ചെന്നൈ: കേരളത്തിലേക്ക് അടക്കം പ്രധാന റൂട്ടുകളിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ നടപടികൾ ആരംഭിച്ചു. ആർക്കോണം – ജോലാർപേട്ട്, സേലം കോയമ്പത്തൂർ, ചെന്നൈ – ഗുഡൂർ പാതകളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പാളം ബലപ്പെടുത്തുന്ന നടപടി തുടങ്ങി. നിലവിൽ ഈ പാതകളിലെ പരമാവധി വേഗം മണിക്കൂറിൽ 130 കിലോമീറ്ററാണ്.
വേഗം കൂടുന്നതോടെ യാത്രാസമയത്തിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കുറവുണ്ടാകും.തമിഴ്നാട്ടിലെ പ്രധാന റൂട്ടുകളിൽ വേഗംകൂട്ടൽ നടപടി ആരംഭിച്ചിട്ട് ഏതാനും വർഷങ്ങളായി. ട്രാക്ക് മെച്ചപ്പെടുത്തുക, സിഗ്നൽ സംവിധാനങ്ങൾ പരിഷ്കരിക്കുക, പാലങ്ങളുടെ നിർമാണം, വേഗ നിയന്ത്രണങ്ങൾ നീക്കംചെയ്യുക തുടങ്ങി, ഒട്ടേറെ കാര്യങ്ങളടങ്ങിയ സങ്കീർണമായ നടപടിയാണിതെന്ന് അധികൃതർ പറഞ്ഞു.
ഈ നടപടികൾ പൂർത്തിയായ മേഖലകളിൽ ട്രെയിനുകളുടെ വേഗം കൂട്ടാൻ അനുമതി നൽകും.ബലപ്പെടുത്തിയ പാതകളിൽ വന്ദേഭാരത് അടക്കമുള്ള എല്ലാ എക്സ്പ്രസ് ട്രെയിനുകളുടെയും വേഗം കൂടും. വന്ദേഭാരത് പോലുള്ള ട്രെയിനുകൾക്ക് മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടാനാകുമെങ്കിലും പാളത്തിന്റെ ബലക്കുറവും വളവുകളും കാരണം പരമാവധി വേഗമാർജിക്കാൻ സാധിക്കാറില്ല.
നിലവിൽ ഇവയുടെ പരമാവധി വേഗം 110–130 കിലോമീറ്റർ വരെയാണ്. റെയിൽവേ ചട്ടങ്ങൾ പ്രകാരം ‘ഗ്രൂപ്പ് എ’ ഗണത്തിൽപ്പെടുന്ന പാതകളിൽ മാത്രമാണ് 160 കിലോമീറ്റർ വേഗത്തിൽ ഓടാൻ അനുമതി.ചെന്നൈ – ഗുഡൂർ, ആർക്കോണം – ജോലാർപേട്ട്, സേലം – കോയമ്പത്തൂർ പാതകളെ ഗ്രൂപ്പ് എ തലത്തിലേക്ക് ഉയർത്താനുള്ള പ്രവൃത്തികളാണ് ആരംഭിച്ചതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. 3 വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കും.ഭാവിയിൽ കൂടുതൽ സർവീസ് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ കടന്നുപോകുന്ന പാതകളെന്ന നിലയിൽ ആർക്കോണം – ജോലാർപേട്ട്, സേലം – കോയമ്പത്തൂർ, ചെന്നൈ – ഗുഡൂർ മേഖലകളിൽ ട്രെയിനുകളുടെ വേഗം കൂടുന്നത് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ വേഗത്തിലാക്കും. ഭാവിയിൽ വന്ദേഭാരത് പോലുള്ള കൂടുതൽ അതിവേഗ ട്രെയിൻ സർവീസുകൾ നടത്താനും ഇതു സഹായിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.