കേരളത്തിന്റെ തനത് ആചാരാനുഷ്ഠാന കലാരൂപമായ തോൽപ്പാവക്കൂത്ത് രണ്ടായിരത്തിലധികം വർഷങ്ങളുടെ പഴക്കമുള്ള ഒരു ദൃശ്യകലയാണ്. തോൽപ്പാവക്കൂത്ത് പാലക്കാട് ജില്ലയിലാണ് ഉത്ഭവിച്ചത്.
വള്ളുവനാട്ടിലെ ഭഗവതി/ഭദ്രകാളി ക്ഷേത്രങ്ങളിൽ ആചാരപരമായ ദൈവാരാധനയുടെ ഭാഗമായാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. മൃഗങ്ങളുടെ തോലുകൊണ്ട് നിർമ്മിച്ച പാവകൾ ഉപയോഗിച്ചുള്ള കൂത്ത് ആയതിനാലാണ് ഇതിന് തോൽപ്പാവക്കൂത്ത് എന്ന പേര് ലഭിച്ചത്. രാമായണത്തിലെ കഥകളാണ് ഇതിലെ പ്രധാന ഇതിവൃത്തം. നേർത്ത തുകലിൽ നിർമ്മിച്ച പാവകളുടെ നിഴലുകൾ വെളുത്ത സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.
തോൽപ്പാവക്കൂത്തിന്റെ ഉത്ഭവകാലം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് പുരാതനമായ ഒരു കലാരൂപമാണെന്ന് വിശ്വസിക്കപ്പെടുന്നു. 21 ദിവസങ്ങൾ കൊണ്ട് 21 ഭാഗങ്ങളായി അവതരിപ്പിക്കുന്ന ഈ കലാരൂപത്തിൽ ശ്രീരാമന്റെ ജനനം മുതൽ കിരീടധാരണം വരെയുള്ള രാമായണ കഥയാണ് ആവിഷ്കരിക്കുന്നത്. ചിലപ്പോൾ 7, 8, 14 ദിവസങ്ങൾ കൊണ്ട് കഥ ചുരുക്കിയും അവതരിപ്പിക്കാറുണ്ട്. പകുതി ശ്ലോക രൂപത്തിലും പകുതി ഗദ്യ രൂപത്തിലുമുള്ള ഇതിലെ കൃതിയെ 'ആടൽപറ്റ്' എന്നാണ് വിളിക്കുന്നത്. ഇത് തമിഴ് കവിയായ കമ്പർ എഴുതിയ രാമായണമാണെന്ന് പറയപ്പെടുന്നു. 12000 ശ്ലോകങ്ങളിൽ 2100 ശ്ലോകങ്ങളും ഉപകഥകളും മാത്രമാണ് തോൽപ്പാവക്കൂത്തിന് ഉപയോഗിക്കുന്നത്. മലയാളം, തമിഴ്, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകൾ കലർന്ന ഒരു സങ്കര ഭാഷയാണ് ആടൽപറ്റിൽ ഉപയോഗിക്കുന്നത്. കാലാകാലങ്ങളിൽ കലാകാരന്മാർ സന്ദർഭങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സ്വന്തം വാക്യങ്ങളും വിശദീകരണങ്ങളും സംഭാഷണങ്ങളും ഇതിൽ കൂട്ടിച്ചേർക്കാറുണ്ട്. എന്നാൽ ഇവ ഓലകളിൽ എഴുതി സ്ക്രിപ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗുരുവിൽ നിന്ന് ശിഷ്യന്മാരിലേക്ക് വാമൊഴിയായി കൈമാറുന്ന ഈ കലാരൂപത്തിൽ ഓരോ കലാകാരനും തന്റേതായ ശൈലിയിൽ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നൽകുന്നു.
കമ്പ രാമായണത്തിന്റെ സ്വാധീനം ഏകദേശം 350 വർഷങ്ങൾക്ക് മുൻപാണ് തോൽപ്പാവക്കൂത്തിൽ ആരംഭിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. കമ്പർ ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ചില പണ്ഡിതന്മാർ അദ്ദേഹത്തെ ഒൻപതാം നൂറ്റാണ്ടിലും മറ്റു ചിലർ പതിമൂന്നാം നൂറ്റാണ്ടിലുമാണ് പ്രതിഷ്ഠിക്കുന്നത്. എന്നാൽ കമ്പ രാമായണം കേരളത്തിൽ വരുന്നതിന് മുൻപ് തന്നെ ദേവീ ക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് രാമായണ കഥ അവതരിപ്പിച്ചിരുന്നു. അതിനാൽ പാവക്കൂത്ത് പ്രകടനത്തിനായി പ്രത്യേകം എഴുതിയ ഒരു രാമായണം നിലനിന്നിരുന്നുവെന്ന് അനുമാനിക്കാം. കമ്പ രാമായണത്തിന്റെ വരവോടെ അതിൻ്റെ സ്വാധീനം ശക്തമായി എന്ന് മാത്രം. ഒറിജിനലിൽ മാറ്റം വരുത്തുകയും കമ്പ രാമായണത്തിലെ പല വാക്യങ്ങളും അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. കാളീ ക്ഷേത്രങ്ങളിലെ വാർഷിക ഉത്സവ വേളയിലാണ് സാധാരണയായി പാവക്കൂത്ത് നടത്തുന്നത്. തുടക്കം മുതൽ അവസാനം വരെ ദേവി പ്രകടനം കാണുകയും അതിൽ സന്തോഷിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഈ വിശ്വാസം ഒരു ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഐതിഹ്യം
പണ്ട് ദാരികൻ എന്നൊരു അസുരൻ ജീവിച്ചിരുന്നു. ദേവന്മാർക്കും ഋഷികൾക്കും മനുഷ്യർക്കും ദാരികൻ ഒരുപോലെ ഭീഷണിയായിരുന്നു. ഈ അസുരനെ വധിക്കാൻ ശിവൻ തൃക്കണ്ണിലെ അഗ്നിയിൽ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ചു. നീണ്ട പോരാട്ടത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ഭദ്രകാളി ദാരികനുമായുള്ള യുദ്ധത്തിൽ ഏർപ്പെട്ട സമയത്താണ് രാമ-രാവണ യുദ്ധം നടന്നത്. രാവണന്റെ മേൽ രാമൻ നേടിയ വിജയത്തിന് സാക്ഷ്യം വഹിക്കാൻ കഴിയാത്തതിനാൽ ദേവി അസന്തുഷ്ടയായി. അങ്ങനെ രാമായണ കഥ ദേവിയെ കാണിക്കുന്നതിന് നിഴൽ നാടക രൂപമായി അവതരിപ്പിച്ചു എന്നാണ് ഐതീഹ്യം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് കാളി ക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്.
ആദ്യകാലങ്ങളിൽ പാവകൾ നിർമ്മിക്കാൻ മാൻതോലാണ് ഉപയോഗിച്ചിരുന്നത്. മാൻ തോലിന് പവിത്രവും ശുദ്ധവുമായ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ മാൻ തോൽ ലഭിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് കാള, ആട് എന്നീ മൃഗങ്ങളുടെ തോലുകളിലാണ് പാവകൾ നിർമ്മിക്കുന്നത്. വെള്ളവും ചാരവും ഉപയോഗിച്ച് കട്ടിയുള്ള ഒരു പേസ്റ്റ് ആദ്യം തോലിന്റെ രോമമുള്ള ഭാഗത്ത് പുരട്ടി ഒരു ബോർഡിൽ അരിക് വലിച്ച് കുത്തി ഒരാഴ്ചയോളം ഉണക്കാൻ വെക്കും. മുളയോ കുപ്പിച്ചില്ലോ കൊണ്ട് രോമങ്ങൾ കളഞ്ഞ് ചർമ്മം വൃത്തിയാക്കി പാവയുടെ രൂപരേഖ അതിൽ വരയ്ക്കും. പാവകളുടെ കറുത്ത നിഴലാണ് സ്ക്രീനിൽ പതിക്കേണ്ടത് എന്നതിനാൽ മാൻ തോലിന്റെ സ്വാഭാവിക കട്ടി ശ്രദ്ധയോടെ നിലനിർത്തുന്നു. പാവകളുടെ ആകൃതികളും മുഖഭാവവും അലങ്കാരങ്ങളും അവയുടെ നിഴലുകളിൽ കൃത്യമായി തനിപ്പകർപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ചർമ്മം ശ്രദ്ധാപൂർവ്വം മുറിക്കും. നിഴലിനെ ഉയർത്തിക്കാട്ടുന്നതിനായി തോലിൽ ചെറിയ ദ്വാരങ്ങൾ പഞ്ച് ചെയ്യും. തുടർന്ന് വ്യത്യസ്ത രൂപത്തിലും വലുപ്പത്തിലുമുള്ള പാവകൾ ഉളി ഉപയോഗിച്ച് ചെത്തിയെടുക്കും. തുകൽ വാടുന്നത് അല്ലെങ്കിൽ വശങ്ങളിലേക്ക് നീങ്ങുന്നത് തടയുന്നതിനായി ഒരു മുളയുടെ കഷ്ണം പാവയുടെ മധ്യഭാഗത്ത് മുഴുവൻ നീളത്തിൽ ലംബമായി ഉറപ്പിക്കും.
പാവകളെ തിരിച്ചറിയുന്നതിനും അവയെ സജീവമാക്കുന്നതിനും വിവിധ നിറങ്ങൾ നൽകും. ചപ്പങ്ങ മരത്തിന്റെ പുറംതൊലിയും കസവ് മരത്തിന്റെ ഇലകളും വെള്ളത്തിൽ തിളപ്പിച്ചാണ് ചുവപ്പ് നിറം ഉണ്ടാക്കുക. വെളിച്ചെണ്ണ വിളക്കിലെ കരിയും വേപ്പ് മരത്തിന്റെ ഇലകളിൽ നിന്നുള്ള പശയും ഉപയോഗിച്ച് കറുപ്പ് നിറം, നീലി ചെടിയുടെ ഇലകളിൽ നിന്ന് നീല നിറം തുടങ്ങി മരങ്ങളുടെ കാതൽ കാച്ചിക്കുറുക്കിയും നിറങ്ങൾ തയ്യാറാക്കും. കഥയിലെ ഓരോ പ്രധാന കഥാപാത്രങ്ങളുടേയും ഇരിപ്പ്, നടത്തം, പോരാട്ടം എന്നീ മൂന്ന് വ്യത്യസ്ത ഭാവങ്ങൾ പാവകളാൽ പ്രതിനിധീകരിക്കുന്നു. സാധാരണയായി പാവയുടെ ഒരു കൈ മാത്രം ചലിപ്പിക്കാനാകുന്ന രീതിയിൽ ഉറപ്പിക്കും. ചലിക്കുന്ന സന്ധികൾ രണ്ടും മനുഷ്യാവയവങ്ങളിൽ കാണാം. അമ്പും വില്ലും പിടിക്കാനും മുഷ്ടി മത്സരത്തിൽ ഏർപ്പെടാനും പാവയ്ക്ക് രണ്ട് കൈകളും ആവശ്യമായതിനാൽ യുദ്ധം കാണിക്കുന്ന പാവകളെ രണ്ടും കൈകളും ചലിക്കുന്ന രീതിയിലാണ് നിർമ്മാണം. മൃഗങ്ങളെയും പക്ഷികളെയും പ്രതിനിധീകരിക്കുന്ന പാവകൾക്ക് വ്യത്യസ്ത തരം സന്ധികൾ നൽകുന്നു. മരങ്ങൾ, പർവ്വതം, സമുദ്രം തുടങ്ങിയ പ്രകൃതി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത പാവകളുണ്ട്. ഓരോ പ്രധാന കഥാപാത്ര പാവകൾക്കും കൃത്യമായ അളവുകളുണ്ട്. ഉദാഹരണത്തിന് ശ്രീരാമൻ നടക്കാനുള്ള നിലപാടിൽ 79 സെന്റീമീറ്റർ നീളവും 46 സെന്റീമീറ്റർ വീതിയുമുള്ള പാവയാണ്. രാവണന്റെ പാവയ്ക്ക് 80 സെന്റീമീറ്റർ നീളവും 68 സെന്റീമീറ്റർ വീതിയും വേണം. വേണ്ടവിധം സൂക്ഷിച്ചാൽ ഒരു പാവ നൂറ് വർഷത്തോളം ഉപയോഗിക്കാൻ സാധിക്കും. ഏഴ് ദിവസമുള്ള കൂത്തിന് 35 പാവകളും 21 ദിവസത്തെ കൂത്തിന് 180 പാവകളും വേണം.
രംഗം, വെളിച്ചം, സംഗീതം, ശബ്ദ ഇഫക്ടുകൾ
ക്ഷേത്ര പരിസരത്ത് പ്രത്യേകമായി തയ്യാറാക്കിയ കൂത്തുമാടങ്ങളിലാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുക. ക്ഷേത്രത്തിലെ ദേവിയുടെ പ്രതിച്ഛായയെ അഭിമുഖീകരിക്കുന്ന തരത്തിലാണ് കൂത്തുമാടത്തിന്റെ സ്ഥാനം. ഭൂനിരപ്പിൽ നിന്ന് നന്നായി ഉയർത്തുകയും അതിന്റെ മൂന്ന് വശങ്ങൾ പൊതിഞ്ഞ് മേൽക്കൂര നൽകുകയും ചെയ്യുന്നു. കേരളത്തിൽ നൂറിൽപ്പരം ക്ഷേത്രങ്ങളിൽ കൂത്തുമാടങ്ങളുണ്ട്. സ്റ്റേജിന്റെ മുൻവശത്ത് പകുതി വെള്ളയും കറുപ്പുമായ നേർത്ത തുണി കൊണ്ട് വലിച്ചു കെട്ടും. അതിനുള്ള അവകാശം ദേവിയിൽ നിന്ന് മാടപുലവർക്കാണ് ലഭിക്കുക. തുണിയെ 'ആയപ്പുടവ' എന്നും കെട്ടുന്ന ചടങ്ങിനെ 'കൂറകേറ്റുക' എന്നുമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.