ന്യൂഡൽഹി: സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാരടങ്ങുന്ന സംഘം കലാപബാധിത സംസ്ഥാനമായ മണിപ്പുർ സന്ദർശിക്കും. മാർച്ച് 22 ശനിയാഴ്ചയാണ് സന്ദർശനം. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ സംഘമാണ് മണിപ്പുർ സന്ദർശിക്കുന്നത്.
ജസ്റ്റിസ് ഗവായിക്ക് പുറമെ, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, എം.എം. സുന്ദരേഷ്, എൻ.കെ. സിങ് എന്നിവരാണ് മണിപ്പുർ സന്ദർശിക്കുന്നത്. കലാപബാധിതർക്ക് നിയമസഹായവും, മാനുഷിക സഹായവും ലഭ്യമാക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചയും സംഘം നടത്തും.മണിപ്പുർ സന്ദർശിക്കുന്ന സംഘത്തിലെ നാല് ജഡ്ജിമാർ ഭാവിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരാകുന്നവരാണ്.
ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നതോടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ജസ്റ്റിസ് ബി.ആർ. ഗവായ് ആണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, കെ.വി. വിശ്വനാഥ് എന്നിവരാണ് സംഘത്തിലെ ഭാവിയിൽ ചീഫ് ജസ്റ്റിസുമാരാകുന്ന മറ്റ് അംഗങ്ങൾ. സംഘത്തിലെ അംഗമായ ജസ്റ്റിസ് എൻ.കെ. സിങ് മണിപ്പുർ സ്വദേശിയാണ്. അദ്ദേഹം മണിപ്പുർ ഹൈക്കോടതിയിലെ ജഡ്ജിയും, സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലുമായിരുന്നു.
ജഡ്ജിമാരുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തുമെന്നാണ് സൂചന.
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് വിവിധ കേസുകൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
നേരത്തെ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് വനിതാ ജഡ്ജിമാർ അടങ്ങുന്ന സമിതിക്ക് സുപ്രീം കോടതി നേരത്തെ രൂപം നൽകിയിരുന്നു. ജമ്മു കാശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഗീത മിത്തലിന്റെ നേതൃത്ത്വത്തിലുള്ള സമിതിയിൽ ജസ്റ്റിസ് ശാലിനി ജോഷി, ജസ്റ്റിസ് ആശാ മേനോൻ എന്നിവരായിരുന്നു അംഗങ്ങൾ. ഈ സമിതി നൽകിയ റിപ്പോർട്ട് കോടതി പരിഗണിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.