ടെൽ അവീവ്∙ ഗാസയിൽ വ്യാപക വ്യോമാക്രമണം നടത്തി ഇസ്രയേൽ. ജനുവരി 19ന് നിലവിൽവന്ന വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്രയേലിന്റെ നടപടി. വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഗാസയിൽ സംഭവിച്ച ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നു രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 40 പേരിലധികം മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇസ്രയേൽ സൈന്യം നൽകിയിട്ടില്ല. മധ്യ ഗാസയിലെ ദെയ്ർ അൽ-ബലായ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ജനുവരിയിൽ യുഎസിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയ്ക്കു പിന്നാലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. മൂന്ന് ഘട്ടങ്ങളായി വെടിനിർത്തൽ നടപ്പാക്കണമെന്നായിരുന്നു കരാർ. ഇതേ തുടർന്ന് ഇസ്രയേലും ഹമാസും തമ്മില്‍ ആദ്യഘട്ടത്തിൽ ബന്ദികളെ കൈമാറിയിരുന്നു.ഇതിനു പിന്നാലെയാണ് മേഖലയെ അശാന്തമാക്കി വീണ്ടും ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം.അതേസമയം, വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ആറ് ആഴ്ച നീണ്ടുനിന്ന ആദ്യ ഘട്ട വെടിനിർത്തലിനു ശേഷം ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ഘട്ട വെടിനിർത്തൽ കരാറിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനുപിന്നാലെ ഇസ്രയേലും ഹമാസും മധ്യസ്ഥ ചർച്ചകളിൽ ഏർപ്പെട്ടിരുന്നെങ്കിലും ഈ ചർച്ചകൾ ഫലം കണ്ടിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.