മലപ്പുറം: കരിപ്പൂരിലെ വീട്ടിൽ നിന്ന് 1.65 കിലോഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. മുക്കൂട് മുല്ലാൻമടക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് പൊലീസും ഡാൻസാഫ് സ്ക്വാഡും എംഡിഎംഎ പിടിച്ചത്. ലഹരി കേസിൽ രണ്ട് ദിവസം മുമ്പ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തയാളാണ് ആഷിഖ്. തിങ്കളാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത്. പിടികൂടിയ രാസലഹരിക്ക് 50 ലക്ഷത്തോളം രൂപ വിലവരും. മൊത്തവിതരണവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണത്തിലാണ് ഇത്രയധികം രാസലഹരി പിടികൂടാനായത് എന്നാണ് സൂചന.
പ്രതിക്ക് ഒമാനിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പാഴ്സൽ വന്നിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വീട് റെയ്ഡ് ചെയ്താണ് എംഡിഎംഎ പിടിച്ചെടുത്തത്.
കൊച്ചിയില്‍ നിന്ന് ജനുവരിയിൽ എംഡിഎംഎ ഉള്‍പ്പെടെ മയക്കുമരുന്നുകൾ പിടികൂടിയ കേസിലെ ഇടനിലക്കാരനാണ് ഇപ്പോൾ പിടിയിലായ നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ പി.ആഷിഖ് (26). രണ്ട് ദിവസം മുമ്പാണ് ഇയാളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒമാനില്‍ നിന്ന് എംഡിഎംഎ കുറഞ്ഞ നിരക്കില്‍ വാങ്ങി വിമാനമാർഗ്ഗം കള്ളക്കടത്തായി എത്തിച്ചായിരുന്നു ആഷിഖ് ലഹരി സംഘങ്ങള്‍ക്ക് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് പശ്ചിമ കൊച്ചിയില്‍ നടത്തിയ അന്വേഷണത്തിൽ മറ്റു നാലുപേരെ കൂടി മയക്കുമരുന്നുമായി പിടികൂടി. കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഘത്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്ന വൈപ്പിന്‍ സ്വദേശിനിയായ മാഗി ആഷ്ന എന്ന യുവതിയെ ഫെബ്രുവരി ഒന്നിന് വൈപ്പിനില്‍ വെച്ചും സംഘത്തില്‍പ്പെട്ട മട്ടാഞ്ചേരി സ്വദേശിയായ ഇസ്മാഈല്‍ സേഠ് എന്ന യുവാവിനെ ഫെബ്രുവരി അഞ്ചിന് മട്ടാഞ്ചേരിയില്‍ നിന്നും പിടികൂടി. ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നതിന്റെ ഉറവിടം തേടിയുള്ള വിശദ അന്വേഷണത്തിലാണ് ആഷിഖിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് വാടകക്കെടുത്ത് നടത്തുന്ന ആഷിഖ് ഒമാനില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിലും ഫ്ളാസ്‌കുകള്‍ക്കുള്ളിലും അതിവിദഗ്ധമായി ഒളിപ്പിച്ച് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി അധികൃതരുടെ കണ്ണുവെട്ടിച്ചാണ് കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഷിഖ് വീട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ മട്ടാഞ്ചേരി പൊലീസ് കൊണ്ടോട്ടിയിലെത്തി ഡാന്‍സാഫിന്റേയും കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാൾക്ക് വീണ്ടും പാഴ്സൽ എത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരക്കിലോ എംഡിഎംഎ വീട്ടിൽ നിന്ന് പിടികൂടിയത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.