മീററ്റ് (യുപി)∙ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി വീപ്പയിലിട്ട് സിമന്റ് നിറച്ചു. സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ മുസ്കാൻ റസ്തോഗി, സുഹൃത്ത് സാഹിൽ ശുക്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ മണാലിയിൽ പോകുകയാണെന്ന് മുസ്കാൻ അയൽവാസികളോടു പറഞ്ഞിരുന്നു. ഈ സമയത്ത് സൗരഭിന്റെ ഫോണിൽനിന്നു കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സന്ദേശങ്ങളും അയച്ചിരുന്നു. പക്ഷേ സൗരഭിനെ ഫോണിൽ കിട്ടാതായതോടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ മാസം 4 മുതൽ നേവി ഉദ്യോഗസ്ഥൻ സൗരഭ് രജ്പുതിനെ കാണാനില്ലെന്നു കണ്ടെത്തി. തുടർന്ന് മുസ്‌കാനെയും സാഹിലിനെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.‘‘ദീർഘനാളത്തെ പ്രണയത്തിനു ശേഷം 2016 ലായിരുന്നു സൗരഭും മുസ്കാനും വിവാഹിതരായത്.കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സൗരഭ് ജോലി രാജിവച്ചു. അതിന്റെ പേരിൽ സൗരഭിന്റെ വീട്ടുകാരുമായി ഉണ്ടായ വഴക്കുകളെത്തുടർന്ന് ദമ്പതിമാർ വാടകവീട്ടിലേക്കു മാറി. അതിനിടെയാണ് തന്റെ സുഹൃത്ത് സാഹിലുമായി മുസ്കാന് അടുപ്പമുണ്ടെന്ന് സൗരഭ് മനസ്സിലാക്കിയത്. അതിന്റെ പേരിൽ വഴക്കുമുണ്ടായി.വിവാഹമോചനം ആവശ്യപ്പെട്ട സൗരഭ്, മകളുടെ ഭാവിയോർത്ത് അതിൽനിന്നു പിന്മാറി. മെർച്ചന്റ് നേവിയിലെ ജോലിക്കു വീണ്ടും ചേർന്ന് 2023 ൽ രാജ്യം വിട്ടു. കഴിഞ്ഞ ഫെബ്രുവരി 28ന് മകളുടെ പിറന്നാളാഘോഷിക്കാൻ അയാൾ നാട്ടിലെത്തി. അപ്പോഴാണ് സൗരഭിനെ കൊലപ്പെടുത്താൻ മുസ്കാനും സാഹിലും തീരുമാനിച്ചത്. മാർച്ച് നാലിനു ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്തു നൽകി സൗരഭിനെ മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലിട്ട് സിമന്റ് നിറച്ചു. അതിനു ശേഷം സാഹിലും മുസ്കാനും മണാലിയിലേക്കു പോയി. സൗരഭിന്റെ ഫോണും കരുതിയിരുന്നു.ആ ഫോണിൽനിന്ന് മറ്റു ബന്ധുക്കൾക്കു സന്ദേശങ്ങളയ്ക്കുകയും സൗരഭിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു.ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. സൗരഭിനെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് മുസ്‌കാനെയും സാഹിലിനെയും ചോദ്യം ചെയ്തപ്പോൾ സൗരഭിനെ കുത്തികൊലപ്പെടുത്തി 15 കഷണങ്ങളാക്കി മൃതദേഹം സിമന്റ് ഡ്രമ്മിൽ ഒളിപ്പിച്ചുവെന്ന് ഇരുവരും മൊഴി നൽകി’’– മീററ്റ് സിറ്റി എസ്പി ആയുഷ് വിക്രം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.