കൊല്ലം: സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികൾ പങ്കെടുക്കും.
രാവിലെ 9 മണിയോടെ മുതിർന്ന നേതാവ് എ കെ ബാലൻ പതാക ഉയർത്തും. തുടർന്ന് പി ബി അംഗവും കേന്ദ്ര കമ്മിറ്റി കോ - ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിക്കും. ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും.സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപം ഉൾപ്പെടെ ആകർഷിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ അടക്കം ചേർന്നാണ് നയരേഖ. പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എ കെ ബാലൻ , ആനാവൂർ നാഗപ്പൻ , പി കെ ശ്രീമതി എന്നിവർ ഒഴിവാകും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും.
വിശദ വിവരങ്ങൾ ഇങ്ങനെ.
3 പതിറ്റാണ്ടിനിപ്പുറം കൊല്ലത്തെത്തിയ സി പി എം സംസ്ഥാന സമ്മേളനം അക്ഷരാർത്ഥത്തിൽ ജില്ലയെ ചുവപ്പിച്ചിരിക്കുകയാണ്. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് ബുധനാഴ്ച വൈകുന്നേരം സ്വാഗത സംഘം ചെയർമാനും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ പതാക ഉയർത്തിയതോടെ സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായിരുന്നു.
ഇന്ന് രാവിലെയാകും പ്രതിനിധി സമ്മേളനത്തിന്‍റെ പതാക ഉയരുക. ശേഷം 9 മണിക്ക് പൊളിറ്റ്‌ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ - ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതോടെ ചൂടേറിയ ചർച്ചകളിലേക്കാകും സി പി എം കടക്കുക. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ സി പി എം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളായിട്ടുള്ളത്.
75 വയസ്സെന്ന പ്രായപരിധി കർശനമായി നടപ്പാക്കാൻ ഉറപ്പിച്ചാണ് സി പി എം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളന നടപടികളിലേക്ക് കടക്കുന്നത്. മുതിർന്ന നേതാക്കളായ എ കെ ബാലൻ, ആനാവൂർ നാഗപ്പൻ, പി കെ ശ്രീമതി തുടങ്ങിയവർ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിയുമെന്ന് ഉറപ്പായിട്ടുണ്ട്.
സമ്മേളന കാലത്ത് 75 തിരയാത്തത് കൊണ്ട് കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിലുണ്ടാകും. കഴിഞ്ഞ പാർട്ടി കോൺഗ്രസ് തന്നെ ഇളവ് നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സമ്മേളനവും ഇളവ് നൽകുമോ എന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സൂചനകളെല്ലാം പിണറായി സംസ്ഥാന കമ്മിറ്റിയിൽ തുടരുമെന്നാണ് വ്യക്തമാക്കുന്നത്.
മന്ത്രി എം ബി രാജേഷ് , കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ എന്നിവര്‍ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായി പരിഗണിക്കപ്പെട്ടേക്കും. കണ്ണൂരിൽ നിന്നുള്ള എം വി ജയരാജനേയും പി ജയരാജനേയും പരിഗണിക്കുമോ അതോ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശി ആകുമോ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുക എന്ന കാര്യത്തിൽ രാഷ്ട്രീയ കൗതുകം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.