ഹരിപ്പാട്: "എടാ.. ചാടല്ലേടാ.. പ്ലീസ്" കുടുംബവഴക്കിനെ തുടർന്ന് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ നിഷാദ് എന്ന പൊലീസുകാരൻ പിന്തിരിപ്പിച്ച് ജീവൻ രക്ഷിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
ആ പൊലീസ്കാരന് നന്ദി പറഞ്ഞുകൊണ്ട് ആ ട്രെയിനിലെ ലോക്കോ പൈലറ്റ് ശ്രീ പ്രദീപ് ചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു;"ഞാൻ ആയിരുന്നു ജനശതാബ്ദിയുടെ ലോക്കോ പൈലറ്റ് , രാവിലെ കാണുന്ന കാഴ്ച ഒരു ചെറുപ്പക്കാരൻ ട്രാക്കിൻ്റെ സൈഡിൽ നിൽക്കുന്നതാണ് , അവൻ ചാടും എന്ന് ഉറപ്പിച്ചു പരമാവധി ഹോൺ അടിച്ചു, runover ഒഴിവാക്കിയതിന് ആ പോലീസ്ക്കാരന് നന്ദി."
പ്രദീപ് ചന്ദ്രന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് കൂടി ശ്രദ്ധേയമാകുന്നു. വർഷങ്ങൾക്ക് മുമ്പ് തനിക്ക് ഉണ്ടായ ഒരു ദുരനുഭവമാണ് പ്രദീപ് പങ്കുവെച്ചത്.
പോസ്റ്റിലെ ചില ഭാഗങ്ങൾ ഇങ്ങനെ;
"ഒരു വല്ലാത്ത ഒരു ജീവിതം തന്നെയാണ് ലോക്കോ പൈലറ്റിന്റേത്. കൃത്യനിഷ്ഠയില്ലാത്ത ജോലി. സമയത്ത് ആഹാരം കഴിക്കാനോ ഉറങ്ങാനോ കഴിയില്ല.അവധി എന്നത് ഒരു സ്വപ്നം മാത്രം.അങ്ങനെ എത്ര വർഷങ്ങൾ കഴിഞ്ഞു.. എത്രയെത്ര അനുഭവങ്ങൾ..
അന്ന് ഒരു തുലാം മാസത്തിൽ.. നേരിയ ചാറ്റൽ മഴയും, തണുപ്പും.. ഒരു വലിയ മഴയ്ക്ക് മുന്നോടിയായുള്ള കാറ്റും.. എത്ര മഴയായാലും , കാറ്റായാലും, ജോലിക്ക് വരാതിരിക്കാൻ പറ്റില്ലല്ലോ..
അന്ന് കൃത്യ സമയത്ത് തന്നെ ട്രെയിൻ സ്റ്റാർട്ട് ചെയ്തു..
ഹോൺ മുഴക്കി പാഞ്ഞ് പോകുമ്പോൾ , വശങ്ങളിൽ ഓടി മാറുന്ന മലകളും , മരങ്ങളും.. യാത്രക്കാരെ പോലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ലല്ലോ..
മുന്നിലെ പാളത്തിലും , സിഗ്നലുകളിലും ആണ് കണ്ണും , മനസ്സും..
ദൂരെ പാളത്തിൽ കൂടി ആരോ നടക്കുന്നുണ്ടല്ലോ...
അടുത്ത് വരുന്തോറും ആണ് അതൊരു സ്ത്രീയും, കൈക്കുഞ്ഞും, കൂടെ മൂന്നോ നാലോ വയസ്സുള്ള ഒരു പെൺക്കുട്ടിയും ആണെന്ന് മനസ്സിലായത്. അവർ പാളത്തിൽ നിന്നും മാറാൻ വേണ്ടി ഹോൺ നീട്ടി അടിച്ചു.
പെൺകുട്ടി , ട്രെയിൻ കണ്ട സന്തോഷത്തിൽ കൈ വീശി തുള്ളി കളിക്കാൻ തുടങ്ങി..ഹോൺ ശബ്ദം കേട്ട് ആ അമ്മ കൈക്കുഞ്ഞിനേയും കൊണ്ട് വശത്തേക്ക് മാറി ഇറങ്ങി നിന്നു...പാളത്തിൽ നിൽക്കുന്ന പെൺക്കുഞ്ഞിനെ ആ അമ്മ ശ്രദ്ധിച്ചില്ല .. ഹോൺ അടിക്കുക അല്ലാതെ വേറെയൊന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായ അവസ്ഥ .. ട്രെയിൻ ആ കുഞ്ഞിനെ തട്ടി.. കുഞ്ഞ് തെറിച്ച് ഛിന്നഭിന്നമായി ആ അമ്മയുടെ മുന്നിൽ വീഴുന്നത് കാണാനാകാതെ കണ്ണുകൾ ഇറുക്കി അടയ്ക്കണം എന്നുണ്ടായിരുന്നു..
വണ്ടി നിർത്തി ആ അമ്മയുടെ അടുത്ത് ചെല്ലുമ്പോൾ ഹൃദയഭേദകമായ കരച്ചിൽ കണ്ട് മനസ്സ് വല്ലാതെ നൊന്തു..
ഒരു ചെറിയ അശ്രദ്ധ ,ആ കുഞ്ഞിന്റെ ജീവൻ കവർന്നു..
ട്രെയിൻ വരുന്നത് കണ്ടപ്പോൾ ആ അമ്മ , ആ കുഞ്ഞിനെ പാളത്തിൽ നിന്നും കൈ പിടിച്ച് മാറ്റിയിരുന്നെങ്കിൽ..."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.