ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽനിന്നു കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം; ജഡ്ജിയുടെ പേര് 2018ലെ ഷുഗർ മിൽ തട്ടിപ്പ് കേസിലെ എഫ്ഐആറിലും

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്നു കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെത്തിയെന്ന ആരോപണം നേരിടുന്ന ഡൽഹി ഹൈക്കോടതിയിലെ ജഡ്ജി യശ്വന്ത് വർമയുടെ പേര് 2018ലെ ഒരു സിബിഐ എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. ഷുഗർ മിൽ തട്ടിപ്പ് കേസിലെ എഫ്ഐആറിലാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ പേര് ഉൾപ്പെട്ടിരിക്കുന്നത്. സിംഭാവോലി ഷുഗർ മിൽസ് ഡയറക്ടർമാർ, നോൺ – എക്സിക്യൂട്ടീവ് ഡയറക്ടറായ യശ്വന്ത് വർമ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് സിബിഐയുടെ എഫ്ഐആർ.

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (ഒബിസി) ആണ് പരാതിക്കാർ. വ്യാജ വായ്പാ പദ്ധതിയുടെ പേരിൽ‍ ബാങ്കിനെ തട്ടിച്ചു എന്നായിരുന്നു പരാതി. 2012 ജനുവരി മുതൽ മാർച്ച് വരെ ഒബിസിയുടെ ഹാപുർ ശാഖയിൽനിന്ന് 5,762 കർഷകർക്കായി 148.59 കോടി രൂപയാണു വിതരണം ചെയ്തത്. വളവും വിത്തുകളും വാങ്ങാൻ കർഷകരെ സഹായിക്കാനായിരുന്നു ഈ പണം. ഈ പണം കർഷകരുടെ വ്യക്തിഗത അക്കൗണ്ടിൽ എത്തുന്നതിനു മുൻപ് ഒരു എസ്ക്രോ അക്കൗണ്ടിൽ സൂക്ഷിക്കാനായിരുന്നു ധാരണ. സിംഭാവോലി ഷുഗർ മിൽസ് ആണ് ഈ വായ്പയ്ക്ക് ഗ്യാരന്റി നിന്നത്.സിംഭാവോലി ഷുഗർ മിൽസ് വ്യാജ കെവൈസി രേഖകൾ സമർപ്പിച്ചു പണം തട്ടുകയായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ എഫ്ഐആർ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. 2015 മാർച്ചിൽ ഇതു തട്ടിപ്പാണെന്ന് ഒബിസി വ്യക്തമാക്കുകയും ചെയ്തു. ആകെയുള്ള 109.08 കോടിയിൽ 97.85 കോടി നഷ്ടപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. കമ്പനിയുടെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എന്നത് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മരുമകനായ ഗുർപാൽ സിങ് ആയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം നടത്തിയിരുന്നു.

2023ൽ അലഹാബാദ് ഹൈക്കോടതി, കേസിൽ സിബിഐയുടെ പുതിയ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വായ്പ വിതരണം ചെയ്ത ഏഴു ബാങ്കുകളുടെ കാര്യം അന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. അതിൽ ഒബിസി ബാങ്ക് മാത്രമാണു പരാതിയുമായി രംഗത്തുവന്നത്. മറ്റ് ബാങ്കുകളുടെ അധികൃതർ കമ്പനിയുമായി ഒത്തുതീർപ്പിലെത്തിയിരുന്നു. 2024 ഫെബ്രുവരിയിലാണ് സിബിഐ പുതിയ അന്വേഷണം നടത്താൻ തുടങ്ങിയത്. വായ്പാ തിരിച്ചടവു മുടങ്ങിയിട്ടും 2009-2017 വരെ എന്തുകൊണ്ടാണ് സിംഭാവോലി ഷുഗർ മിൽസിന് ബാങ്കുകൾ വായ്പ നൽകിയെന്നായിരുന്നു സിബിഐയുടെ അന്വേഷണം. എന്നാൽ അതേവർഷം മാർച്ചിൽ സുപ്രീം കോടതി അലഹാബാദ് ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്തു.


ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഫയർഫോഴ്സ് സംഘം കെട്ടുകണക്കിനു പണം കണ്ടെത്തിയെന്നു വിവരം വന്നെങ്കിലും ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് ഇതു പിന്നീട് നിഷേധിച്ചു. തീകെടുത്തിയശേഷം സ്ഥലം പൊലീസ് ഏറ്റെടുത്തെന്നാണ് അതുൽ ഗാർഗ് പറഞ്ഞത്. എത്ര രൂപയുണ്ടെന്നതിന് ഔദ്യോഗിക ഭാഷ്യമില്ലെങ്കിലും ജസ്റ്റിസ് വർമയെ അലഹാബാദിലേക്കു മാറ്റുന്നുവെന്ന തരത്തിൽ വാർത്ത വന്നപ്പോൾത്തന്നെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് അവിടത്തെ ഹൈക്കോടതി ബാർ അസോസിയേഷൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ 15 കോടിയോളം രൂപ കണ്ടെത്തിയെന്നാണു പറയുന്നത്.

മാർച്ച് 14നാണ് ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായത്. രാത്രി 11.43ന് അഗ്നിരക്ഷാ സേന എത്തി. തീപിടിച്ച ചാക്കുകൾക്കിടയിൽ കറൻസി നോട്ടുകൾ കിടക്കുന്ന നിലയിലാണു കണ്ടെത്തിയതെന്നാണു വിവരം. നശിച്ച സാധനങ്ങളിൽ കോടതിയുമായി ബന്ധപ്പെട്ട രേഖകളും സ്റ്റേഷനറിയും ഉണ്ടായിരുന്നതായി ജസ്റ്റിസ് വർമയുടെ ജീവനക്കാരൻ അറിയിച്ചു. തീപിടിത്തത്തിൽ ആർക്കും പരുക്കേൽക്കാതിരുന്നതിനാൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ കറൻസി നോട്ടുകൾ കിടക്കുന്നതിന്റെ വിഡിയോ റെക്കോർഡ് ചെയ്ത് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തിരുന്നു. അവർ സർക്കാരിനെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും വിവരം അറിയിച്ചു. സംഭവത്തിൽ ചീഫ് ജസ്റ്റിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !