ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) പിടികൂടിയത് ഏറെനാളത്തെ നിരീക്ഷണത്തിന് ശേഷം. അടിക്കടിയുള്ള ഗള്‍ഫ് യാത്രകളാണ് നടിയെ ഡി.ആര്.ഐ.യുടെ റഡാറിലാക്കിയത്. ഇതിനുപുറമേ തിങ്കളാഴ്ച ലഭിച്ച രഹസ്യവിവരവും നിര്‍ണായകമായി.
തുടര്‍ന്നാണ് ദുബായില്‍നിന്നെത്തിയ നടിയെ സ്വര്‍ണവുമായി ഡി.ആര്.ഐ. സംഘം കൈയോടെ പിടികൂടിയത്.തിങ്കളാഴ്ച ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് രന്യ റാവു ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലെത്തിയത്.സുരക്ഷാപരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് നടിയെ ഡി.ആര്.ഐ. സംഘം വളഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 14.2 കിലോ സ്വര്‍ണം ഒളിപ്പിച്ചനിലയില്‍ നടിയില്‍നിന്ന് കണ്ടെടുത്തു. ഇതിന് 12.56 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണവുമായി നടിയെ പിടികൂടിയതിന് പിന്നാലെ ബെംഗളൂരു ലാവല്ലെ റോഡിലെ നടിയുടെ വീട്ടിലും ഡി.ആര്.ഐ. സംഘം റെയ്ഡ് നടത്തി. ഇവിടെ ഭര്‍ത്താവിനൊപ്പമാണ് രന്യ റാവു താമസിച്ചിരുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തു. നടിയില്‍നിന്ന് ആകെ 14.8 കിലോ സ്വര്‍ണമാണ് ഡി.ആര്.ഐ. നടത്തിയ പരിശോധനയില്‍ പിടികൂടിയത്.രണ്ടാഴ്ചക്കിടെ നാലുതവണ ദുബായ് യാത്ര...
രണ്ടാഴ്ചക്കിടെ നാലുതവണയാണ് നടി രന്യ റാവു ദുബായ് യാത്ര നടത്തിയത്. എല്ലാതവണയും ഒരേ വസ്ത്രം തന്നെയാണ് നടി ധരിച്ചിരുന്നത്. ഇതെല്ലാം ഡി.ആര്.ഐ. സംഘത്തിന് സംശയത്തിന് കാരണമായി. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച നടി ദുബായില്‍നിന്ന് വരുന്നുണ്ടെന്ന വിവരം കിട്ടിയത്. സ്വര്‍ണം ഒളിപ്പിച്ചുകടത്തുന്നതായുള്ള രഹസ്യവിവരവും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
കര്‍ണാടകയിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാംഭാര്യയുടെ മകളാണ് രന്യ റാവു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് ഐ.പി.എസ്. ഉദ്യോഗസ്ഥന് രണ്ടുപെണ്മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്. ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ ഒരാളാണ് രന്യ റാവു.
2014-ലാണ് രന്യ റാവു കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാണിക്യ എന്ന കന്നഡ ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. അതേസമയം, രന്യ റാവുവുമായി നിലവില്‍ ബന്ധമില്ലെന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പിതാവ് പറഞ്ഞു. വിവാഹശേഷം മകള്‍ തങ്ങളെ കാണാനെത്തിയിട്ടില്ലെന്നും മകളുടെ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.