ന്യൂഡൽഹി ;ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഈ വർഷം തന്നെ ഒപ്പിടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെയർ ലെയനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.
എഫ്ടിഎ എങ്ങനെ വേഗത്തിൽ നടപ്പാക്കാമെന്നതിനു ചർച്ചയിൽ ഊന്നൽ നൽകിയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) തൻമയ ലാൽ വിശദീകരിച്ചു. കരാർ ഈ വർഷം തന്നെ ഒപ്പിടാനാണു ശ്രമമെന്നു ഉർസുല വോൺഡെയർ ലെയൻ ഡൽഹിയിൽ സ്വകാര്യ പരിപാടിയിൽ പറഞ്ഞു.എഫ്ടിഎയുമായി ബന്ധപ്പെട്ട മന്ത്രിതല ചർച്ചകൾ തുടരും.മാർച്ച് 10 മുതൽ 14 വരെ ബ്രസൽസിൽ 10–ാം റൗണ്ട് ചർച്ചകൾ നടക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ എഫ്ടിഎ യാഥാർഥ്യമായാൽ ഇന്ത്യ ഭാഗമാകുന്ന ഏറ്റവും വലിയ വ്യാപാര കരാറായി ഇത് മാറും. വാണിജ്യമേഖലയിലെ പ്രതിബന്ധങ്ങൾ ഒഴിവാക്കാനുള്ള കാര്യങ്ങൾ വിശദമായി ചർച്ച നടത്താനും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനിച്ചിട്ടുണ്ട്.
നിക്ഷേപ സംരക്ഷണ ഉടമ്പടിയുമായി ബന്ധപ്പെട്ട വിഷയത്തിലും വിശദമായ ചർച്ചകൾ തുടരും. ഇന്ത്യ–മിഡിൽ ഈസ്റ്റ്– യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായി (ഐഎംഇഇസി) മുന്നോട്ടു പോകാനുള്ള നടപടികളും സ്വീകരിക്കും.
ഇന്തോ–പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ഇരു വിഭാഗവും യോജിക്കുന്നുണ്ട്’ ഉർസുല വോൺഡെയർ ലെയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
സെമി കണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 6ജി, ക്ലീൻ എനർജി, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ(ഡിപിഐ) എന്നീ മേഖലകളിൽ സഹകരണത്തിനു യൂറോപ്യൻ യൂണിയനും ഇന്ത്യയും ചേർന്ന വ്യാപാര–സാങ്കേതിക വിദ്യ കൗൺസിലിന്റെ രണ്ടാമത്തെ മന്ത്രിതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, പീയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു യൂറോപ്യൻ യൂണിയൻ ടെക്നോളജി കമ്മിഷണർ ഹെന്ന വിർകുനെൻ, ട്രേഡ് കമ്മിഷണർ മാർക്കോസ് സെഫ്കോവിക് തുടങ്ങിയവരുമായി ചർച്ച നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.