ന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍.ഇ.പി.) ത്രിഭാഷാ നയത്തിനെതിരായ തമിഴ്നാടിന്റെ നിലപാടില്‍ ലോക്സഭയില്‍ പൊട്ടിത്തെറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ദ്രാവിഡ മുന്നേട്ര കഴകം അപരിഷ്കൃതമാവുകയാണെന്നും സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇതിനെതിരെ ശബ്ദമുയര്‍ത്തി രംഗത്തുവന്നത് പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കി.
'ഡിഎംകെ സത്യസന്ധതയില്ലാത്തവരാണ്. അവര്‍ക്ക് തമിഴ്നാട്ടിലെ വിദ്യാര്‍ഥികളോട് പ്രതിബദ്ധതയില്ല. അവര്‍ തമിഴ്നാട് വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുകയാണ്. ഭാഷാ തടസങ്ങള്‍ സൃഷ്ടിക്കുകയാണ് അവരുടെ ഏക ജോലി. അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. കൊള്ളരുതായ്മയാണിത്. അവര്‍ ജനാധിപത്യവരുദ്ധരാണ്.' ധര്‍മേന്ദ്ര പ്രധാന് ലോക്സഭയില്‍ പറഞ്ഞു.
ത്രിഭാഷാ നയം ഉള്‍പ്പടെ പുതിയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പാക്കാന്‍ തമിഴ്നാട് സമ്മതിച്ചിരുന്നുവെന്നാണ് ധര്‍മേന്ദ്ര പ്രധാന് ഉയര്‍ത്തുന്ന വാദം. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്നതിനായി വൈകാരികമായ ഈ വിഷയം ഉപയോഗിക്കാമെന്ന പ്രതീക്ഷയില്‍ അവര്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നുവെന്ന് മന്ത്രി പറയുന്നു.
അതേസമയം, ധര്‍മേന്ദ്ര പ്രധാന്റെ വിമര്‍ശങ്ങള്‍ക്ക് അതിവേഗം തന്നെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മറുപടിയുമായെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്വയം രാജാവാണെന്ന് കരുതി അഹങ്കാരത്തോടെ സംസാരിക്കുകയാണെന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ സ്റ്റാലിന് പറഞ്ഞു.തമിഴ്നാടിന് ഫണ്ട് നല്‍കാതെ വഞ്ചിക്കുന്ന നിങ്ങളാണോ തമിഴ്നാട് എംപിമാരെ നോക്കി അപരിഷ്കൃതര്‍ എന്ന് വിളിക്കുന്നത്?. നിങ്ങള്‍ തമിഴ്നാട് ജനങ്ങളെ അപമാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് അംഗീകരിക്കുന്നുണ്ടോ?.നിങ്ങളുടെ പദ്ധതി നടപ്പിലാക്കാന്‍ ഞങ്ങള്‍ തയ്യാറല്ല, ആര്‍ക്കും എന്നെ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിക്കാനും കഴിയില്ല. ഞങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്ന് തമിഴ്നാട് വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ട് അനുവദിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് ഉത്തരം പറയൂ! എന്നും സ്റ്റാലിന് പറഞ്ഞു.
അതേസമയം പുതിയ ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പാക്കാന്‍ സന്നദ്ധരായ ഡിഎംകെ പിന്നീട് അതില്‍ നിന്ന് പിന്മാറിയെന്ന ആരോപണം നിഷേധിച്ച് ഡിഎംകെ എംപി ദയാനിധി മാരന് രംഗത്തെത്തി.
ദേശീയ വിദ്യാഭ്യാസ നയമോ ത്രിഭാഷാ നയമോ നടപ്പാക്കാന്‍ ഡിഎംകെ ഒരിക്കലും അനുകൂലിച്ചിട്ടില്ല. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ ഒരു ഭാഷ മാത്രം പഠിക്കുമ്പോള്‍ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കേണ്ട ആവശ്യമില്ലെന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങള്‍ ഹിന്ദിക്ക് എതിരല്ല, വിദ്യാര്‍ഥികള്‍ അത് പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് നിര്‍ബന്ധിതമാക്കാന്‍ പറ്റില്ലെന്നും മാരന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.