സമാനതകളില്ലാത്ത സാമ്പത്തിക പ്രതിന്ധിയിലുടെ കടന്ന് പോകുന്ന രാജ്യമാണ് പാകിസ്താന്‍.
പിടിച്ച് നില്‍ക്കാന്‍ വേണ്ടി രാജ്യാന്തര നാണ്യനിധിയില്‍ (ഐഎംഎഫ്) നിന്ന് 700 കോടി ഡോളർ വായ്പ ലഭിക്കുന്നതിന് വേണ്ടി ഒന്നര ലക്ഷം സർക്കാർ ജോലികള്‍ നിർത്തലാക്കിയത് മാത്രം മതി ഇന്ത്യയുടെ അയല്‍രാജ്യം നേരിട്ടിരിക്കുന്ന പ്രതിസന്ധി മനസ്സിലാക്കാന്‍. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന പാകിസ്താന് ഒരു ലോട്ടറിയെന്ന പോലെയാണ് പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയില്‍ സിന്ധു നദിക്കടിയില്‍ വന്‍ സ്വർണ ശേഖരം കണ്ടെത്തിയെന്ന വാർത്ത ഈ വർഷം ആദ്യത്തോടെ പുറത്ത് വരുന്നത്. ഇപ്പോഴിതാ ഈ സ്വർണം ഖനനം ചെയ്തെടുക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് പാകിസ്താന്‍. സ്വർണ നിക്ഷേപം കണ്ടെത്തിയ ഉടന്‍ തന്നെ ഖനനത്തിനുള്ള മുന്നൊരുക്കങ്ങള്‍ പാക് സർക്കാർ ആരംഭിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നാഷണല്‍ എന്‍ജിനീയറിംഗ് സര്‍വീസസ് പാകിസ്താന്‍ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പഞ്ചാബുമായി ചേർന്നാണ് സ്വർണം കുഴിച്ചെടുക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.അറ്റോക്ക് പ്ലേസര്‍ ഗോള്‍ഡ് പദ്ധതി എന്ന പേരിലാണ് സിന്ധു നദിക്കടിയിലെ സ്വർണം വേർതിരിച്ചെടുക്കുന്ന പദ്ധതിക്ക് പാകിസ്താന്‍ നല്‍കിയിരിക്കുന്ന പേര്. പദ്ധതി രാജ്യത്തെ ഖനന മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്നാണ് നാഷണല്‍ എന്‍ജിനീയറിംഗ് സര്‍വീസസ് മാനേജിങ് ഡയറക്ടർ സർഗാം ഇഷാഖ് ഖാൻ അഭിപ്രായപ്പെട്ടത്. 'അറ്റോക്ക് ജില്ലയിലെ സിന്ധു നദിക്കരയിലുള്ള ഒമ്പത് പ്ലേസർ ഗോള്‍ഡ് ബ്ലോക്കുകള്‍ക്കായി ബിഡ്ഡിംഗ് ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടൻസി സർവീസിനുമാണ് ഇരുകക്ഷികളും കരാറിലേർപ്പെട്ടിരിക്കുന്നത്' സർഗാം ഇഷാഖ് ഖാൻ പറഞ്ഞു. സ്വർണ ഖനന മേഖലയിലെ വെല്ലുവിളികളെ ശരിയായി അഭിസംബോധന ചെയ്യുന്നതിലൂടെയും അവസരങ്ങള്‍ മുതലെടുക്കുന്നതിലൂടെയും ആഗോള ഖനന വ്യവസായത്തിലെ ഒരു പ്രധാന കളിക്കാരനായി മാറാന്‍ പാകിസ്താന് കഴിയുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നദിക്കടിയില്‍ കണ്ടെത്തിയ സ്വർണ ശേഖരത്തിന്റെ ഏകദേശ മൂല്യം ഇന്ത്യന്‍ രൂപയില്‍ 80000 കോടി രൂപയോളം വരുമെന്നാണ് അനുമാനം.ഹിമാലയത്തില്‍ നിന്നും ഉത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകി പാകിസ്താനിലേക്ക് എത്തുന്ന നദിയാണ് സിന്ധു. 1947-ലെ വിഭജനത്തിനുമുമ്പ് പൂർണ്ണമായും ഇന്ത്യയുടെ ഭാഗമായിരുന്ന സിന്ധു നദി ഇന്ത്യക്കും പാകിസ്താനും ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രധാനപ്പെട്ടതാണ്. ദശലക്ഷക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്പ് ടെക്റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടിയില്‍ പർവതങ്ങള്‍ രൂപപ്പെടുകയും ഇതിനെതുടർന്നുണ്ടായ മണ്ണൊലിപ്പിലിലൂടെ സ്വർണ്ണ കണങ്ങള്‍ നദിയിലേക്ക് എത്തുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്തതായി കണക്കാകുന്നു.
കാലക്രമേണ ഈ സ്വർണ കണങ്ങള്‍ വലിയ തോതില്‍ അറ്റോക്ക് മേഖലയിലെ നദീതടത്തില്‍ അടിഞ്ഞുകൂടി. പ്ലേസർ ഗോള്‍ഡ് ഡിപ്പോസിറ്റ് എന്നറിയപ്പെടുന്ന ഈ സ്വാഭാവിക പ്രക്രിയ നദിയുടെ മറ്റ് പല പ്രദേശങ്ങളിലും വലിയ അളവില്‍ സ്വർണ്ണം ശേഖരിക്കപ്പെടുന്നതിന് കാരണമായി. അറ്റോക്ക് ജില്ലയില്‍ മാത്രം 32 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന സ്വർണ്ണം ഉണ്ടെന്നും കണക്കാക്കപ്പെടുന്നു.
നദിയില്‍ സ്വർണ്ണം കണ്ടെത്തിയെന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ മേഖലയില്‍ പഞ്ചാബ് പ്രവിശ്യ സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സ്വർണം തേടി പ്രദേശവാസികള്‍ വലിയ തോതില്‍ നദിയില്‍ സ്വന്തം നിലയ്ക്ക് കുഴിക്കാനും മണല്‍ അരിക്കാനും തുടങ്ങിയതോടെയുമായിരുന്നു സർക്കാർ ഇത്തരമൊരു നീക്കത്തിലേക്ക് പോയത്. മഞ്ഞുകാലത്ത് നദിയില്‍ ജലനിരപ്പ് കുറഞ്ഞ സമയത്തായിരുന്നു ഇത്തരം ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായത്.
വലിയ സ്വർണ്ണശേഖരം കണ്ടെത്തിയെങ്കിലും ഇത് പൂർണ്ണമായി ഖനനം ചെയ്തെടുക്കല്‍ പാകിസ്താനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. കരയിലെ ഖനനത്തേക്കാള്‍ ഇരട്ടിയിലേറെ ചിലവാണ് നദിയിലെ ഖനനത്തിന്.
മൈൻസ് ആൻഡ് മിനറല്‍ ഡിപ്പാർട്ട്‌മെൻ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ നദിക്കടിയിലെ സ്വർണം ഖനനം ചെയ്യുന്നതിലെ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഹായം പാകിസ്താന്‍ നേടിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.