ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ സമരം സെക്രട്ടേറിയേറ്റില്‍ ഇരുപത്തിമൂന്നാം ദിവസം പിന്നിടുമ്പോള്‍ പരസ്പരം പഴിചാരി കേന്ദ്രവും കേരളവും. കേന്ദ്രവിഹിതം മുഴുവന്‍ നല്‍കിയെന്നും വീഴ്ച മറച്ചുവെക്കാന്‍ കേരളം കള്ളം പറയുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആശ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ടും സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കിക്കൊണ്ടും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024-25 കാലഘട്ടത്തില്‍ കേരളത്തിന് 913.24 കോടി രൂപയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള നീക്കിയിരിപ്പ് എന്നും സംസ്ഥാനത്തിന് ഇക്കാലയളവില്‍ 938.80 കോടി രൂപ നല്കിക്കഴിഞ്ഞുവെന്നും വിശദീകരണത്തിൽ പറയുന്നു. നീക്കിയിരിപ്പിനേക്കാളും കൂടുതല്‍ പണം സംസ്ഥാനത്തിന് നല്‍കിക്കഴിഞ്ഞു എന്നാണ് കേന്ദ്രത്തിന്റെ വാദം.2025 ഫെബ്രുവരി പന്ത്രണ്ടിനാണ് അഞ്ചാമത്തെ ഗഡുവായ 120.45 കോടി രൂപ സംസ്ഥാനത്തിന് നല്‍കിയത് എന്നും വ്യക്തമാക്കുന്നു. 120 കോടി രൂപ നല്‍കിയത് ആശ വര്‍ക്കര്‍മാരുടെ കുടിശ്ശിക തീര്‍ക്കാന്‍ വേണ്ടിയാണ് എന്ന വാദം കൂടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നയിക്കുന്നു. കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതില്‍ കേന്ദ്ര ധന മന്ത്രാലയത്തിന്റെ മാര്‍ഗരേഖകള്‍ സംസ്ഥാനം ലംഘിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരോപിക്കുന്നു.
'പിണറായി വിജയന് സര്‍ക്കാര്‍,' 'സി.പി.എം. നേതൃത്വം നല്കുന്ന സര്‍ക്കാര്‍,' 'പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍' എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലൂടെ രാഷ്ട്രീയ വിമര്‍ശനവും നേരിട്ട് ഉയര്‍ത്തിയിട്ടുണ്ട്.
ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങളെ 'ആയുഷ്മാന്‍' എന്ന ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം കേരളം നേരത്തേ തള്ളിയിരുന്നു. പിന്നീട് കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആയുഷ്മാര്‍ എന്നു ചേര്‍ക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമാവുകയായിരുന്നു.അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാദത്തെ സംസ്ഥാനം പ്രതിരോധിച്ചു. 636 കോടി രൂപയാണ് കേന്ദ്രത്തിന്റെ കുടിശ്ശികയിനത്തില്‍ സംസ്ഥാനത്തിന് ലഭിക്കാനുള്ളതെന്നും അതില്‍ 120 കോടി രൂപ മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും അത് വെറും കുടിശ്ശിക നിവാരണം മാത്രമാണ് എന്നുമാണ് സംസ്ഥാനത്തിന്റെ വിശദീകരണം.
കേന്ദ്രവും കേരളവും തമ്മില്‍ കത്തുകളുടെ ഘോഷയാത്ര നടത്തുകയാണെന്നും തങ്ങളെ ഇതൊന്നും ബാധിക്കുന്നില്ലെന്നും 232 രൂപ ദിവസക്കൂലിക്ക് പണിയെടുക്കാന്‍ ആശ വര്‍ക്കര്‍മാര്‍ ഇനി തയ്യാറല്ലെന്നും ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു. ഓണറേറിയം ആരാണോ തരേണ്ടത് അവര്‍ പരസ്പരധാരണയോടെ വാങ്ങിയെടുത്ത് ആശ വര്‍ക്കര്‍മാര്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടതെന്ന് ആശ വര്‍ക്കര്‍മാരുടെ സമരനേതാവ് എസ്.മിനി പറഞ്ഞു. ദിവസം എഴുനൂറ് രൂപ തങ്ങള്‍ക്ക് കൂലിയായി ആവശ്യമുണ്ടെന്നും മിനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.