തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴിഞ്ഞ് അഭിഭാഷകൻ കെ ഉവൈസ് ഖാൻ.
ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു, കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്. ഉവൈസിന്റെ നടപടി കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ചാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.നെടുമങ്ങാട് കോടതിയിലെ ബാർ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ഉവൈസ് ഖാൻ. അഫാനുവേണ്ടി വാദിക്കാൻ അഭിഭാഷകനില്ലാത്തതിനാൽ ജില്ലാ ജഡ്ജി ചെയർമാനായ ലീഗൽ സർവീസ് അതോറിറ്റി നിർദ്ദേശിച്ചതനുസരിച്ചാണ് ഹാജരായതെന്നായിരുന്നു വിശദീകരണം. അഭിഭാഷകരില്ലാത്തവർക്ക് ലീഗൽ സർവീസ് അതോറിറ്റി തന്നെ അഭിഭാഷകരെ നൽകാറുണ്ട്.
അതേസമയം, മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് തെളിവെടുപ്പിന് എത്തിക്കാനിരിക്കെ അഫാൻ കുഴഞ്ഞുവീണു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് പ്രതി കുഴഞ്ഞുവീണത്. കൂടുതൽ ചികിത്സ നൽകുന്നതിനായി അഫാനെ കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആത്മഹത്യാശ്രമമാണോയെന്ന് ആദ്യം സംശയിച്ചിരുന്നു. അഫാൻ രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മർദത്തിലുണ്ടായ വ്യതിയാനം മൂലമാണ് പ്രതി കുഴഞ്ഞുവീണതെന്നാണ് ഡോക്ടർമാർ പറയുന്നത്.
സൽമാ ബീവിയുടെ കൊലപാതക കേസിൽ ഇന്നലെയാണ് പ്രതിയെ പാങ്ങോട് പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ കസ്റ്റഡി അപേക്ഷയെ തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെ നെടുമങ്ങാട് കോടതിയിൽ എത്തിച്ചിരുന്നു.കോടതി നടപടികൾക്കുശേഷം 12 മണിയോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പാങ്ങോട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ രാത്രി വൈകിയും ചോദ്യം ചെയ്‌തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.