറ്റർ ദുഷ്‌കരമായ കയറ്റം കയറേണ്ടതുണ്ട്. ഈ റോപ്പ്‌വേ പദ്ധതി ഹേമകുണ്ഡ് സാഹിബിലെ തീർത്ഥാടകർക്കും പൂക്കളുടെ താഴ്‌വര സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും സൗകര്യപ്രദമാകും. മാത്രമല്ല, ഗോവിന്ദ്ഘട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബിലേക്കുള്ള എല്ലാ കാലാവസ്ഥയിലുമുള്ള യാത്രാ സൗകര്യവും ഈ പദ്ധതി ഉറപ്പാക്കും.
റോപ്പ്‌വേ :യാത്ര കൂടുതൽ സുഗമമാകും
നിലവിൽ, കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോകണമെങ്കിൽ ഗൗരികുണ്ഡിൽ നിന്ന് 16 കിലോമീറ്റർ ദുഷ്‌കരമായ കയറ്റം കയറണം. ഈ റോപ്പ്‌വേ പദ്ധതി സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്കുള്ള എല്ലാ കാലാവസ്ഥയിലുമുള്ള യാത്രാ സൗകര്യം ഉറപ്പാക്കുകയും തീർത്ഥാടകർക്ക് യാത്ര സുഗമമാക്കുകയും ചെയ്യും.
ഈ റോപ്പ്‌വേ പദ്ധതികൾ ഉത്തരാഖണ്ഡിലെ തീർത്ഥാടന ടൂറിസത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.