ന്യൂഡല്‍ഹി: ഭാര്യയുടെ ഉപദ്രവം ആരോപിച്ച് യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ എല്ലാം തുറന്നുപറഞ്ഞുള്ള ഭാര്യയുടെ വീഡിയോ പുറത്ത്. ദിവസങ്ങള്‍ക്ക് മുന്‍പ് ജീവനൊടുക്കിയ ആഗ്ര സ്വദേശിയും ടി.സി.എസ്. ജീവനക്കാരനുമായ മാനവ് ശര്‍മയുടെ ഭാര്യ നികിത ശര്‍മയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അതേസമയം, ഈ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്നോ എവിടെവെച്ച് ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.താന്‍ ഒരുപാട് തെറ്റ് ചെയ്തെന്നും ഭര്‍ത്താവിനോട് കള്ളം പറഞ്ഞെന്നുമാണ് നികിത ശര്‍മ വീഡിയോയില്‍ പറയുന്നത്.
മറ്റൊരു യുവാവുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നും അമ്മാവന് ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചെന്നും യുവതി വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്. ദാമ്പത്യബന്ധം തകരാതിരിക്കാന്‍ ഇതിനെക്കുറിച്ചൊന്നും ഭര്‍ത്താവിനോട് പറഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു.എന്നാല്‍, അതെല്ലാം തന്റെ കഴിഞ്ഞകാലമാണെന്നും മാനവിനോടൊപ്പം ജീവിതം ആരംഭിച്ചതിന് ശേഷം മറ്റൊരു പുരുഷനെ നോക്കുകപോലും ചെയ്തിട്ടില്ലെന്നും മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും യുവതി പറയുന്നുണ്ട്.
''എനിക്കറിയാം ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. മാനവിനോട് കള്ളംപറഞ്ഞു. ഇതൊന്നും അദ്ദേഹത്തോട് പറഞ്ഞില്ല. പക്ഷേ, അത് ദാമ്പത്യബന്ധം സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഇതിനെല്ലാം ശേഷവും മാനവ് എന്നെ ഒരിക്കലും ഉപദ്രവിക്കുകയോ എനിക്ക് നേരേ കൈ ഉയര്‍ത്തുകയോ ചെയ്തിട്ടില്ല. ഈ തെറ്റുകള്‍ക്ക് പകരമായി അദ്ദേഹം എനിക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് ആഗ്രഹിക്കുന്നുവോ അത് ഞാന്‍ സ്വീകരിക്കും.
കാരണം അഭിഷേകുമായി ശാരീരികബന്ധത്തിലേർപ്പെട്ടകാര്യം പലതവണ അദ്ദേഹം ചോദിച്ചിട്ടും ഞാന്‍ പറഞ്ഞിരുന്നില്ല. ഇപ്പോള്‍ എന്റെ ജീവിതത്തെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും മാനവിനോട് പറഞ്ഞു. എനിക്ക് വളരെയേറെ കുറ്റബോധം തോന്നുന്നു. ഞാന്‍ എന്തിനും തയ്യാറാണ്. ഞങ്ങളുടെ വിവാഹക്കാര്യം സംസാരിക്കുമ്പോള്‍ മാനവിന്റെ അച്ഛന് ഞങ്ങളോട് സ്ത്രീധനമൊന്നും ആവശ്യപ്പെട്ടിരുന്നില്ല.
അവരെല്ലാം നല്ല ആളുകളാണ്. നല്ല മനുഷ്യന് അല്ലാത്തത് ഞാന്‍ മാത്രമാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ചെയ്താല്‍ മറ്റാരും അതിന് ഉത്തരവാദികളല്ല. ഞാന്‍ എന്തുചെയ്താലും അത് എന്റെ ഇഷ്ടപ്രകാരം ആയിരിക്കും. എന്നോട് ക്ഷമിക്കണം മാനവ്. എനിക്ക് തെറ്റുപറ്റി'', നികിത വീഡിയോയില്‍ പറഞ്ഞു.ഫെബ്രുവരി 24-നാണ് ടി.സി.എസ്. ജീവനക്കാരനായ മാനവ് ശര്‍മ ആഗ്രയിലെ വീട്ടില്‍ ജീവനൊടുക്കിയത്. ഭാര്യയില്‍നിന്നുള്ള ഉപദ്രവം കാരണമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് ആത്മഹത്യയ്ക്ക് മുന്‍പായി ചിത്രീകരിച്ച വീഡിയോയില്‍ യുവാവ് പറഞ്ഞിരുന്നത്. പുരുഷന്മാരെക്കുറിച്ചും ചിന്തിക്കണമെന്നും അവര്‍ക്കുവേണ്ടി സംസാരിക്കണമെന്നും മാനവ് ശര്‍മ ഏഴുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറഞ്ഞിരുന്നു.
''ഞാന്‍ എന്റെ അവസ്ഥ പങ്കുവയ്ക്കട്ടെ. മറ്റുപലരെയും പോലെ തന്നെ എന്റെ ഭാര്യയും മറ്റൊരാള്‍ക്കൊപ്പം കിടക്ക പങ്കിട്ടിരുന്നതായി ഞാന്‍ കണ്ടെത്തി. പക്ഷേ, ഞാന്‍ അത് ഗൗനിച്ചില്ല. അത് പോട്ടെ എന്ന് കരുതി. ദയവായി പുരുഷന്മാരെക്കുറിച്ച് ചിന്തിക്കണം. അവരെക്കുറിച്ച് സംസാരിക്കണം. നേരത്തെയും ഞാന്‍ ഒന്നിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്റെ മാതാപിതാക്കളെ തൊടരുത്'', യുവാവ് വീഡിയോയില്‍ പറഞ്ഞു.
അതേസമയം, മാനവ് ശര്‍മയുടെ ആത്മഹത്യയില്‍ പിതാവ് നരേന്ദ്രകുമാര്‍ ശര്‍മ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആഗ്ര പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.