കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളജിലെ ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന ഷാരിഖുമാണ് പിടിയിലായത്. കളമശേരി പോളിടെക്‌നിക്കിലെ പൂർവ വിദ്യാര്‍ഥിയാണ് ആഷിക്.
വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പൂർവ വിദ്യാർഥികളോ ക്യാംപസും ഹോസ്റ്റലും നന്നായി അറിയുന്നവരോ ആണ് കഞ്ചാവ് എത്തിച്ചിരുന്നത് എന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷമാണ് ആഷിക് ഹോസ്റ്റിലേക്കു കഞ്ചാവ് കൊണ്ടുവന്നതെന്നാണ് നിഗമനം. ആഷിക്കിന് എവിടെനിന്നാണ് ഇത് ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൂർവ വിദ്യാർഥിയായ ആഷിക് സെമസ്റ്റര്‍ ഔട്ടായെന്നും ഇതിനു ശേഷവും ഇയാള്‍ ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നുമാണ് വിവരം. ഹോളി ആഘോഷത്തിന്റെ ഭാഗമായി 500 രൂപ മുതലാണ് കഞ്ചാവ് വില്‍പ്പന നടത്തിയതെന്നാണു സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും അന്വേഷണസംഘം പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
അതേസമയം, ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ച റെയ്ഡിന് കാരണമായത് പ്രിൻസിപ്പലിന്റെ നിർണായക ഇടപെടലാണ്.
ക്യാംപസിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാൻ ഇടയുണ്ടെന്നും ഇതിനായി പണപ്പിരിവ് നടക്കുന്നുണ്ടെന്നും കാട്ടി പ്രിൻസിപ്പൽ ഡോ. ഐജു തോമസ് പൊലീസിന് നൽകിയ വിവരമാണ് വ്യാഴാഴ്ച നടന്ന റെയ്ഡിലേക്ക് എത്തിച്ചത്. ലഹരി മരുന്നിനായി പണപ്പിരിവ് നടത്തുന്നതായ നിർണായക വിവരങ്ങളടക്കം പ്രിൻസിപ്പൽ പൊലീസിനെ അറിയിക്കുന്നത്. ‘ഈ സ്ഥാപനത്തിലെ വിദ്യാർഥികൾ 14ാം തിയതി ഉച്ച മുതൽ ഹോളി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മദ്യം, ലഹരി മരുന്ന്, മറ്റു ലഹരി പദാർഥങ്ങളുടെയും അനിയന്ത്രിത ഉപയോഗം അന്നേ ദിവസം ഉണ്ടാകും എന്ന് വിശ്വസനീയ ഉറവിടങ്ങളില്‍നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാർഥികൾ ഈ ആവശ്യത്തിലേക്കായി പണപ്പിരിവ് നടത്തുന്നതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ ക്യാംപസിനുള്ളിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്നും ക്യാംപസിനു പുറത്തും ഹോസ്റ്റൽ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ സമുചിതമായ ഇടപെടൽ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു’, ഇതാണ് പ്രിൻസിപ്പൽ ഡിസിപിക്ക് നൽകിയ കത്തിലെ വിവരങ്ങൾ. കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ ഇതുവരെ 2 കേസുകളാണ് റജിസ്റ്റർ ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്. ആകാശിന്റെ മുറിയില്‍നിന്ന് 1.909 കിലോഗ്രാം കഞ്ചാവും കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ നേതാവുമായ അഭിരാജിന്റേയും ആദിത്യന്റേയും മുറിയില്‍നിന്നു 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവിന്റെ അളവ് ഒരു കിലോഗ്രാമതില്‍ താഴെ ആയതിനാല്‍ അഭിരാജിനേയും ആദിത്യനേയും സ്‌റ്റേഷന്‍ ജാമ്യത്തില്‍വിട്ടയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.