കൊല്ലം; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്നു വർഷക്കാലം ഒരുപാടു പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.‘‘കേരളം ഒരിഞ്ച് മുന്നോട്ടു പോകരുത് എന്ന ധാരണയോടെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ നമ്മുടെ നാടിനെ ശ്വാസം മുട്ടിച്ചു. സാമ്പത്തികമായി അങ്ങേയറ്റം ഞെരുക്കി. സംസ്ഥാനത്തിന്റെ വിഭവശേഷിയിൽ ഒരു ഭാഗം കേന്ദ്രം നൽകുന്ന പണമാണ്.മറ്റൊരു ഭാഗം നമ്മൾ എടുക്കുന്ന വായ്പയിൽനിന്നുള്ള പണമാണ്. ഈ രണ്ടു കാര്യത്തിലും കഴിയാവുന്നത്ര തടസ്സങ്ങൾ കേന്ദ്ര സർക്കാർ സൃഷ്ടിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഒരു ന്യായവുമില്ലാതെ വെട്ടിക്കുറയ്ക്കുന്ന രീതി കേന്ദ്ര സർക്കാർ സ്വീകരിച്ചു. എന്നാൽ ആ ഘട്ടത്തിലൊക്കെ നമ്മുടെ നാടിന്റെ ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള തനതു വരുമാനം വർധിച്ചു വന്നു.’’ – മുഖ്യമന്ത്രി പറഞ്ഞു.‘‘മൂന്നു വർഷക്കാലത്തെ അനുഭവം നോക്കിയാൽ, നവകേരളം സൃഷ്ടിക്കാനുള്ള യാത്ര ശരിരായ ദിശയിലാണെന്നാണു പൊതുവായി സമ്മേളനം വിലയിരുത്തിയത്. എന്നാൽ നവകേരള സൃഷ്ടിക്കായുള്ള പുതുവഴികൾ നാം സ്വീകരിക്കണം. കേന്ദ്രത്തിൽനിന്നു സഹായമൊന്നും ലഭിക്കുമെന്നു പ്രതീക്ഷയില്ല. ചൂരൽമല– മുണ്ടക്കൈ ദുരന്തത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്.
നമ്മോടൊപ്പം ദുരന്തം നേരിട്ട മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭിച്ചു, എന്നാൽ നമുക്കു മാത്രം ലഭിച്ചില്ല. ആവശ്യമായ റിപ്പോർട്ടിനു കാത്തിരിക്കുന്നെന്ന് കേന്ദ്രം പറഞ്ഞു. എന്നാൽ ഒരു റിപ്പോർട്ടുമില്ലാതെ മറ്റു സംസ്ഥാനങ്ങൾക്കു സഹായം നൽകുന്നതു കണ്ടു.’’ – മുഖ്യമന്ത്രി ആരോപിച്ചു. ‘‘ഒരു നാടിനോട് എത്ര ക്രൂരമായി പെരുമാറാം എന്നത് കേന്ദ്രം കാണിച്ചു തന്നു. ഒരു കേരള വിരുദ്ധ സമീപനം എന്തുകൊണ്ടു കേന്ദ്രത്തിൽനിന്നു ഉണ്ടാകുന്നു. അത്തരം ഒരു മനോഭാവം ഒരു സർക്കാരിൽനിന്നു ഉണ്ടാകേണ്ടതല്ല.
ഇങ്ങനെ ഒരു മനോഭാവം വരുന്നതു കേന്ദ്രത്തിൽ ഇന്നു ഭരണനേതൃത്വം വഹിക്കുന്ന ബിജെപിയുടെ മനോഭാവമാണ്. കേരളമെന്ന സംസ്ഥാനം ബിജെപിക്ക് അന്യമായി നിൽക്കുന്നു എന്നതുകൊണ്ടാണിത്. കേരളം ബിജെപിയെ വേണ്ട രീതിയിൽ സ്വീകരിക്കുന്നില്ല എന്നതാണ് അവരുടെ പ്രശ്നം.
കേരളത്തെയും കേരളത്തിലെ ജനങ്ങളെയും ശത്രുക്കളായി കണ്ടുകൊണ്ടുള്ള നിലപാടാണു സ്വീകരിച്ചത്. മുണ്ടക്കൈ– ചൂരൽമല വിഷയത്തിൽ കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം യുഡിഎഫ് ഉയർത്തി. എന്നാൽ നാടു നേരിട്ട് പല വിഷയങ്ങളിലും കേന്ദ്രത്തിനെതിരെ ശബ്ദമുയർത്താൻ അവർ തയാറായില്ല.’’– മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.