ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദറിനോട് അനാദരവ് കാണിച്ച ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്. മുന്‍ ഉപമുഖ്യമന്ത്രി അശ്വത് നാരായണ ഉള്‍പ്പെടെ 18 എംഎല്‍എമാരെ ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.
തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് സഭയ്ക്കകത്തും പുറത്തും അരങ്ങേറിയത്. മന്ത്രിമാരുള്‍പ്പെടെ 50 നേതാക്കളെ ഹണി ട്രാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്ന സഹകരണ മന്ത്രി രാജണ്ണയുടെ ആരോപണമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്.
ബിജെപി എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും സ്പീക്കറുടെ പോഡിയത്തിലേക്ക് കയറി പ്രതിഷേധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചില അംഗങ്ങള്‍ സ്പീക്കറുടെ നേരെ കടലാസു കീറി എറിഞ്ഞു.
നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി സ്പീക്കര്‍ക്ക് സുരക്ഷാ കവചമൊരുക്കി. പുറമെ നാലോളം എംഎല്‍എമാരെ മാര്‍ഷല്‍മാര്‍ തോളിലേറ്റി പുറത്താക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതിനിടെ ബിജെപി എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
മന്ത്രിമാരെ ഉള്‍പ്പടെ 50 പേരെ കുടുക്കാന്‍ നോക്കിയെന്ന സഹകരണ മന്ത്രി കെ എന്‍ രാജണ്ണയുടെ ഹണി ട്രാപ് ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ആവശ്യം. താന്‍ ഉള്‍പ്പെടെ 47 ഓളം വരുന്ന രാഷ്ട്രീയക്കാരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് രാജണ്ണ ആരോപിച്ചിരുന്നു. ആരെയും രക്ഷിക്കാനില്ലെന്നും ഉന്നത തല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ സഭയില്‍ മറുപടി നല്‍കിയെങ്കിലും ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം തുടരുകയായിരുന്നു.
സഭ നിര്‍ത്തി വെച്ച് വീണ്ടും തുടങ്ങിയപ്പോഴായിരുന്നു എം എല്‍ എ മാര്‍ക്കെതിരെയുള്ള സസ്പെന്ഷന് നടപടി സ്പീക്കര്‍ സഭയെ അറിയിച്ചത്.വ്യാഴാഴ്ച്ചയാണ് സഹകരണ മന്ത്രി സഭയില്‍ ഹണിട്രാപ്പ് ആരോപണം ഉയര്‍ത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി 48 ഓളം വരുന്ന എംഎല്‍എമാരെ ഹണിട്രാപ്പില്‍ പെടുത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. തുംകുരു ജില്ലയില്‍ വെച്ച് ബിജെപി നേതാവ് അണ്ണപ്പ സ്വാമിയെ ഹണിട്രാപ്പില്‍ കുടുക്കിയതില്‍ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തുവെന്ന റിപ്പോര്‍ട്ടിന് മറുപടി നല്‍കവെയായിരുന്നു രാജണ്ണയുടെ പ്രതികരണം.
'തുംകൂരുവിലെ ഒരു മന്ത്രി ഹണി ട്രാപ്പിന് ഇരയായതായി സംസാരമുണ്ട്. തുംകൂരുവില്‍ നിന്ന് ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ, ഒരാള്‍ ഞാനും രണ്ടാമത്തേത് ആഭ്യന്തരമന്ത്രിയുമാണ്. ഇത് പുതിയ കാര്യമല്ല, ഹണി ട്രാപ്പിന് ഇരയായതായി പറയപ്പെടുന്ന 48 അംഗങ്ങളുണ്ട്. ഇരുവശത്തും അത്തരത്തിലുള്ള ആളുകളുണ്ട്.
ഈ വിഷയം സമഗ്രമായി അന്വേഷിക്കാന്‍ ഞാന്‍ ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. ആവശ്യമെങ്കില്‍, ഞാന്‍ പരാതി നല്കാന് തയ്യാറാണ്. കുറഞ്ഞത് അതിന്റെ 'സംവിധായകന്' ആരാണെന്നും 'നടന്' ആരാണെന്നും നമുക്ക് അറിയണം', എന്നായിരുന്നു രാജണ്ണ സഭയില്‍ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.